ഞാനൊരന്ധയാണെന്നറിഞ്ഞ നിമിഷംഅച്ഛനമ്മയെ പിരിഞ്ഞു പോയി നിർഭാഗ്യമെന്നു പറഞ്ഞിടട്ടെ അമ്മ പിന്നെ തനിച്ചായി’

കുറെ നാൾ മുമ്പ് ഉള്ളുനൊന്ത് ഷിഫ്ന മറിയം എഴുതിയ കവിതയിലെ വരികളാണിത്. വിശദീകരണം ആവശ്യമില്ലാത്ത വരികൾ. എന്നാൽ അന്ധയായ ഈ മകൾ ആ അമ്മയ്ക്ക് ഒരു സൗഭാഗ്യമാണ് ഇപ്പോൾ.സംസ്ഥാന കലോത്സവത്തിൽ തുടർച്ചയായി മൂന്നാം വട്ടവും ശബ്ദാനുകരണത്തിൽ രണ്ടാമതെത്തിയപ്പോൾ ഷിഫ്നയുടെ മനസ്സിൽ ആരെയോ തോൽപ്പിച്ച ആഹ്ലാദം.ജനിച്ച് ആഴ്ചകൾക്കുള്ളിൽ കാഴ്ചപോയ കുഞ്ഞുമായിട്ടായിരുന്നു അമ്മ ഷാഹിനയുടെ ജീവിതം.മകളെ പൊന്നുപോലെ വളർത്തിക്കൊണ്ടുവന്നപ്പോഴാണ് വിധി രോഗമായി എത്തിയത്.

മൂത്രം പോകാത്ത അസുഖമായിരുന്നു ഷിഫ്‌നയ്ക്ക്‌. എട്ടിലും ഒൻപതിലും പഠിക്കുമ്പോൾ രോഗം കലശലായിരുന്നെങ്കിലും ഷിഫ്ന കലോത്സവത്തെ കൈവിട്ടില്ല. സ്വയം പഠിച്ച മിമിക്രി അവതരിപ്പിച്ച് സംസ്ഥാനത്ത് രണ്ടാംസ്ഥാനം നേടി. കഴിഞ്ഞകൊല്ലം കൊച്ചി പുനർനവ ആയുർവേദ ആസ്പത്രിയിലെ ചികിത്സയിൽ അസുഖം ഭേദമായി. എന്നാൽ ഇപ്പോഴും മരുന്നുകൾ കഴിക്കേണ്ടിവരുന്നു.ഇക്കുറി മത്സരിച്ചത്, മുമ്പ് തന്നെ ബന്ധിച്ചിരുന്ന പ്ലാസ്റ്റിക്കില്ലാതെയാണ്. ആത്മവിശ്വാസത്തോടെ അവൾ കാണികളെ കൈയിലെടുത്തു. മുപ്പതോളം വ്യത്യസ്ത ശബ്ദങ്ങൾ വേദിയിൽ അലയടിച്ചു.

കലാഭവൻ പ്രദീപ് ലാൽ ഫോണിലൂടെ പറഞ്ഞുകൊടുത്തതുമാത്രമാണ് ഷിഫ്‌നയുടെ പരിശീലന ക്ലാസ്‌. തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഈ മിടുക്കി.