കണ്ണൂര്‍: നാടകങ്ങളുടെ ഫലങ്ങള്‍ പുറത്തു വരുമ്പോഴെല്ലാം ആഹ്ലാദ തിമര്‍പ്പിലായിരുന്നു തൃശ്ശൂരില്‍ നിന്നെത്തിയ മത്സരാര്‍ഥികള്‍. ഹയര്‍സെക്കന്‍ഡറി തലത്തില്‍ നാടകത്തിന് ഒന്നാംസ്ഥാനവുമായായിരുന്നു വിജയത്തിന്റെ തുടക്കം. പിന്നാലെ ഹൈസ്‌കൂള്‍ തലത്തില്‍ രണ്ടാം സ്ഥാനവും നേടി തൃശ്ശൂര്‍ കരുത്ത് തെളിയിച്ചു.
 

വിജയങ്ങളുടെ ആഘോഷത്തില്‍ പങ്കുചേരാനും കൊച്ചുമിടുക്കന്‍മാരെ അഭിനന്ദിക്കാനും ഓടി നടന്നത് രണ്ട് സഹോദരങ്ങളായിരുന്നു. അവരുടെ സ്വന്തം നിഖിലേട്ടനും നിജിലേട്ടനും. തൃശ്ശൂരിന്റെ നാടകങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് നിഖിലും നിജിലുമായിരുന്നു. 

വിജയനാടകങ്ങള്‍ക്കു പിന്നില്‍ സംവിധായകനും രചയിതാവുമായിട്ടാണ് ഇരുവരും എത്തിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അവതരിപ്പിച്ച 'ഒരിടത്തൊരിടത്ത്' എന്ന നാടകം സംവിധാനം ചെയ്തത് നിഖിലായിരുന്നു. പിന്നണിയില്‍ നിജിലും ജ്യേഷ്ഠന് സഹായത്തിനെത്തി. സാഗര്‍ സത്യനായിരുന്നു രചന നിര്‍വഹിച്ചത്.

Image

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 'പലഹാരപ്പന്തയം' എന്ന നിഖില്‍ രചന നിര്‍വഹിച്ച നാടകം സംവിധാനം ചെയ്തത് നിജിലായിരുന്നു. രണ്ട് നാടകങ്ങള്‍ക്കും മിഥുന്‍ മലയാളമാണ് സംഗീതം നല്‍കിയത്. ഷിനോജ് അശോകനായിരുന്നു കലാസംവിധാനം.

തൃശ്ശൂര്‍ അടാട്ടാണ് നിഖിലിന്റെയും നിജിലിന്റെയും സ്വദേശം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കലോത്സവങ്ങളില്‍ നിരവധി തവണ വിജയനാടകങ്ങളില്‍ അഭിനേതാവായിരുന്നു ഇരുവരും. സംഗീത നാടക അക്കാദമിയുടെ മത്സരങ്ങളിലും വാഴ്സിറ്റി ഡിസോണ്‍ ഇന്റര്‍ സോണ്‍ മത്സരങ്ങളിലും നിരവധി തവണ വിജയം കണ്ട നാടങ്ങളില്‍ മൂത്ത സഹോദരന്‍ നിഖിലിന് നിഖില്‍ അഭിനയിച്ചിട്ടുണ്ട്. 

പതിനഞ്ച് വര്‍ഷത്തോളമായി ഇരുവരും നാടക രംഗത്തുണ്ട്. നാടകമാണ് ജീവിതമെന്നും ഇനിയും നാടകങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്നും നിഖിലും നിജിലും മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.