നിറഞ്ഞ സദസ്സിനോ വിധികർത്താക്കൾക്കോ കേൾക്കാനായില്ല ആദിത്യൻ പാടിയത്. അങ്ങകലെ ഏതോ ലോകത്തുള്ള അമ്മയിലേക്കായിരുന്നു ആ സങ്കടപ്പാട്ട്. അമ്മയുടെ സംഗീതത്തിന്റെ വിരൽത്തുമ്പ് പിടിച്ച് അച്ഛന്റെ വരികൾ അവൻ പാടി. അമ്മയ്ക്കുള്ള ബാഷ്പാഞ്ജലിയായി ഹൈസ്കൂൾവിഭാഗം സംസ്കൃതഗാനാലാപനത്തിൽ ആദിത്യനാഥിന്റെ എ ഗ്രേഡ്.ആദിത്യനാഥ് പഠിച്ചിരുന്ന തൃശ്ശൂർ മറ്റത്തൂർ ശ്രീകൃഷ്ണ സ്കൂളിലെ അധ്യാപികയായ അമ്മ മഞ്ജുഷ കഴിഞ്ഞ ജനുവരിയിൽ സ്കൂളിൽവെച്ചാണ്‌ മരിച്ചത്. മഞ്ജുഷയുടെ നിർബന്ധപ്രകാരമാണ് അധ്യാപകനായ അച്ഛൻ ഹരിദാസ് സംസ്കൃതഗാനം രചിച്ചത്. 

മകന് പാടാനുള്ള പാട്ട് അച്ഛൻതന്നെ രചിക്കണമെന്നത് മഞ്ജുഷയുടെ നിർബന്ധമായിരുന്നു. അത് അമ്മയെക്കുറിച്ച് ഹിന്തോളരാഗത്തിൽ പിറക്കണമെന്നും ശഠിച്ചു.  ആ വീട് പാട്ട് ചർച്ചയുടെ സ്റ്റുഡിയോമുറിയായി. വരികൾ പിറന്നു. സംഗീതം ജീവനിട്ടു. ഹരിദാസ് മൂകാംബിക സ്തുതിരൂപത്തിലാണ് പാട്ടെഴുതിയത്. ആദിത്യന്റെ പാട്ടുപഠനം നടക്കുന്നതിനിടെ ശ്രുതിതെറ്റിച്ച് മരണമെത്തി.

സ്കൂളിനുമുന്നിൽ കുഴഞ്ഞുവീണായിരുന്നു മഞ്ജുഷയുടെ മരണം. അമ്മ കേൾക്കാതെപോയ ആ പാട്ട് കണ്ണൂരിന്റെ മണ്ണിൽ കണ്ണീർ ചേർത്ത് ആദിത്യൻ പാടി, കണ്ഠമിടറാതെ. ഓർമകളുടെ മുറ്റത്തിരുന്നെന്നപോലെ സദസ്സിൽ അച്ഛൻ ഹരിദാസും അനുജൻ അവനീനാഥും. 'ജനനീ തവ പാദപുഷ്പാഞ്ജലി' എന്ന വരികൾ അക്ഷരാർഥത്തിൽ അമ്മയ്ക്കുള്ള ശ്രദ്ധാഞ്ജലിയായി. വേദിവിട്ടിറങ്ങിക്കഴിഞ്ഞപ്പോൾ അമ്മ കേട്ടിട്ടുണ്ടാകുമോ ഈ പാട്ടെന്ന് അവൻ സങ്കടപ്പെട്ടു. ഉറപ്പായും അമ്മ ഹിന്തോളരാഗത്തിൽ താളംപിടിച്ച് ഇവിടെവിടെയോ ഉണ്ടായിരുന്നുവെന്ന് അച്ഛൻ ഹരിദാസ് അവനെ ചേർത്തുപിടിച്ച് പറഞ്ഞു.