തായമ്പക
മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ

കേരളത്തിലെ വാദ്യകലാരംഗത്തെ നായകന്മാരിൽ ഒരാളാണ് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ. രാജ്യം പദ്മശ്രീ നൽകി ആദരിച്ച കലാകാരൻ. കേരളത്തിൽ എല്ലായിടത്തും നൂറുകണക്കിന് മേളങ്ങളിൽ പ്രമാണി. 
കലയിൽ ഏറെ പരീക്ഷണങ്ങൾ നടത്തിയ മട്ടന്നൂർ ശ്രുതിമേളം എന്ന കലാരൂപം ചിട്ടപ്പെടുത്തിയിരുന്നു. ഉമയാൾപുരം, ശിവമണി തുടങ്ങിയവർക്കൊപ്പം ജുഗൽബന്ദി അവതരിപ്പിച്ചു. മേളത്തിൽ താളം, ശ്രുതി എന്നിവയുടെ പ്രാധാന്യം അടക്കമുള്ള വിഷയങ്ങളിൽ ആധികാരികമായി സംസാരിക്കുന്നു.

തായമ്പക മത്സരത്തിൽ മാറ്റം വരുത്തണം

തായമ്പക മത്സരം പണ്ട് നടത്തിയിരുന്നത് മുതിർന്ന പക്കവാദ്യക്കാരുടെ അകമ്പടിയിലാണ്. ഇപ്പോൾ അതിൽ മാറ്റം വരുത്തി. കുട്ടികൾ തന്നെ അകമ്പടിക്കാരായി വരണമെന്ന ചട്ടം വെച്ചു. ഇതിൽ പല പ്രശ്നങ്ങളുണ്ട്. അകമ്പടിവാദ്യക്കാരന് മാർക്കില്ല. അങ്ങനെ വരുന്ന കുട്ടിക്ക് പ്രയോജനമില്ലാതെ എന്തിനു സഹായിക്കാൻ വരണമെന്ന ചോദ്യമുയരുന്നു.മാത്രമല്ല അകമ്പടിവാദ്യം കൈകാര്യം ചെയ്യാൻ പഠിപ്പുള്ള കുട്ടികളുണ്ടാകുമോ എന്ന പ്രശ്നം.

അകമ്പടി വേണം
അകമ്പടിവാദ്യം എന്നത് ഉദ്ദേശിക്കുന്നത് താളം നൽകുന്ന ചെണ്ടയാണ്. താളമില്ലാതെ എങ്ങനെയാണ് തായമ്പക അവതരിപ്പിക്കുന്നത്. മത്സരിക്കുന്ന കുട്ടിക്ക് ഒപ്പം മുതിർന്ന ആൾ അകമ്പടിക്കാരനായി വന്നാലും കുഴപ്പമില്ല. കുട്ടിയുടെ പ്രകടനം മാത്രമാണ് നോക്കുന്നത്. താളമില്ലാതെ ഒരു വാദ്യരൂപവും നിലനിൽക്കില്ല. വിധികർത്താവ് താളം പിടിക്കണമെന്ന് പറയുന്നതിൽ കാര്യമില്ല. ഇരുകിട എന്ന ഭാഗത്ത് ഇ എന്ന അക്ഷരം കൊണ്ട് ഉദ്ദേശിക്കുന്നത് താളം തന്നെയാണ്. ചോറു തന്നാൽ നമുക്ക് കൂടെക്കൂട്ടാൻ ഉപ്പെങ്കിലും തരണം. വെറുതെ ചെണ്ടപ്രയോഗം താള അകമ്പടിയില്ലാതെ നടത്തുന്നത് രുചിയില്ലാത്ത ഏർപ്പാടാണ്. ഇത് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.

ആറു ഭാഗങ്ങൾ
തായമ്പകയ്ക്ക് ആറു ഭാഗങ്ങളാണുള്ളത്. ചെമ്പടവട്ടം, കൂറുകൾ, ഒന്ന്, രണ്ട് കാലം, ഇടനില, ഇരികിട എന്നിങ്ങനെയാണ് ഇത് വിഭജിച്ചിരിക്കുന്നത്. 10 മിനിറ്റുകൊണ്ട് ഇത് തീരണമെന്നാണ് സ്കൂൾമേളയിൽ പറയുന്നത്. എന്റെ അനുഭവത്തിൽ മിക്ക കുട്ടികളും മികച്ച കൊട്ടുകാരാണ്. ക്ഷേത്രങ്ങളിലും പള്ളികളിലും ഒക്കെ വാദ്യം കൈകാര്യം ചെയ്യുന്നവർ. ഇവരുടെയെല്ലാം പ്രകടനം മികച്ചതാണ്. അവരെ താളമില്ലാതെ പരീക്ഷിക്കുന്നത് ശരിയല്ല. മത്സരം മറ്റിനങ്ങളിൽ മോശമാകുമ്പോഴും തായമ്പകയിൽ അത് കാര്യമായി ഇല്ലെന്നാണ് തോന്നുന്നത്. വിധികർത്താക്കളും മികച്ചവരാണ്. കലാകാരന്റെ ധർമം മനുഷ്യന്റെ മനസ്സിനെ രമിപ്പിക്കുക എന്നതാണ്. നല്ല കലാകാരൻ വിധികർത്താവായി വരുമ്പോൾ അവർ പോലീസിന്റെ നിഴലിൽ നിൽക്കുക എന്നത് കഷ്ടമാണ്. മോശക്കാരെ ഒഴിവാക്കിയാൽ മതിയാകും. ജനം അംഗീകരിക്കുന്ന കലാകാരൻ പോലീസിന്റെ നിഴലിൽ നിൽക്കേണ്ടവനല്ല. അവൻ രാജ്യത്തിന്റെ സ്വത്താണ്.