തിരുവനന്തപുരം: വേദി പത്തിലെ മത്സരയിനം ഹയര്‍സെക്കണ്ടറി വിഭാഗം വീണ/ വിചിത്ര വീണാ മത്സരം. വായിച്ചു മാത്രം കേട്ട വിചിത്ര വീണ ഒന്നു കാണാമെന്നു കരുതിയാണ് വേദിയിലെത്തിയത്. മത്സരാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അടുത്ത് ചെന്ന് വിചിത്ര വീണയെക്കുറിച്ച് തിരക്കി. 'വിചിത്ര വീണയോ? അറിയില്ലല്ലോ.ഞങ്ങള്‍ ഇതു വരെ കണ്ടിട്ടില്ല' ഇതായിരുന്നു മിക്കവരുടെയും പ്രതികരണം. അപ്പോള്‍ ഇവിടെ നടക്കുന്നത് വിചിത്ര വീണാ മത്സരം തന്നെയല്ലെ? സംശയം തീര്‍ക്കാനായി വീണ്ടും തിരക്കി. അതെ പക്ഷെ വിചിത്ര വീണയുമായി ആരും വരാറില്ല. അത് പേരില്‍ മാത്രമേ ഉള്ളൂ എല്ലാവരും വായിക്കുന്നത് സാധാരണ ചാന്ദ്ര വീണയാണ്'. എന്നാലും കാണാന്‍ ആഗ്രഹിച്ചു വന്നതല്ലേ ഒന്നു കൂടി അന്വേഷിക്കാമെന്നു കരുതി വേദിയുടെ പരിസരത്ത് കുറേ നേരം നടന്നു. എല്ലാവര്‍ക്കും പറയാനുളളത് അതു തന്നെയായിരുന്നു വിചിത്ര വീണ ഞങ്ങള്‍ക്കറിയില്ല. 

പിന്നീടാണ് വിചിത്ര വീണാ മത്സരത്തിന്റെ ചുരുളഴിയുന്നത്. 2008-ലെ കലോത്സവ വേദിയില്‍വീണാ മത്സരത്തിന് ഗോട്ടു വാദ്യവുമായി ഒരു മത്സരാര്‍ത്ഥിയെത്തിയതോടെയാണ് രസകരമായ വിചിത്ര വീണയുടെ കഥ തുടങ്ങുന്നത്. ജില്ലാ തലത്തില്‍ വീണാ മത്സരത്തില്‍ ഗോട്ടു വാദ്യം അവതരിപ്പിച്ചതില്‍ പ്രതിഷേധം നേരിട്ടപ്പോള്‍ മത്സരാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചു. ഗോട്ടു വാദ്യത്തെ വിചിത്ര വീണയെന്ന തെറ്റായി നാമധേയം നല്‍കി കോടതിയില്‍ നിന്ന് അവര്‍ അനുകൂല വിധി നേടി. അതോടെ വിചിത്ര വീണയും കലോത്സവത്തിലെ വീണാ മത്സരത്തില്‍ അവതരിപ്പിക്കാമെന്ന ഉത്തരവും കോടതിയില്‍ നിന്നവര്‍ നേടി. അങ്ങനെ  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിചിത്ര വീണയെന്ന മത്സരയിനം വന്നു. എന്നാല്‍ 2008-നു ശേഷം ഇതു വരെ ഒരു മത്സരാര്‍ത്ഥിപോലും വിചിത്ര വീണയുമായി മത്സരത്തിനെത്തിയിട്ടില്ല. മത്സരത്തിനെത്തുന്ന കുട്ടികളിലേറെപ്പേരും വിചിത്ര വീണ നേരിട്ട് കണ്ടിട്ടുപ്പോലുമില്ല.

പേരു പോലെത്തന്നെ കൗതുകമുണര്‍ത്തുന്ന ഒരു വാദ്യമാണ് വിചിത്ര വീണ. പുരാതനകാലത്ത് ബ്രഹ്മവീണയെന്ന പേരിലായിരുന്ന വിചിത്ര വീണ അറിയപ്പെട്ടിരുന്നത്. വിചിത്ര വീണയില്‍ പ്രാഗല്‍ഭ്യം നേടിയ വളരെക്കുറച്ചു പേരെ ഇന്ത്യയിലുള്ളൂ. എന്നു മുതല്‍ക്കാണ് ഇന്ത്യയില്‍ വിചിത്ര വീണ പ്രചാരത്തില്‍ വന്നതെന്ന് വ്യക്തമായ രേഖകളില്ല. പാട്യാലയിലെ അബ്ദുള്‍ അസീസ് ഖാന്‍,ബോംബെയിലെ  ഗോസ്വാമി ഗോകുല്‍നാഥ് എന്നിവരാണ് ആദ്യമായി വിചിത്ര വീണ ഉപയോഗിച്ചതെന്ന് പറയപ്പെടുന്നു. കാഴ്ച്ചയില്‍ രുദ്രവീണയോട് സാമ്യമുളള വിചിത്രവീണയുടെ നിര്‍മ്മിതി വളരെ സങ്കീര്‍ണ്ണമാണ്. രൂപകല്പനയിലും ശ്രുതിയിലും  ഒരു  പാട്  സങ്കീര്‍ണ്ണതകളുളള വിചിത്ര വീണയ്ക്ക് വളരെ നേര്‍ത്ത പത്തോളം കമ്പികള്‍  വരുന്നതിനാല്‍  ശ്രദ്ധയൊന്ന് തെറ്റിയാല്‍ വലിയ ശ്രുതി പിഴവ് ഉണ്ടാകും. അതുകൊണ്ടു തന്നെ സംഗീത വേദികളില്‍ വളരെ വിരളമായേ വിചിത്ര വീണ ഉപയോഗിക്കാറുളളൂ. ആദ്യ കാലത്ത്  ഹിന്ദുസ്ഥാനി സംഗീതത്തിന് ശ്രുതിമീട്ടാന്‍ വിചിത്രവീണയായിരുന്നു ഉപയോഗിച്ചിരുന്നത് . എന്നാല്‍ ഗിറ്റാറിന്റെ വരവോടെ ഹിന്ദുസ്ഥാനി സംഗീതവേദിയില്‍ നിന്നും വിചിത്ര വീണ അപ്രത്യക്ഷമായി.

മത്സരാര്‍ത്ഥികള്‍ക്ക് കേട്ടുകേള്‍വിപ്പോലും ഇല്ലാത്ത വിചിത്രവീണ എന്ന പേര്  എന്തിനാണ് ഹയര്‍സെക്കണ്ടറി വിഭാഗം വീണാ മത്സരത്തിന് നല്‍കുന്നതെന്ന ചോദ്യം ഇപ്പോഴും ബാക്കി...