കണ്ണൂര്‍: ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളോട് സംസ്ഥാന സ്‌കൂള്‍ കലോത്സവ ഭക്ഷണ കമ്മിറ്റി നടത്തിയ അഭ്യര്‍ഥന ഒന്നുകില്‍ ഒരില, അല്ലെങ്കില്‍ ഒരുള്ളി, ഒരു കാരറ്റ്, ഒരു ബീറ്റ്‌റൂട്ട്, ഒരു തേങ്ങ ഇതിലേതെങ്കിലുമൊന്ന് നല്‍കി കലോത്സവ ഭക്ഷണം കെങ്കേമമാക്കണം.

ഓരോ സ്‌കൂളിലെയും നിരവധി വിദ്യാര്‍ഥികള്‍ ഒരു കാരറ്റല്ല, രണ്ടും മൂന്നും കാരറ്റും രണ്ടും മൂന്നും ബീറ്ററൂട്ടുമെല്ലാം എത്തിച്ചു. പ്രചാരണവും വിഭവസമാഹരണവും ഒരേസമയം നടന്നു. പങ്കാളികളായ വിദ്യാര്‍ഥികള്‍ക്കും കുടുംബത്തിനും കലോത്സവവുമായി ആത്മബന്ധവും. അനുവദിച്ച തുക കൊണ്ട് ഭക്ഷണം കൃത്യമായി നല്‍കാനാവില്ലെന്ന് ആവലാതി പറയേണ്ടതില്ലെന്ന ആശ്വാസം ബന്ധപ്പെട്ട കമ്മിറ്റിക്ക്.

എന്നാല്‍ കാരറ്റും ബീറ്റ്‌റൂട്ടും ആവശ്യത്തിലുമധികമായപ്പോള്‍ ഭക്ഷണ കമ്മിറ്റി, പാചകത്തിന്റെ ചുമതലക്കാരനായ പഴയിടം മോഹനന്‍ നമ്പൂതിരിയോട് ചോദിച്ചു, ഇതെങ്ങനെ ഉപയോഗപ്പെടുത്താം? കാരറ്റും ബീറ്റ്‌റൂട്ടും ചേര്‍ത്ത് അസ്സല്‍ പായമുണ്ടാക്കാമെന്ന് മറുപടി.

കലോത്സവ ഭക്ഷണശാലയില്‍ രണ്ടാം ദിവസം ഏറ്റവും പ്രിയങ്കരമായത് ഈ പായസമാണ്. പലരും വിളമ്പുകാരോട് ചോദിച്ചു, ഈ പായസത്തിന്റെ ചേരുവകളെന്തെന്ന്. ആര്‍ക്കുമറിയില്ലായിരുന്നു.

തിങ്കളാഴ്ച ഒമ്പതിനായിരത്തോളം പേരാണ് ഉച്ചഭക്ഷണത്തിനുണ്ടായിരുന്നതെന്നാണ് പഴയിടത്തിന്റെ കണക്ക്. രണ്ടാം ദിവസമായപ്പോള്‍ അത് ഇരുപതിനായിരത്തോടടുത്തു. വിഭവസമൃദ്ധമായ സദ്യയാണ് കലോത്സവത്തിന്റെ ഭാഗമായി രണ്ട് നേരവും.

ഭക്ഷണശാല സ്റ്റേഡിയത്തിലാക്കിയത് വലിയ സൗകര്യമായി. മുഖ്യ വേദിയായ പോലീസ് മൈതാനത്തുനിന്ന് മതില്‍ പൊളിച്ച് വഴിയുണ്ടാക്കിയതിനാല്‍ റോഡിലൂടെ പോകാതെ ഭക്ഷണശാലയിലെത്താം. കളക്ടറേറ്റ് മൈതാനത്തെ മതില്‍ പൊളിച്ച് പോലീസ് മൈതാനത്തേക്ക് വഴിയൊരുക്കിയതും സൗകര്യമായി

ഭക്ഷണശാലയില്‍ ജില്ലയിലെ 15 ഉപജില്ലകളില്‍ നിന്നെത്തുന്ന തൊള്ളായിരത്തോളം അധ്യാപകരാണ് ഓരോ ദിവസവും പ്രവര്‍ത്തിക്കുന്നത്. മത്സരാര്‍ഥികള്‍, ഒഫീഷ്യലുകള്‍, വിധികര്‍ത്താക്കള്‍ എന്നിവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പ്രത്യേകം സ്ഥലസൗകര്യമൊരുക്കിയിട്ടുണ്ട്. രണ്ട് ഭക്ഷണശാലയിലുമായി ഏഴ് വീതം കൗണ്ടറുകളിലായാണ് ഭക്ഷണവിതരണ സംവിധാനമൊരുക്കിയിട്ടുള്ളത്. ഓരോ കൗണ്ടറിലും വിളമ്പുകാരായി മുപ്പത്തഞ്ചോളം അധ്യാപകര്‍.

പഴയിടം മോഹനന്‍ നമ്പൂതിരി കാരറ്റ് -ബീറ്റ്‌റൂട്ട് പായസം തയ്യാറാക്കുന്നു