കണ്ണൂര്‍: കലോത്സവങ്ങള്‍ മലയാളിക്ക് മാത്രമുള്ളതല്ലെന്നാണ് ബിഹാര്‍ സ്വദേശികളായ മൂന്ന് മിടുക്കന്‍ പറയുന്നത്. ഒരേ സ്‌കൂളില്‍ നിന്നെത്തി ഉര്‍ദു വിഭാഗത്തില്‍ വിവിധ മത്സരങ്ങളില്‍ നാല് ഒന്നാം സ്ഥാനങ്ങള്‍ കരസ്ഥമാക്കിയാണ് ബിഹാര്‍ സ്വദേശികളായ മുഹമ്മദ് റിസ്‌വാന്‍, ഇംത്യാസ് ആലം, മുഹമ്മദ് സാഖിബ് അന്‍സാരി എന്നിവര്‍ മടങ്ങുന്നത്. കോഴിക്കോട് മണാശേരി എം.കെ.എച്ച് എം.എം.ഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നാണ് ഇവര്‍ മത്സരത്തിനെത്തിയത്. 

ഉര്‍ദു കവിതാ രചനയിലും പ്രസംഗത്തിലും ഒന്നാമതെത്തി ഇരട്ടനേട്ടമാണ് ബിഹാര്‍ ഭഗത്പൂര്‍ സ്വദേശിയായ റിസ്‌വാന്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കോഴിക്കോടും തിരുവനന്തപുരത്തുമായി നടന്ന കലോത്സവങ്ങളില്‍ ഉര്‍ദു പ്രസംഗത്തില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും റിസ്‌വാന് ലഭിച്ചിരുന്നു. ഭഗത്പൂരിലെ കൂലിത്തൊഴിലാളിയായ മുഹമ്മദ് റഹാന്‍- റോണക് ദമ്പതികളുടെ മകനാണ് റിസ്‌വാന്‍.

ഭഗത്പൂര്‍ സ്വദേശി മുഹമ്മദ് സാഖിബ് അന്‍സാരിക്കാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം ഉര്‍ദു കഥാരചനയില്‍ ഒന്നാം സ്ഥാനം. ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസ രചനയില്‍ ഇംത്യാസ് ആലമാണ് ഒന്നാം സ്ഥാനത്തെത്തിയത്. മാതൃഭാഷ ഉര്‍ദുവായ കശ്മീരില്‍നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ഇവര്‍ നേട്ടം കൊയ്തത്.

മൂവരും മുക്കം  ഓര്‍ഫനേജിലെ അന്തേവാസികളാണ്. വര്‍ഷങ്ങള്‍ക്കു മുമ്പാണ് സാമ്പത്തിക പാരാധീനതകള്‍ മൂലം മുക്കം ഓര്‍ഫനേജിലെത്തിയത്. മുഹമ്മദ് റിസ്‌വാന്‍ മലയാളം നന്നായി സംസാരിക്കും. മറ്റുള്ളവര്‍ മലയാളം പഠിച്ചു വരുന്നതേയുള്ളു. കുട്ടികളെല്ലാം പഠനത്തിലും മികവു പുലര്‍ത്തുന്നതായി സ്‌കൂളിലെ അധ്യാപകര്‍ പറഞ്ഞു. എന്തായാലും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ കലോത്സവത്തില്‍ പങ്കെടുത്ത് വിജയം കണ്ട സന്തോഷത്തിലാണ് ഇവര്‍ തിരിച്ച കോഴിക്കോട്ടേക്ക് വണ്ടി കയറുന്നത്.