ഗ്ലാമര്‍ ഇനങ്ങളായ നൃത്തയിനങ്ങളുടെ പ്രാധാന്യമൊന്നും പലപ്പോഴും ഓഫ് സ്റ്റേജ് മത്സരങ്ങളായ കഥാരചനയ്ക്കും കവിതാ രചനയ്ക്കും ലഭിക്കാറില്ല. കലോത്സവത്തില്‍ നടത്തുന്ന സാഹിത്യ മത്സരങ്ങള്‍ സാഹിത്യത്തിന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്നുണ്ടോ ? ഒരു വ്യക്തിയിലെ സാഹിത്യകാരനെ ഈ മത്സരങ്ങള്‍ എത്രത്തോളം വളര്‍ത്തിയെടുക്കുന്നു?  കലോത്സവത്തിലെ സാഹിത്യ മത്സരങ്ങളെ വിലയിരുത്തുകയാണ് കലോത്സവ നഗരിയിലെത്തിയ എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം. 


ഓഫ് സ്റ്റേജ് മത്സരങ്ങളുടെ ഫലപ്രഖ്യാപനത്തിന് കാലതാമസമെന്ത്‌?

കലോത്സവത്തില്‍ നടക്കുന്ന ഓഫ് സ്റ്റേജ് മത്സരങ്ങള്‍ക്ക്  വലിയ പ്രശ്‌നമുണ്ട്. ഓഫ് സ്റ്റേജ് മത്സരങ്ങള്‍ ആദ്യം നടക്കുന്നതാണ്. പക്ഷേ ഇവയുടെ റിസള്‍ട്ട് വരുന്നത് വൈകിയാണ് പലപ്പോഴും കിരീട നേട്ടത്തിനരികെ രണ്ടു ജില്ലകള്‍ ഇഞ്ചോടിഞ്ച് മത്സരിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും റിസള്‍ട്ട് വരുന്നത്. അതില്‍ ഒരു ശരികേടില്ലേ എന്നാണ് ഞാന്‍ ചോദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പലരോടും ഇക്കാര്യം ഞാന്‍ സംസാരിച്ചിട്ടുണ്ട്. പത്തുപതിനാറ് കഥകള്‍ നോക്കാന്‍ അത്രയും സമയമെടുക്കേണ്ട ആവശ്യമുണ്ടോ? 

സാഹിത്യമത്സരങ്ങള്‍ സാഹിത്യകാരനെ വളര്‍ത്തുമോ

സാഹിത്യ മത്സരങ്ങള്‍ സാഹിത്യകാരന്റെ വളര്‍ച്ചക്ക് വഴി തെളിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ എന്നെ സംബന്ധിച്ച് വലിയ സാഹിത്യമത്സരങ്ങളില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. പങ്കെടുത്തിട്ടുണ്ടെങ്കില്‍ തന്നെ എനിക്ക് സമ്മാനവും കിട്ടിയിട്ടില്ല. അതുകൊണ്ട് ഇത്തരം മത്സരങ്ങള്‍ സാഹിത്യത്തെ  വളര്‍ത്തുമെന്നോ പ്രോത്സാഹിപ്പിക്കുമെന്നോ ചോദിച്ചാല്‍ എനിക്ക് സംശയമാണ്. മാത്രമല്ല സ്‌കൂള്‍ യുവജനോസ്തവത്തില്‍ സമ്മാനം നേടിയ പല കുട്ടികളും  പിന്നീട് സാഹിത്യരംഗത്തേക്ക്  വരാറുമില്ല. 

വിധികര്‍ത്താവ് സാഹിത്യകാരനായിരിക്കണം

santhosh echikkanamസാഹിത്യം എന്ന് പറയുന്നത് ജീവിതത്തിന്റെ വലിയൊരു അനുഭവ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. യുവജനോത്സവങ്ങള്‍ വരുമ്പോള്‍ ബുക്ക് ഷോപ്പില്‍ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. രക്ഷിതാക്കള്‍ വന്ന് സുഭാഷ് ചന്ദ്രന്റെയോ, ഉണ്ണി.ആറിന്റെയോ, മുകുന്ദന്റെയോ, എം.ടിയുടെയോ പുസ്തകം വാങ്ങും. അത് കുട്ടിക്ക് വായിക്കാന്‍ കൊടുക്കും അവന്‍ അത് മാത്രമാണ് വായിക്കുന്നത്.

