ചിത്രം വരയ്ക്കാൻ കയറ്റിവിട്ട ശേഷം ചിത്രകാരിയായ ആ അമ്മ  കാത്തിരുന്നു. മക്കൾ നന്നായി വരയ്ക്കുമെന്ന് ഉറപ്പുള്ള അമ്മ. ഫലം വന്നപ്പോൾ ഇളയമകന് ഒന്നാം സ്ഥാനവും മൂത്തയാളിന് മൂന്നാംസ്ഥാനവും. രണ്ടുപേരും രണ്ടുവിഭാഗങ്ങളിലാണ് മത്സരിച്ചത്. മൂത്തവന് കുറച്ചുകൂടി മെച്ചപ്പെട്ട സ്ഥാനം കിട്ടുമെന്ന് ഉറപ്പുള്ള ആ അമ്മ  ഹയർ അപ്പീൽ കൊടുപ്പിച്ചു.അങ്ങനെ മകന് രണ്ടാമനായി സ്ഥാനക്കയറ്റവുമായി.

തൃശ്ശൂർ മണ്ണൂത്തി മാടക്കത്തറ തൃപ്രയാറ്റ് തൈക്കൂട്ട് ഹൗസിൽ സന്തോഷ്-ധന്യ ദമ്പതിമാരുടെ മക്കളാണ് കണ്ണൂരിൽ മത്സരിച്ചത്. അമ്മ ധന്യയ്ക്കൊപ്പമാണ് ഇവർ കണ്ണൂരിലെത്തിയത്. മൂത്തമകൻ ശരത് ലക്ഷ്മൺ. തൃശ്ശൂർ വില്ലടം ഗവ. എച്ച്.എസ്.എസ്. പ്ലസ് വൺ വിദ്യാർഥി. പെൻസിൽ ഡ്രോയിങ്ങിൽ രണ്ടാംസ്ഥാനം, ജലച്ചായത്തിൽ എ ഗ്രേഡ്. അനിയൻ ഹേമന്ദ്, തൃശ്ശൂർ തോപ്പ് സെന്റ് തോമസ് എച്ച്.എസ്.എസ്സിലെ ഒൻപതാം ക്ലാസ് വിദ്യാർഥി. എണ്ണച്ചായത്തിൽ ഒന്നാമൻ. ജലച്ചായത്തിൽ എ ഗ്രേഡ്.
തൃശ്ശൂർ ജില്ലയിൽ അപ്പീലിലൂടെ വന്നാണ് ഹേമന്ദ് കണ്ണൂരിൽ എണ്ണച്ചായത്തിൽ ഒന്നാമനായത്.