രണ്ടു വർഷമായി ശിഷ്യനും മകനും തമ്മിലാണ് മത്സരം. ആദ്യ വിജയം ശിഷ്യന് ഇത്തവണയത് മകനും. കണ്ണൂരിനും കാസർകോടിനും ഒന്നാംസ്ഥാനം സമ്മാനിച്ച കെ.പി. ശശികുമാറിന്റെ മകനും ശിഷ്യരുമാണ് മോണോ ആക്ട് മത്സരവേദിയിൽ നിറഞ്ഞുനിൽക്കുന്നത്. മകനുൾപ്പെടെ പത്ത് ശിഷ്യരാണ് പല വിഭാഗങ്ങളിലായി മത്സരിക്കാനെത്തിയത്.    

ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ശശികുമാറിന്റെ മകൻ എസ്. ദർശനാണ് ഒന്നാം സ്ഥാനം. ഇതേ വിഭാഗത്തിൽ മത്സരിച്ച ശിഷ്യൻ എ. അഭിനന്ദിന്‌ എ ഗ്രേഡും നാലാംസ്ഥാനവും ലഭിച്ചു. ദർശൻ കാസർകോടിനും അഭിനന്ദ് കണ്ണൂരിനും വേണ്ടിയാണ് മത്സരിക്കാനെത്തിയത്. കഴിഞ്ഞവർഷം പട്ടാന്നൂരിലെ കെ.പി.സി.എച്ച്.എസ്.എസിലെ അഭിനന്ദിനായിരുന്നു ഒന്നാംസ്ഥാനം. ദർശന് രണ്ടാംസ്ഥാനവും. നീലേശ്വരം രാജാസ് സ്കൂളിലെ ഒമ്പതാംതരം വിദ്യാർഥിയാണ് ദർശൻ.

മകനും ശിഷ്യൻമാർക്കുമെല്ലാം അവതരിപ്പിക്കാനുള്ള വിഷയം തിരഞ്ഞെടുത്ത് മോണോ ആക്ട് രൂപത്തിലാക്കിയതും പഠിപ്പിച്ചതും ശശികുമാറാണ്. നീലേശ്വരം ചട്ടഞ്ചാൽ എച്ച്.എസ്.എസിലെ ഇംഗ്ലീഷ് അധ്യാപകനാണ്  അദ്ദേഹം. പണം ആളെ കൊല്ലിയാണെന്നു പറഞ്ഞ പാക്കനാരുടെ കാഴ്ചയിലൂടെയാണ് ഒന്നാംസമ്മാനം കിട്ടിയ മോണോആക്ട് തുടങ്ങുന്നത്.

നോട്ട് പിൻവലിച്ചതിനെ ത്തുടർന്ന് ഉപയോഗശൂന്യമായി കുഴികുത്തി മൂടാനൊരുങ്ങുന്നവർ. അവിടെയെത്തുന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന കഥയിലെ ബീഹാറി, ഗോപാൽ യാദവ്. കുഴി മൂടരുത് അതിൽ തന്റെ ഭാര്യയുടെ ശവം അടക്കം ചെയ്യണമെന്നാവശ്യവുമായെത്തുന്ന മാജി... എന്നിങ്ങനെ കഥാപാത്രങ്ങൾ ദർശനിലേക്ക് വന്നുകയറിയിറങ്ങി. കാക്കയായി അഭിനയിച്ചാണ് അഭിനന്ദ് എ ഗ്രേഡ് കൊത്തിയെടുത്തത്. മണികണ്ഠദാസ് ആണ് സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്.