കലോത്സവ വേദികളില്‍ നിറഞ്ഞാടുന്ന ഓരോ കലാരൂപങ്ങള്‍ക്കും പിന്നില്‍ നിരവധിപേരുടെ പരിശ്രമങ്ങളുണ്ട്. കാണികളുടെ കണ്ണില്‍ പെടാതെ, അണിയറയില്‍ അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കി ഇവര്‍ മടങ്ങുന്നു.

ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തില്‍ കോഴിക്കോട് സാമൂതിരി സ്‌കൂള്‍ അവതരിപ്പിച്ച 'നഗ്‌നനായ തമ്പുരാന്‍' എന്ന നാടത്തിനു പിന്നില്‍ നമ്മളറിയാത്ത ഒരു പ്രതിഭയുടെ കയ്യൊപ്പു കൂടിയുണ്ട്. മുഖദാര്‍ സ്വദേശിയായ 24 കാരി റിന്‍സിയാണ് നാടകത്തിനായി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

പ്രിയദര്‍ശന്‍ കാല്‍വരി ഹില്‍സാണ് എം. മുകുന്ദന്റെ നോവല്‍ സാമൂതിരി സ്‌കൂളിനു വേണ്ടി അരങ്ങിലെത്തിച്ചത്. സാമൂതിരി സ്‌കൂളില്‍ പഠിക്കുന്ന സഹോദരന്‍ വഴിയാണ് റിന്‍സി പ്രിയദര്‍ശന്റെ സഹായത്തിനെത്തുന്നത്. പ്രിയദര്‍ശന്‍ മനസിലെ ദൃശ്യങ്ങല്‍ള്‍ക്ക് റിന്‍സി ചിട്ടയയായി സംഭാഷണം ഒരുക്കുകയായിരുന്നു.

നാടക ജീവിതത്തില്‍ താന്‍ കണ്ട വലിയ പ്രതിഭയാണ് റിന്‍സിയെന്ന് പ്രിയദര്‍ശന്‍ പറയുന്നു. കുറഞ്ഞ പ്രായത്തിനിടയില്‍ ഒരു പ്രൊഫഷണലിനെ പോലെയാണ് റിന്‍സിയുടെ രചനകള്‍- പ്രിയന്‍ കൂട്ടിച്ചേര്‍ത്തു. മുപ്പതിലധികം നാടകങ്ങളാണ് ഈ കുറഞ്ഞ പ്രായത്തിനിടെ റിന്‍സി അരങ്ങിലെത്തിച്ചത്. നാടകത്തിന്റെ സര്‍വമേഖലകളിലും തനതായ ശൈലിയില്‍ റിന്‍സി കൈയ്യൊപ്പ് ചാര്‍ത്തി. 

ഇരുപതിലധികം നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്യുകയും അതില്‍ അഭിനയിക്കുകയും ചെയ്തു. ഇതിനു പുറമെ നൃത്തവും ക്ലേ മോഡലിങ്ങും റിന്‍സിക്ക് ഒരുപോലെ വഴങ്ങുന്ന മേഖലകളാണ്. കോഴിക്കോട് മിഠായിത്തെരുവിലും മാനാഞ്ചിറ മൈതാനത്തുമായി നിരവധി തെരുവ് നാടകങ്ങള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു നാടകജീവിതത്തിന്റെ തുടക്കം.

rincy 2

നാടകരചനയ്ക്കൊപ്പം 'ചിതല്‍' എന്നപേരില്‍ ഒരു ചെറുകഥാ സമാഹാരം റിന്‍സി പുറത്തിറക്കി.  ഒലീവ് പബ്ലിക്കേഷനാണ് പ്രസാധകര്‍. 'പസ്‌കി ' എന്ന തൂലികാ നാമത്തിലാണ് റിന്‍സിയുടെ എഴുത്തുകള്‍. എക്കോ ഫെമിനിസ്റ്റ് ആശയങ്ങളാണ് റിന്‍സിയുടെ നാടക, കഥാ രചനകളില്‍ കൂടുതലും വിഷയീഭവിക്കുന്നത്.

മലയാള സര്‍വകലാശാലയില്‍ നിന്ന് പരിസ്ഥിതിപഠനത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. കുളം താണ്ടി കടലും കടന്ന് നാടകമാണ് അവസാനമായി എഴുതി സംവിധാനം ചെയ്ത നാടകം. ചില്ലുമാളികയിലല്ല മണ്ണിലാണ് യഥാര്‍ഥ തമ്പുരാന്‍ പിറക്കുന്നതെന്ന സന്ദേശമുയര്‍ത്തിയ 'നഗ്‌നനായ തമ്പുരാന്‍' ജില്ലാ തലത്തില്‍ മികച്ചനാടകമായാണ് കണ്ണൂരിലെത്തിയത്. കുട്ടികള്‍ നന്നായി അവതരിപ്പിച്ചുവെന്നും ഏറെ പ്രതീക്ഷയുണ്ടെന്നും റിന്‍സി മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു.