കണ്ണൂര്‍: അതുല്യ സംസ്‌കൃതം അരക്കിക്കുടിച്ചവള്‍. ഫഹിമിത ഉര്‍ദുവിനെ ഗസലു പോലെ ഉരുവിടുന്നവള്‍. രണ്ടുപേരും തങ്ങളുടേതല്ലാത്ത മാതൃഭാഷയില്‍ വിജയക്കൊടി നാട്ടിയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍നിന്നു മടങ്ങുന്നത്. അതുല്യയ്ക്ക് സംസ്‌കൃതം കഥാരചനയില്‍ ഒന്നാം സ്ഥാനം ലഭിച്ചപ്പോള്‍ ഫഹിമിതയ്ക്ക് കിട്ടിയത് ഉര്‍ദു കവിതാ രചനയില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും. 

മൂന്നുവര്‍ഷമായി ഒരേ ക്ലാസില്‍ പഠിക്കുന്ന ഇരുവരും ഒരുമിച്ചെത്തിയാണ് വിജയം കൊയ്തത്. കണ്ണൂര്‍ ചൊവ്വ എച്ച്.എസ്.എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥികളാണ്  ഇരുവരും 

പത്താം ക്ലാസ് മുതല്‍ ഒരേ ക്ലാസിലാണ് ഇരുവരും പഠിക്കുന്നത്. അന്നു മുതല്‍ അടുത്ത കൂട്ടികാരികളായി. അതുകൊണ്ടു തന്നെ അധ്യാപകരോ രക്ഷിതാക്കളോ കൂട്ടിനില്ലാതെയാണ് ഇരുവരും മത്സരത്തിനെത്തിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി അതുല്യ സംസ്‌കൃതവും ഫഹിമിത ഉര്‍ദുവും പഠിക്കുന്നില്ല. ഹിന്ദിയാണ് ഇരുവരും ഉപവിഷയമായി തിരഞ്ഞെടുത്തത്. കശ്മീരില്‍ നിന്നടക്കമുള്ള വിദ്യാര്‍ഥികളെയായിരുന്നു മത്സരത്തിനു മുമ്പ് ഫഹിമിതയ്ക്ക ഭയം.

പേടിച്ച പോലെ ഒന്നാം സ്ഥാനം ബിഹാറില്‍ിന്ന് കോഴിക്കോട്ട് പഠിക്കാനെത്തിയ  നിന്നെത്തിയ മുഹമ്മദ് റിസ്‌വാന്‍ കൊണ്ടു പോയെങ്കിലും ഉര്‍ദു പ്രധാന വിഷയമായി പഠിക്കുന്നവരോട് മത്സരിച്ച് രണ്ടാം സ്ഥാനം നേടിയതിന്റെ സന്തോഷത്തിലാണ് ഫഹിമിത.

കണ്ണൂര്‍ പള്ളിപ്പുറം സ്വദേശിയായ ഫഹിമിത, നയീം-സൗജദത്ത് ദമ്പതികളുടെ മകളാണ്. കണ്ണൂരിലെ കാപ്പാട് സുരേന്ദ്രന്റെയും അനിതയുടെയും മകളാണ് അതുല്യ.  കഴിഞ്ഞ വര്‍ഷത്തെ കലോത്സവത്തില്‍ ഉര്‍ദു കവിത രചനയില്‍ മൂന്നാം സ്ഥാനമായിരുന്നു ഫഹിമിതയ്ക്ക്. കഴിഞ്ഞ തവണ സംസ്‌കൃതം കഥാരചനയില്‍ അതുല്യ ജില്ലാ തലത്തില്‍ മത്സരിച്ചെങ്കിലും സംസ്ഥാന തലത്തിലെത്താന്‍ സാധിച്ചില്ല.