കണ്ണൂര്‍: കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് ജെറീന ഉര്‍ദു അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങിയത്. അതും ആരും അവളെ പഠിപ്പിച്ചതായിരുന്നില്ല. യൂട്യൂബായിരുന്നു ഗുരു. പത്താം ക്ലാസുവരെ ഹിന്ദി ഉപവിഷയമായി പഠിച്ചതിന്റെ ധൈര്യത്തിലായിരുന്നു പഠനം.

ഇങ്ങനെ കുറച്ച് മാസങ്ങള്‍ മാത്രം ഉര്‍ദു പഠിച്ച് ഒരു കവിതയൊക്കെ എഴുതാന്‍ സാധിക്കുമോ എന്ന സംശയം തോന്നിയേക്കാം. ഒട്ടും സംശയിക്കേണ്ട. കലോത്സവ വേദിയില്‍ പതിനാല് മത്സരാര്‍ഥികളില്‍ ഒരാളായി ജെറീന എലിസബത്തും കവിതയെഴുതി. വെറും കവിതയല്ല ഓര്‍മകള്‍ എന്നര്‍ത്ഥമുള്ള 'യാദ് മേം' എന്ന ഉര്‍ദു കവിത. 

ഇടുക്കി കട്ടപ്പനയിലെ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നാണ് ജെറീന മത്സരിക്കാനെത്തിയത്. സംഘഗാനവും പദ്യം ചൊല്ലലും പഠിപ്പിക്കാനെത്തിയ അധ്യാപകന്‍ ഷാജഹാനാണ് ജെറീനയ്ക്ക് ഉര്‍ദു പഠിക്കാന്‍ പ്രചോദനം നല്‍കിയത്. 

കവിതയുടെ ബാലപാഠം പകര്‍ന്ന് നല്‍കിയതും അദ്ദേഹം തന്നെ. കലോത്സവത്തിനായി നിരവധി കവിതകളെഴുതി പരീശീലനം നടത്തി. പല പുസ്തകങ്ങളും വായിച്ചു. ഒടുവില്‍ മത്സരത്തിനെത്തിയപ്പോള്‍ സ്‌കൂളിലും സബ് ജില്ലയിലും ജില്ലയിലും മത്സരാര്‍ത്തികള്‍ കുറവായിരുന്നു. 

കലോത്സവത്തിനുവേണ്ടി പഠിച്ചു തുടങ്ങിയെങ്കിലും ഇപ്പോല്‍ ഉര്‍ദുവിനോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് ജെറീന പറഞ്ഞു. മകളുടെ ഇഷ്ടത്തിന് കൂടെ നില്‍ക്കുക മാത്രമാണ് ചെയ്തതെന്നും ഇവിടെ മത്സരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പതാവ് ജോജോ ജോസ് പറഞ്ഞു. മാതാവ് ജോളി ജേക്കബ് ജെറീന പഠിക്കുന്ന സ്‌കൂളിലെ അധ്യാപികയാണ്.