മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ വേദികളിലൊന്നായ പെപ്പർ ഹൗസിൽ തയ്യാറാക്കിയ ചാണകം മെഴുകിയ നിലത്ത് നിക്കോള ദുർവാസുല അരിമാവ് കൊണ്ട് കോലമെഴുതി തുടങ്ങി. 

അവരുടെ ഓരോ വരയ്ക്കും ഈണവും താളവും നൽകി യുവ സംഗീതജ്ഞർ കൂടി ചേർന്നതോടെ മികച്ച ശ്രാവ്യ-ദൃശ്യാനുഭവമായി മാറുകയായിരുന്നു പെപ്പർ ഹൗസ് പരിസരം.

ബ്രിട്ടീഷുകാരിയായ നിക്കോള ദുർവാസുല ബിനാലെ മൂന്നാം ലക്കത്തിലെ ആർട്ടിസ്റ്റ് കൂടിയാണ്. ത്രിഡി ട്രാഫിക് നൊട്ടേഷൻ എന്നാണ് തന്റെ പ്രകടനത്തിന് അവർ നൽകിയ പേര്.

മുമ്പ് കാൻവാസിലും കടലാസിലും ചിത്രരചന നടത്തിയിരുന്നെങ്കിലും ത്രിഡി അടിസ്ഥാനമാക്കിയ ആദ്യ ഉദ്യമമായിരുന്നു ഇതെന്ന് നിക്കോള പറഞ്ഞു. തയ്യാറെടുപ്പില്ലാതെയാണ് ഈ പ്രകടനം നടത്തിയതെന്നും അവർ പറഞ്ഞു. 

ഈയിടെ തമിഴ്‌നാട് സന്ദർശിച്ചതിൽ നിന്നാണ് കോലമെഴുതാനുള്ള ആശയം തനിക്ക് ലഭിച്ചതെന്ന് നിക്കോള പറഞ്ഞു. പെപ്പർ ഹൗസിലെ ഒരു മുറിയിൽ  തറയുടെ ഒരു ഭാഗം ചാണകം മെഴുകി. 

അതിൽ അരിമാവ് കൊണ്ട് വലിയ കുത്തുകൾ ഉണ്ടാകി. അതിനെ യോജിപ്പിച്ചു കൊണ്ടാണ് കോലമെഴുതിയതെന്ന് അവർ പറഞ്ഞു.അരുൺ എസ് കുമാർ (ഡ്രംസ്), അജോയ് ജോസ് (കീ ബോർഡ്), മനു അജയൻ (ബാസ്), ശ്യാം എൻ. പൈ (ഗിത്താർ) എന്നിവരാണ് നിക്കോളയ്ക്ക് സംഗീതത്തിൽ പിന്തുണ നൽകിയത്. 

ഇവരെക്കൂടാതെ പ്രശസ്ത ഓടക്കുഴൽ വിശാരദ മാരിയോൺ കെന്നി കൂടി എത്തിയത് ഏവരെയും അത്ഭുതപ്പെടുത്തി. സംഗീതത്തിൽ മുഴുകിയാണ് പ്രകടനം മുഴുവൻ നടത്തിയതെന്ന് അവർ പറഞ്ഞു. തന്റെ കോലത്തിനനുസരിച്ച് അവരുടെ സംഗീതവും അതിനനുസരിച്ച് തന്റെ കോലമെഴുത്തും ചേർന്നു വന്നതായിരുന്നു ഇതിലെ ഏറ്റവും മനോഹരമായ ഭാഗമെന്നും നിക്കോള പറഞ്ഞു.

ഒരു സമകാലീന കലാപ്രകടനത്തിനിടെ സംഗീതം ചെയ്യുന്നത് ആദ്യമായിട്ടാണെന്ന് യുവസംഗീതജ്ഞർ പറഞ്ഞു. ഇടവേളകളിൽ സംഗീതം നിർത്തുകയും പുനരാരംഭിക്കുകയും വേണമെന്ന നിർദ്ദേശം മാത്രമാണ് തങ്ങൾക്ക് നൽകിയതെന്ന് ഗിത്താറിസ്റ്റ് ശ്യാം എൻ. പൈ പറഞ്ഞു. ബ്രിട്ടനിലെ ജേഴ്‌സിയിലാണ് നിക്കോള ജനിച്ചത്.  

പാരീസിലായിരുന്നു കലാപ്രവർത്തനവും സ്ഥിരതാമസവും.  പിന്നീടാണ് ഹൈദരാബാദിലെ സരോജിനി നായിഡു സർവകലാശാലയിൽ അധ്യാപികയായി ചേർന്നത്. പത്തു വർഷത്തിനു ശേഷം 2002 ൽ ബ്രിട്ടനിലേക്ക്‌ മടങ്ങി. ഫ്രാൻസ്, ബ്രിട്ടൻ, ഇന്ത്യ എന്നിവിടങ്ങളിൽ പരിശീലന കളരികൾ സംഘടിപ്പിച്ചിട്ടുണ്ട്. 

2012ൽ മുംബൈയിലെ മിർചന്ദാനി ആൻഡ്‌ സ്റ്റെയിന്റുക്കെയിൽ സംഘടിപ്പിച്ച ‘ഐ ആം ഹിയർ’, ലണ്ടനിലെ റാക്മാനിനോംഫിലെ ‘ബ്ലെയിം ഇറ്റ് ഓൺ സൺ’, ടാറ്റ ബ്രിട്ടനിലെ വാട്ടർ കളർ എന്നിവ അതിൽ ചിലതാണ്.

പിയാനിസ്റ്റ് ജോൺ ടിൽബറിയുമൊത്ത് 108 ദിവസം നീണ്ടുനിന്ന കലോത്സവം നിക്കോള സംഘടിപ്പിച്ചിട്ടുണ്ട്. കൊച്ചിയെ കേന്ദ്രീകരിച്ചുള്ള സൃഷ്ടികൾ നിക്കോള നടത്തുമ്പോൾ ടിൽബുറി പ്രാദേശിക കലാകാരന്മാരുടെ സഹായത്തോടെ  സംഗീതം നൽകും.

ഈ സൃഷ്ടികളും പെപ്പർ ഹൗസിലെ ബിനാലെ വേദിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.ബിനാലെ മൂന്നാം ലക്കം അവസാനിക്കുന്ന വാരത്തിൽ ടിൽബറിയും നിക്കോളയുമൊത്തുള്ള പ്രകടനം അവതരിപ്പിക്കും.