വയലിൻ/വായ്പാട്ട്- ശ്രീല, മൃദംഗം- ശ്രീജ, ഘടം- അനുപമ. ശ്രുതിയും ലയവും താളവും പോലുള്ള ബന്ധം. ഒരുസംസ്ഥാന കലോത്സവം കലാകേരളത്തിന് സമ്മാനിച്ച കണ്ണൂർക്കാരികളാണിവർ. മൂവർസംഘം പുതുതലമുറയ്ക്ക് നൽകുന്നത് ഒരു സന്ദേശമാണ് - ഉത്സവശേഷം മറക്കേണ്ടതല്ല, കല.

പാവാട പ്രായത്തിൽ കലാലോകത്തു നിന്ന് തുന്നിയെടുത്ത സൗഹൃദത്തെ പൊന്നുപോലെ താലോലിക്കുകയാണിവർ. ശ്രീജയും ശ്രീലയും ചേച്ചിയും അനിയത്തിയുമാണ്. അനുപമ ഇവരുടെ കൂട്ടുകാരിയും.

1983-ലെ കലോത്സവത്തിൽ മൃദംഗത്തിൽ ഒന്നാമതായിരുന്നു ശ്രീജ. മൂന്നുവർഷത്തിനുശേഷം മറ്റൊരു ഉത്സവമുറ്റത്ത് വ്യക്തിഗത ചാമ്പ്യൻപട്ടം ശ്രീലയും അനുപമയും പങ്കിട്ടപ്പോൾ സംഗീതസൗഹൃദത്തിന് തുടക്കമാകുന്നു. അത് കലാ തിലകങ്ങൾ ഇല്ലാതിരുന്ന കാലം. ശാസ്ത്രീയ സംഗീതം, വയലിൻ, കഥകളി എന്നിവയിൽ ശ്രീല ഒന്നാമത്. മൃദംഗം, കഥാരചന, ഇംഗ്ലീഷ് പദ്യം ചൊല്ലൽ എന്നിവയിൽ അനുപമയും. ചേച്ചിയെ അനുപമയ്ക്ക് ശ്രീല പരിചയപ്പെടുത്തിയതിന്റെ തുടർക്കഥയാണ് മൂന്നുപതിറ്റാണ്ട് പിന്നിട്ട രാഗബന്ധം. ശ്രീജയുടെയും ശ്രീലയുടെയും മുത്തശ്ശൻ ചിറക്കൽ കെ.അച്യുതൻ ഭാഗവതർ 1934-ൽ തുടങ്ങിയ ശ്രീ സ്വാതി തിരുനാൾ ലളിതകലാലയത്തിൽ കൂട്ടുകാരിക്കൂട്ടായ്മ പിന്നീട് ഉരുത്തിരിഞ്ഞു വരികയായിരുന്നു.

 അങ്ങനെ മൂവരും കലാപഠനം കലോത്സവത്തിനു മുമ്പുള്ളതിലും ഉഷാറാക്കാൻ തീരുമാനിച്ചു. ശ്രീജ മൃദംഗത്തിൽ ഗാനഭൂഷണം നേടി. ശ്രീല മദ്രാസ് ഗവ.കോളേജിൽ നിന്ന് സംഗീത വിദ്വാൻ കോഴ്‌സ് ജയിച്ചു. വയലിനിൽ കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പ്, കേരളത്തിൽ നിന്ന് ഗാന ഭൂഷണം എന്നിവയും നേടി. ശ്രീജയും ശ്രീലയും ഇപ്പോൾ സ്വാതി തിരുനാൾ ലളിതകലാലയത്തിലെ അധ്യാപികമാർ.

അനുപമ കോഴിക്കോട് പ്രോവിഡൻസ് കോളേജിലെ പഠനത്തോടൊപ്പം വാദ്യകലാരംഗവും സജീവമാക്കി നിലനിർത്തി. എം.ബി.എ, ജേണലിസം എന്നിവയിലൂടെ പഠനം മുന്നേറിയപ്പോഴും മൃദംഗം കൈവിട്ടില്ല. കലാമണ്ഡലം രമേശൻ, ചൊവ്വല്ലൂർ പരമേശ്വരൻ നമ്പൂതിരി തുടങ്ങിയവരിലൂടെ മൃദംഗത്തിന്റെ താളക്കണക്കുകളും ഹൃദിസ്ഥമാക്കി. ഇപ്പോൾ കോഴിക്കോട് എസ്.എൻ.ഇ .എസ്.കോളേജിൽ അധ്യാപിക.

കച്ചേരികൾ വരുമ്പോൾ അനുപമയെ 'ശ്രീ സിസ്റ്റേഴ്‌സ്' വിവരം അറിയിക്കും. കൂടുതലും വയലിൻ കച്ചേരികളായിരിക്കും. രണ്ടാം ദസറ എന്നറിയപ്പെടുന്ന കണ്ണൂരിലെ നവരാത്രിക്കാലമാണ് ഈ കൂട്ടുകാരികളെ ഏറെ പ്രശസ്തമാക്കിയത്. ശ്രീല വയലിൻ വായിച്ച് കച്ചേരിയെ നയിക്കും. മൃദംഗവുമായി ശ്രീജ വലത്തും ഘടവുമായി അനുപമ ഇടത്തും ഉണ്ടാകും. ശ്രീല വായ്പാട്ടാണെങ്കിൽ പുറമെ നിന്നൊരാൾ വയലിൻ വായിക്കും.

കണ്ണൂർ സംഗീതസഭയും ഇവരെ ഏറെ പ്രോത്സാഹിപ്പിച്ചു. കല്യാണത്തിനു മുമ്പ് അച്ഛനമ്മമാരും കല്യാണ ശേഷം ഭർത്താക്കൻമാരും നൽകിയ പിന്തുണയാണ് ഈ മൂന്നു കൂട്ടുകാരികളും സ്വന്തം കലാ ജീവിതത്തിന്റെ രസതന്ത്രമായി ചൂണ്ടിക്കാട്ടുന്നത്. മക്കളിലും സംഗീതാഭിരുചി വളർത്തിയെടുക്കാൻ ഈ അമ്മമാർ ശ്രദ്ധിച്ചു. കണ്ണൂരിലെ കലോത്സവം കാണാൻ ചൊവ്വാഴ്ച എത്തിയ മൂവരും ക്ലബ്ബ് എഫ്.എം. സ്റ്റാളിലെത്തി പഴയ ഓർമകളുടെ താളുകൾ മറിക്കാനും സമയംകണ്ടെത്തി. ഇപ്പോഴത്തെ കലോത്സവം കണ്ടിട്ട് എന്തു തോന്നുന്നു എന്ന ചോദ്യത്തിന് അവരുടെ ഉത്തരം ഇങ്ങനെ: - 'ഞങ്ങളുടെ കാലത്തും ഗ്രേസ് മാർക്ക് ഉണ്ടായിരുന്നു. എന്നാൽ അന്ന് ഗ്രേസ് മാർക്കിന് അടിപിടി കൂടുന്ന രക്ഷിതാക്കളില്ലായിരുന്നു.'