മെയ്‌വഴക്കത്തോടെ വേഗത്തില്‍ വെട്ടിമാറുന്ന പരിചമുട്ട്കളിയെ കാണികള്‍ കണ്ടിരുന്നത് ശ്വാസം അടക്കിപ്പിടിച്ച്. സംസ്ഥാന സകൂള്‍ കലോത്സവത്തില്‍ അപകട സാധ്യത ഏറ്റവും കൂടുതലുള്ള മല്‍സര ഇനമായത് കൊണ്ടാകാം ഓഡിറ്റോറിയം നിറഞ്ഞിരുന്നത്.

പടയാളികള്‍ക്ക് ഇടയ്‌ക്കൊന്ന് പിഴയ്ക്കുമ്പോള്‍ കാഴ്ചക്കാര്‍ അറിയാതെ തലയില്‍ കൈവച്ച് എണ്ണീറ്റ് നിന്ന് പോകുന്നു. മെയ്വഴക്കത്തിനൊപ്പം കഠിനമായ കായികധ്വാനവും കൂടി ചേരുമ്പോള്‍ അപകടം നിറഞ്ഞ പരിചമുട്ട്കളി ആസ്വാദകരെ മുള്‍ മുനയില്‍ നിര്‍ത്തുമെന്നതില്‍ സംശയമില്ല. ആസ്വാദനത്തിനൊപ്പം കുട്ടികള്‍ നേരിടുന്ന അപകടങ്ങളിലും കാഴ്ചക്കാര്‍ പങ്കുചേരുന്നു.

സ്റ്റേജിന് പുറത്ത് പ്രഥമശുശ്രൂഷാ സംവിധാനം തയാറാക്കി വച്ചുകൊണ്ടാണ് പരിചമുട്ട്കളി ആരംഭിക്കുന്നത്. പാട്ടിന് അനുസരിച്ച്, ആവേശത്തില്‍ ചാടി അടവുകളും ചുവടുകളും മാറി മാറി വാളും പരിചയുമായി പയറ്റുമ്പോള്‍ മുറിവേറ്റ് പോകുന്നു.

Parichamutt

ഒരാള്‍ക്ക് പിഴയ്ക്കുമ്പോള്‍ മറ്റു ചിലര്‍ക്ക് വേദനയാകുന്ന നിമിഷങ്ങള്‍. മുഖത്തും കൈക്കും കാലിനും മുറിവേറ്റ് വേദനയോടെ പുളയുമ്പോഴും എങ്ങനെയെങ്കിലും കളിപൂര്‍ത്തിയാക്കണമെന്ന ഉറച്ച വിശ്വാസത്തിലാണവര്‍. ചിലര്‍ കുഴഞ്ഞ് വീഴുന്നു. 

കലോത്സവ ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ള പരിചമുട്ട് കളിക്ക് വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തമുണ്ട്. ശരീരിക ക്ഷമതയും ചിട്ടയായ പരിശീലനത്തോടെയും പഠിച്ചെടുക്കുന്ന ഈ കലാരൂപം 1985 മുതലാണ് കലോത്സവത്തിനെത്തുന്നത്.