വിദ്യാർഥിമുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ അച്ഛന്റെ മകൻതന്നെയാണ് താനെന്ന് തെളിയിച്ച പ്രകടനമായിരുന്നു മോണോആക്ടിൽ അന്തിക്കാട്ടുകാരനായ നിരഞ്ജൻ കൃഷ്ണയുടേത്. യുവജനനേതാവായി മന്ത്രിക്കസേരയിലെത്തിയ വി.എസ്.സുനിൽകുമാറിന്റെ മകനാണ് നിരഞ്ജൻ.

സാറാ ജോസഫിന്റെ 'രാജ്യദ്രോഹം' എന്ന കഥയെ അടിസ്ഥാനമാക്കിയുള്ള മോണോആക്ടാണ് നിരഞ്ജൻ അവതരിപ്പിച്ചത്. വിദ്യാർഥികൾ കലാലയങ്ങൾക്കുള്ളിൽ നിശ്ശബ്ദരാകുന്നതിന്റെ ഭവിഷത്തുകൾ ചൂണ്ടിക്കാട്ടുന്നതായിരുന്നു ഇതിവൃത്തം. ഭരണകൂടത്തിന്റെ കീഴിലമരുന്ന വിദ്യാർഥിസംഘടനകളെ നിശിതമായി പരിഹസിച്ചു. ജെ.എൻ.യു.വിലെ പ്രശ്നവും രോഹിത് വെമുലയുടെ ജീവത്യാഗവും എൻജിനീയറിങ്‌ കോളേജുകളിലെ ഇടിമുറികളുമെല്ലാം പരാമർശവിഷയമായി.

ഫലം വന്നപ്പോൾ എ ഗ്രേഡുണ്ടായിരുന്നു. അന്തിക്കാട് ഹൈസ്കൂളിലെ പത്താക്ലാസ് വിദ്യാർഥിയായ നിരഞ്ജൻ അപ്പീലിലൂടെയാണ് മത്സരത്തിനെത്തിയത്. വൈശാഖ് അന്തിക്കാടാണ് ഗുരു.