അത്  വായിക്കുന്ന കുട്ടി അതിലെ ചില ഉദ്ധരണികള്‍ സ്വന്തം കഥയില്‍ പ്രയോഗിക്കും. നന്നായി വായിക്കുന്ന സാഹിത്യാഭിരുചിയുള്ള അല്ലെങ്കില്‍ സാഹിത്യകാരന്‍ തന്നെയായിട്ടുള്ള ഒരാളാണ് വിധി നിര്‍ണയം നടത്തുന്നതെങ്കില്‍ അത് കണ്ടുപിടക്കുക എളുപ്പമാണ്. അത് ഇന്ന പുസ്തകത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്ന്പറയാന്‍ അവര്‍ക്ക് സാധിക്കും. അങ്ങനെയുള്ള വിധികര്‍ത്താക്കള്‍ എത്തുന്നില്ല. പലപ്പോഴും സംഘാടകരുടെ പരിചയത്തിലുള്ള ആരെയെങ്കിലുമൊക്കെയായിരിക്കും വിധിനിര്‍ണയത്തിന് വിളിക്കുന്നത്. 

മാര്‍ക്കിന് വേണ്ടിയാണ് ഇന്ന് മത്സരം

ഇപ്പോള്‍ മാര്‍ക്കിന് വേണ്ടിയുള്ള ഒരു മത്സരമായി ഇതുമാറുകയാണ്. പണ്ട് സമ്മാനത്തിന്‌ വേണ്ടിയുള്ള മത്സരമായിരുന്നു. മാര്‍ക്കിന് വേണ്ടി  രക്ഷിതാക്കള്‍ ആറെണ്ണത്തിനും ഏഴെണ്ണത്തിനും എല്ലാം മക്കളെ പങ്കെടുപ്പിക്കുകയാണ്. അതുകൊണ്ടാണ് ഇത്രയധികം അപ്പീലുകള്‍ വരുന്നത് പോലും. 

സമയപരിധിക്കുള്ളില്‍ സാഹിത്യ സൃഷ്ടി നടത്തുക അസാധ്യം

സാഹിത്യത്തിന്‍ മത്സരത്തിന് നിര്‍ണയിക്കുന്ന സമയപരിധിക്കുള്ളില്‍ നിന്ന് അവര്‍ക്ക് നല്‍കുന്ന വിഷയത്തെ കുറിച്ച് എഴുതാന്‍ പറഞ്ഞാല്‍ സാഹിത്യത്തില്‍ അത് നടക്കുന്ന ഒന്നല്ല, സാഹിത്യം ഒരു മത്സരയിനമായി വരണോ എന്ന കാര്യത്തില്‍ തന്നെ എനിക്ക് സംശയമാണ്. പ്രസംഗത്തിന് പിന്നെയും അത് സാധ്യമാണ്. ഒരു മണിക്കൂറിനുള്ളില്‍ ഒരു  കഥയെഴുതി  കൊടുക്കുക എന്നുള്ളത് ശരിയാണെന്ന് തോന്നുന്നില്ല. കലയുടെ കൂട്ടത്തില്‍ സാഹിത്യം പെടുന്നത് കൊണ്ട്, പിന്നെ ഇത്തരത്തിലുള്ള മത്സരങ്ങള്‍ നടക്കുന്നു. 

കുറ്റകൃത്യമാണോ കലാമത്സരങ്ങള്‍

വിജിലന്‍സ് നിരീക്ഷണത്തിലാക്കാന്‍ കലാമത്സരങ്ങള്‍ എന്താ കുറ്റകൃത്യമാണോ? വിജിലന്‍സിനെ ഇതിനകത്തേക്ക്  കൊണ്ടുവരണ്ട കാര്യമൊന്നുമില്ല. ഉണ്ടെങ്കില്‍ തന്നെ അത് പ്രഖ്യാപിക്കണ്ട കാര്യമില്ല. അതിനോട് എനിക്ക് അഭിപ്രായമില്ല. 

യഥാര്‍ത്ഥ കലാകാരന്റെ വളര്‍ച്ചയല്ല കലോത്സവം 

കലോത്സവം യഥാര്‍ത്ഥ കലാകാരന്റെ വളര്‍ച്ചയാണെന്ന് ഒരിക്കലും പറയാന്‍ പറ്റില്ല. എത്രപേര്‍ പിന്നീട് ഇത് പ്രൊഫഷനായി കൊണ്ടുപോകുന്നുണ്ട്. പലര്‍ക്കും ഇത് സിനിമിലേക്കുള്ള ചവിട്ടുപടിയാവുകയാണ്. എത്രപേര്‍ നൃത്തത്തെ ഉപാസനയായി സ്വന്തം ജീവിതത്തിലേക്ക് കൂട്ടി എന്നാലോചിക്കുമ്പോഴാണ് ഇതിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നത്. മത്സരത്തില്‍  സമ്മാനം കിട്ടാത്തവരായിരിക്കും എന്നും ഇതുമായി മുന്നോട്ട് പോകുന്നത്. അവരാണ് യഥാര്‍ത്ഥ കലോപാസകര്‍.