അച്ഛനാണ് ഈ മകന്റെ ഗുരു; ദൈവവും. അച്ഛന്റെ കൈപിടിച്ചേ നടന്നിട്ടുള്ളൂ. പകർന്നു നൽകിയ അറിവനുസരിച്ചേ മുന്നോട്ട് പോയിട്ടുള്ളൂ. ഇക്കുറിയും അരങ്ങിൽ എങ്ങനെ കളിക്കണമെന്ന് അച്ഛൻ പറഞ്ഞു. മകൻ ഒന്നാം സ്ഥാനത്തുമെത്തി. കഥകളി എച്ച്എസ്എസ് ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഇരിങ്ങാലക്കുട നാഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി പി.ജി. ഹരികൃഷ്ണന്റെയും അച്ഛൻ കലാനിലയം ഗോപിനാഥന്റെയും കഥ അടുത്തിടെ ബോക്സ് ഓഫീസ് ചരിത്രം സൃഷ്ടിച്ച 'ദംഗൽ' സിനിമയെ ഓർമിപ്പിക്കും.

ഗുസ്തിക്കാരനായിരുന്ന മഹാവീർ സിങ് ഫൊഗാട്ട് മക്കളായ ഗീതയെയും ബബിതയെയും തന്റെ വഴിയേ നടത്തിച്ച് വിജയഗാഥകൾ സൃഷ്ടിച്ചതിനെക്കുറിച്ചാണ്  സിനിമ പറയുന്നത്. കണ്ണൂർ കലോത്സവം പങ്കുവയ്ക്കുന്നതാകട്ടെ, കഥകളിയുടെ മർമമറിയുന്ന ഒരച്ഛന്റെയും ആ തന്ത്രങ്ങളുമായി എതിരാളികളെ അരങ്ങിൽ മലർത്തിയടിച്ച മകന്റെയും വിജയകലാശക്കഥയും. ഹരികൃഷ്ണന്റെ പകർന്നാട്ടം സസൂക്ഷ്മം വീക്ഷിക്കുന്ന ഗോപിനാഥന്റെ കണ്ണുകളിൽ നമുക്ക് ഫൊഗാട്ടിനെ കാണാൻ കഴിയും. ഇത് നാലാം തവണയാണ് ഹരികൃഷ്ണൻ അരങ്ങിൽ വെന്നിക്കൊടി ഉറപ്പിക്കുന്നത്. ഹൈസ്കൂൾ മുതൽ മകനൊപ്പം ഈ അച്ഛനുമുണ്ട്.  ഹരികൃഷ്ണൻ മാത്രമല്ല അനിയൻ രണ്ടാം ക്ലാസുകാരനായ യദുകൃഷ്ണനും അച്ഛന്റെ കൈപിടിച്ചാണ് അരങ്ങിൽ നിന്ന് അരങ്ങുകളിലേക്ക്‌ പോകുന്നത്. സഹോദരന്റെ വിജയചരിത്രമുണ്ട് ആ കുരുന്നിന് മുന്നിൽ.

നർത്തകിയായ അമ്മ കലാമണ്ഡലം പ്രഷീജ അച്ഛനും മക്കൾക്കും തുണയാകുന്നു. സംഗീതവും നൃത്തവുമാണ് ഈ കുടുംബത്തിന്റെ താളം. ഇന്ദ്രസുതനായ അർജുനനും ഇന്ദ്രസുതനായ മാതലിയും തമ്മിലുള്ള സംവാദമാണ് ഹരികൃഷ്ണൻ തിങ്കളാഴ്ച അരങ്ങിലവതരിപ്പിച്ചത്. കാലകേയവധത്തിലെ ഏറ്റവും തീവ്രവും സങ്കീർണവുമായ സന്ദർഭം. മകൻ അർജുനനെ സ്വർഗത്തിലേക്ക്‌ ആനയിക്കാൻ സൂതനായ മാതലിയെ അയയ്ക്കുകയാണ് ഇന്ദ്രൻ. ഹിമാലയത്തിന്റെ താഴ് വരയിൽ വെച്ച് അർജുനനെ കണ്ടുമുട്ടുകയാണ് മാതലി.

സ്വർഗത്തിലേക്ക്‌ ആനയിക്കാൻ തന്നെ വാനോളം പുകഴ്ത്തുന്ന മാതലിക്ക്‌ വില്ലാളിവീരനായ അർജുനൻ നൽകുന്ന മറുപടിയും കാലാതീതമാണ്. 'അമിതപ്രശംസയിൽ അഹങ്കരിക്കുന്നവർ വിഡ്ഢികളാണ്. ഈ പ്രശംസകേട്ട് ലജ്ജതോന്നുന്നു. ഇതിൽ ചഞ്ചലചിത്തനാകുന്നൊരാളല്ല ഞാൻ...'