കഴിഞ്ഞ നാലുവർഷമായി അജൽ അജയ്യനാണ്. ഈ മിടുക്കൻ പാടാനെത്തുന്നതും നോക്കി ലളിതഗാനസിംഹാസനം കാത്തിരിക്കും. ഇത്തവണത്തെ ഒന്നാംസ്ഥാനവും കൊണ്ട് പ്ലസ്‌ടു വിദ്യാർഥിയായ അജൽ ഇക്കുറി സ്കൂൾ കലോത്സവത്തോട്‌ വിടപറയുന്നു -ഒരു ഭാവിഗായകനെ മലയാളക്കരയ്ക്ക് സമ്മാനിച്ച്.കൊല്ലം ചാത്തിനാംകുളം എം.എസ്.എം. ഹയർ സെക്കൻഡറി സ്കൂളിന്റെ അഭിമാനമാണ് അജൽ.

കഴിഞ്ഞ മൂന്നുവർഷവും ഒരേ ഗാനംതന്നെ പാടി ഒന്നാംസ്ഥാനം നേടി എന്ന പ്രത്യേകതയും ഈ മിടുക്കന്‌ സ്വന്തം. കണ്ണൂർ രാജൻ ചിട്ടപ്പെടുത്തിയ ‘‘അധരം മധുരം... ” എന്ന പ്രശസ്ത പഴയ ലളിതഗാനം. ഭാവോജ്ജ്വലമായി, ആലാപനത്തികവോടെ അവതരിപ്പിച്ച് നല്ല കൈയടി നേടുകയും ചെയ്തു.ഗായിക കെ.എസ്.ചിത്രയ്ക്ക് പ്രിയപ്പെട്ടവനാണ് അജൽ. കണ്ണൂരിലും ലളിതഗാനകിരീടം തന്റെ വഴിയെ വന്നപ്പോൾ അജൽ ആദ്യം വിവരമറിയിച്ചതും ചിത്രയെത്തന്നെ.

മലയാളത്തിന്റെ വാനമ്പാടിയുടെ ആശംസകളും എത്തി.‘സൈഗാൾ പാടുകയാണ്’ എന്ന സിനിമയിലെ “എന്റെ ചുണ്ടിലെ കുഞ്ഞുപാട്ടിലെ....” എന്നതടക്കം നാലു സിനിമാ ഗാനങ്ങൾ ഈ കുഞ്ഞുമിടുക്കന്റേതായുണ്ട്. നിരവധി സംഗീത റിയാലിറ്റി ഷോകളിൽ അജൽ ഒന്നാമതെത്തിയിട്ടുണ്ട്.ചില ഗാനങ്ങൾ ചിട്ടപ്പെടുത്താനും അജൽ വീട്ടിൽ ശ്രമിക്കുന്നത് കണ്ടിട്ടുണ്ടെന്ന് അച്ഛൻ ഉദയകുമാറും അമ്മ സജിതയും പറഞ്ഞു.