ഉലകമേ നാടകമെന്ന മട്ടിൽ കലോത്സവം ആറാം ദിവസത്തേക്ക് കർട്ടനിട്ടു പൊങ്ങി. കമ്മിറ്റിക്കാരുടെ തെക്കുവടക്ക് ചവിട്ട് നാടകം, പഴയിടത്തിന്റെ ഊട്ടുപുരയിലേക്കുള്ള ക്യൂവിൽ നിൽക്കുന്ന കൗമാരമനസ്സുകളുടെ പ്രണയനാടകം, വിജിലൻസുകാരുടെ അസംബന്ധ നാടകം, ‘അന്യായ’വിധികർത്താക്കളുടെ കഷ്ടകാല നാടകം, പൊടിയിലും ചൂടിലും പെട്ട് മാസ്ക്‌ ധരിച്ചുനീങ്ങുന്ന കാണികളുടെ പൊറാട്ട്‌ നാടകം...  

എണ്ണത്തിൽ ആയിരംകടന്ന ‘മത്സരാർത്തി’കളുടെയും ‘അരക്ഷിതാ’ക്കളുടെയും ഗ്രേസ് മാർക്കിനായുള്ള അപ്പീൽ നാടകം, കണ്ണൂരും കോഴിക്കോടും പാലക്കാടും തമ്മിൽ സ്വർണക്കപ്പിനായി മുന്നേറുന്ന നാടകീയമായ പോയിന്റ് നാടകം, നാടകീയാന്ത്യത്തിനായി നാടാകെ നെട്ടോട്ടമോടുന്നതിനിടയിൽ കലോത്സവത്തിലെ നാടക മത്സരങ്ങൾക്ക് കർട്ടൻ വീണിരുന്നു. 

ഇതിനിടയിൽത്തന്നെ നാടകം കളിപ്പിച്ച് കിരീടവുമായി മുങ്ങിയ സിഐഡി വിജയനെ തപ്പി സിഐഡി ദാസൻ വേദികൾക്കിടയിലൂടെ നടന്നു. ഒടുവിൽ തിടുക്കത്തിലെങ്ങോട്ടോ സ്വർണക്കപ്പുമായി പോകാനൊരുങ്ങുന്ന വിജയനെ ദാസൻ കണ്ടുമുട്ടി.
‘‘എടാ വിജയാ, നീയെങ്ങോട്ടാ മുങ്ങിയേ...?’’

‘‘അയില്ലേപ്പാ... ആ ചോർ ബെയ്ക്കുന്ന സൽത്തിന്റെ അപ്പർത്തൂടെ പോയിറ്റ് തായോട്ട് പോയാൽ കാണുന്ന സൽത്തിന്റെ ബാക്കിലാരുന്നു... ആട ഇരിക്കമ്പഴാ... ഈടെ ഇന്നെ കണ്ടെ... നീ ഏടിയാര്ന്ന്... ബല്ലോം തിന്നോ? കൈയില് പൈശയില്ല്‌ല്ലോ... ബേത്തില് ആടെ ചോറ്പൊരേ ചെന്നാ ചോറ് തിന്നാം. ബയ്യപ്രേം കൂടി നീറായിടടത്തൂടെ കുയ്യലുമായി തുള്ളിയാലും മതി...’’

‘‘വിജയാ നീയെന്തൊക്കെയാടാ പറയുന്നേ? എനിക്കൊന്നും മനസ്സിലാവുന്നില്ല. ദൈവമേ ഇവനെന്ത് പറ്റി! …എടാ വിജയാ നേരേ കാര്യം പറയടാ. സ്വർണക്കപ്പെവിടെ?’’ സിഐഡി ദാസൻ വിജയനിട്ടൊന്ന് പൊട്ടിച്ചു. കണ്ണിലൂടെ പൊന്നീച്ചപറന്നു.
കണ്ണൂർ സ്ളാങ്ങിൽ സിഐഡി ദാസനെ പറ്റിക്കാനുള്ള പണി പാളിയെന്ന് സിഐഡി വിജയന് മനസ്സിലായി. പിന്നെ ഒന്നുമറിയാത്ത മട്ടിൽ ദാസനോട് ചോദിച്ചു:
‘‘എന്തായി, സ്വർണക്കപ്പ് കണ്ടുപിടിച്ചാ?...
‘‘നീ കണ്ടു പിടിച്ചാ...’’ ദാസൻ തിരിച്ചു ചോദിച്ചു.
‘‘അയ്യോ, ഞാനൊരു പാവം മണ്ടൻ... സിഐഡി രാംദാസ് കണ്ടുപിടിച്ചാ മതി. നമ്മള് തമ്മില് ഒന്നിച്ചുള്ള ഈ പോക്ക് എനിക്ക് മതിയായി. ഞാനിന്നലെ എന്റെയൊരു ബന്ധുവിനെ ഇവിടെ മൂത്രപ്പുരേൽ വെച്ചു കണ്ടുമുട്ടി... ഞാൻ മൂപ്പരുടെ ക്വാർട്ടേഴ്‌സിലേക്ക് മാറുകാ...’’
‘‘നിന്റെ ഏത് ബന്ധുവിനെയാ ഇവിടെ വെച്ച് കണ്ടുമുട്ടിയേ?’’
‘‘സിബിഐയിലുള്ള ഇളയച്ഛന്റെ മകൻ കുഞ്ഞികൃഷ്ണനെ!’’
‘‘സിബിഐയിലോ...’’
‘‘അല്ല... അതുപിന്നെ... വിജിലൻസ്... വിജിലൻസ്... ആ ഞാൻ പോട്ടെ എനിക്ക് പോകാനുള്ള സമയമായി.’’
സിഐഡി വിജയൻ തന്നെ പറ്റിച്ച് മുങ്ങാനുള്ള പരിപാടിയാണെന്ന് ദാസന് മനസ്സിലായി. ഇതിനിടയിൽ സിഐഡിയായ രാംദാസിനോട് വിവരം പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസ്സിലാക്കിയ പന്തൽപ്പണിക്കാർ പോൾ ബാർബറെക്കണ്ട് നടന്ന സംഭവങ്ങൾ പറഞ്ഞു. തമ്മിൽ വഴക്കുണ്ടാക്കി നിൽക്കുന്ന സിഐഡികളെ പോൾ ബാർബറും ഗുണ്ടകളും കണ്ടു.
 (തുടരും)