1തിരുവനന്തപുരം:  കലോത്സവവേദിയില്‍ വീണാ മത്സരത്തിനെത്തുന്ന കുട്ടികള്‍ എല്ലാ വര്‍ഷവും ആദ്യമൊരാളെ തിരയും...സുനില്‍ പ്രണവത്തിനെ. ആളെത്തിയെന്നറിഞ്ഞാല്‍ പിന്നെ ധൈര്യമായി വീണയില്‍ ശ്രുതിമീട്ടും. നേര്‍ത്ത വീണക്കമ്പികള്‍ പൊട്ടിയാലും സുനില്‍ മാഷ് നിമിഷനേരം കൊണ്ട് വീണക്കമ്പികള്‍ കെട്ടിത്തരുമല്ലോ...പൊട്ടിയ വീണകമ്പികള്‍ ചേര്‍ത്തു കെട്ടി സുനില്‍ പ്രണവം കലോത്സവവേദിയില്‍ നേടിയത് ഒട്ടനേകം കുട്ടികളുടെ ആദരവിന്റെ തേന്‍തുളളികളാണ്.

അന്‍പത്തിയാറ് വര്‍ഷം തുടര്‍ച്ചയായി കലോത്സവവേദിയില്‍ എത്തുന്ന സുനില്‍ പ്രണവം ജീവിതത്തിന്റെ ശ്രൂതി മീട്ടുന്നത് തന്റെ വീണക്കമ്പിയിലാണ്. 1979 -ല്‍ മദ്രാസില്‍ നിന്ന് ശാസ്ത്രീയ സംഗീതം പഠിച്ച ശേഷം കേരള സംഗീത കോളേജില്‍ നിന്ന ഗാനഭൂഷണവും ഗാനപ്രവീണയും നേടിയ സുനിലിന്റെ ഇന്‍സ്ട്രമെന്റ് മെക്കാനിക്കിലെ ആദ്യ ഗുരു തഞ്ചാവൂരിലെ സോമസുന്ദരന്‍ ആചാരിയാണ്. സംഗീതത്തോടൊപ്പം വീണയും പഠിച്ച സുനില്‍ തന്റേതായ രീതിയില്‍ വളരെ വേഗത്തില്‍  വീണ നിര്‍മ്മിക്കാനും റിപ്പയര്‍ ചെയ്യാനും പഠിച്ചു. വളരെ കുറഞ്ഞ സമയം കൊണ്ട് ഒരു പാട് വീണകള്‍ തയ്യാറാക്കുന്ന സുനിലിനെത്തേടി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഗീതപ്രേമികള്‍  വരാറുണ്ട്. 

പത്തായിരത്തിയഞ്ഞോളം വീണകളാണ് സുനില്‍ പ്രണവം ഇതുവരെ നിര്‍മ്മിച്ചത്. ഇപ്പോള്‍  തൈക്കാടുളള  'പ്രണവത്തി'ല്‍ വീണ  നിര്‍മ്മാണത്തിനായി മുഴുവന്‍ സമയവും മാറ്റിവെച്ചിരിക്കുകയാണ് സുനില്‍. ഈ വര്‍ഷം കലോത്സവത്തിനെത്തിയ  എഴുപത്തിയഞ്ച് ശതമാനം മത്സരാര്‍ത്ഥികളുടെ  വീണയും  നിര്‍മ്മിച്ചത് സുനിലാണ്. ഓരോ വര്‍ഷവും സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന ദിവസങ്ങളില്‍ കടയടച്ചിട്ട് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വീണാ മത്സരം നടക്കുന്ന വേദിയില്‍ സുനില്‍ പ്രണവം എത്തും.

 ' മത്സരത്തിനിടയില്‍ കുട്ടികളുടെ വീണക്കമ്പികള്‍ പൊട്ടിപ്പോകുന്നത് കാണുമ്പോള്‍ വളരെ വിഷമം തോന്നും. മത്സരം പാതിവെച്ച് മുടങ്ങുന്ന കുട്ടിയുടെ മാനസികാവസ്ഥ വല്ലാത്ത ഒന്നാണ്..ചിലപ്പോള്‍ പരിശീലനത്തിനിടയില്‍ മത്സരത്തിന് തൊട്ട് മുന്‍പെ ആയിരിക്കും വീണക്കമ്പി പൊട്ടുന്നത്...അത്തരം നിമിഷങ്ങളില്‍ അവര്‍ക്കൊരു സഹായമാകുമല്ലോ എന്നു കരുതിയാണ് ഞാന്‍ കലോത്സവത്തിനെത്തുന്നത്..പിന്നെ വീണ വായിക്കുന്നതും കേള്‍ക്കാലോ' സുനില്‍ പറയുന്നു.എംഫില്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ നിഷാ പൊന്നി സ്‌കൂള്‍ കാലഘട്ടത്തില്‍ സംസ്ഥാനകലോത്സവത്തിലെ വീണ മത്സരത്തില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി എ ഗ്രേഡ് നേടിയിട്ടുണ്ട്.