കണ്ണൂര്‍: കലോത്സവ വേദിയിലെത്തുന്ന എല്ലാ കണ്ണുകളും ഒരു മുഖത്തെത്തുമ്പോള്‍ ഒന്നുടക്കി നില്‍ക്കും. പിന്നെ പറയും: മൊഞ്ചത്തി. കലോത്സവത്തിനെത്തുന്ന കണ്ണുകളെ കവരുന്നവരാണ് ഒപ്പനയിലെ മണവാട്ടിമാര്‍. ക്യാമറയുടേതായാലും ആളുകളുടേതേയാലും. 
 pic1
പക്ഷേ ബ്രോസ്, കലോത്സവത്തിന് മൊഞ്ചത്തികള്‍ മാത്രമല്ല മൊഞ്ചന്മാരും എത്താറുണ്ട്. കലോത്സവനഗരിയിലെ ഇന്നത്തെ താരങ്ങള്‍ മണവാളന്‍സ് ആയിരുന്നു. മണവാട്ടിമാരുടെ അത്ര ഒരുക്കം വേണ്ടെങ്കിലും മണവാളന്മാരും ഒട്ടും മോശമില്ല. പള പളാ മിന്നുന്ന കുപ്പായവും തൊപ്പിയുമിട്ട് കണ്ണില്‍ സുറുമയും ദേഹത്ത് അത്തറും പൂശി മാലയുമിട്ടാണ് അവരെത്തിയത്. 

pic2

മണവാട്ടിയുടെ അത്ര നാണമൊന്നും ഇല്ലെങ്കിലും തൂവെള്ളക്കുപ്പായവും തലേക്കെട്ടുമായി കൈത്താളമിട്ട് പാടുന്ന കൂട്ടുകാര്‍ക്കിടയില്‍ നിറഞ്ഞ ചിരിയോടെ ഇരുന്ന സുന്ദര മണവാളന്മാരെ കാണാന്‍ വട്ടപ്പാട്ട് മത്സരം നടക്കുന്ന ജവഹര്‍ സ്റ്റേഡിയത്തില്‍ വന്‍തിരക്കായിരുന്നു. ഇടയ്ക്ക് ഫോട്ടോയെടുക്കാന്‍ ചെന്നപ്പോള്‍ ചില മണവാളന്മാര്‍ക്ക് പരിഭവം. 'പത്രക്കാര്‍ക്ക് മണവാട്ടികളുടെ പടം മാത്രം മതി. ഞങ്ങള്‍ മണവാളന്മാരും സൂപ്പറാണ് ബ്രോ.' 

pic3

വട്ടപ്പാട്ട് എന്ന പേരില്‍ അറിയപ്പെടുന്ന ആണ്‍കുട്ടികളുടെ ഒപ്പന ഇന്നാകെ കാണാന്‍ കഴിയുന്നത് കലോത്സവ വേദിയില്‍ മാത്രമാണ്. പഴയകാലത്ത് മലബാര്‍ വിവാഹങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു ചടങ്ങായിരുന്നു വട്ടപ്പാട്ട്. പരമ്പരാഗത രീതിയില്‍ വട്ടപ്പാട്ട് കളിക്കണമെങ്കില്‍ ചുരുങ്ങിയത് ഒരുമണിക്കൂറെങ്കിലും സമയം വേണം എന്നാണ് പറയുന്നത്. തമിഴ്നാട്ടിലെ മുസ്ലീങ്ങള്‍ക്കിടയില്‍ നിന്നാണ് ഈ കലാരൂപം കേരളത്തിലേക്കെത്തിയതെന്ന് മാപ്പിള കലാകാരനായ മുഹമ്മദ് അനീസ് പറയുന്നു.