ഒന്നിനൊന്ന് മികച്ച പ്രകടനവുമായി ഹയര്‍സെക്കൻഡറി വിഭാഗം ആണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരം പുരോഗമിക്കുന്നതിനിടയിലാണ് കാണികളേയും മത്സരാര്‍ത്ഥിയേയും ഒരുപോലെ സ്തബ്ധരാക്കി വേദിയില്‍ പാട്ട് നിന്നുപോയത്. ശ്രീകൃഷ്ണന്റെ അടുക്കല്‍ അവലുമായെത്തിയ കുചേലനായി വേദിയില്‍ പകര്‍ന്നാടുകയായിരുന്ന എറണാകുളം എസ്.എന്‍.എച്ച്.എസ്.എസിലെ ശ്രീജിത്ത് ഒരു നിമിഷം പകച്ചുപോയി. 

കൃഷ്ണാ.. വിളിച്ചത് കുചേലനല്ല, ശ്രീജിത്ത്അഞ്ചുസെക്കൻഡോളം പാട്ടിനായി കാത്തുനിന്ന് സദസ്സിനെ തൊഴുത് വേദിയുടെ പിറകിലേക്ക് ചുവടുവെച്ചിറങ്ങുമ്പോള്‍ വേദിയില്‍ വീണ്ടും പാട്ടുയര്‍ന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ തിരിച്ചറിഞ്ഞ കൃഷ്ണനെ നോക്കി ആത്മനിര്‍വൃതിയോടെ കൃഷ്ണാ എന്നുറക്കെ വിളിക്കുന്ന കുചേലനായും കുചേലനെ നോക്കി പതിവുകള്ളച്ചിരിയുമായി നില്‍ക്കുന്ന കൃഷ്ണനുമായും ആടിത്തകര്‍ത്ത് വേദിയില്‍ നിന്നും ഇറങ്ങിയ ശ്രീജിത്തിനെ ഓടിച്ചെന്ന് മുറുകെ പുണര്‍ന്ന് അമ്മ ഷീബ കരയാന്‍ തുടങ്ങി. 

ഞങ്ങളുടെ സി.ഡി.ക്ക് ഒരുകുഴപ്പവുമില്ല, വേണമെങ്കില്‍ നിങ്ങള്‍ കൊണ്ടുപോയി പരിശോധിച്ചു നോക്കൂ. ശ്രീജിത്തിന്റെ അച്ഛന്‍ രാമചന്ദ്രനും വാക്കുകള്‍ ഇടറി. ശ്രീജിത്തിന്റെ നൃത്താധ്യാപകന്‍ എളമക്കര സുനില്‍കുമാറും ഒപ്പമെത്തിയ കൂട്ടുകാരും വിഷമത്തിലാണ്. ഇനി ഇക്കാരണം ചൂണ്ടിക്കാട്ടി ശ്രീജിത്തിന്റെ മാര്‍ക്കെങ്ങാന്‍ കുറഞ്ഞുപോകുമോ എന്നായിരുന്നു അവരുടെയെല്ലാം പേടി. പക്ഷേ അപ്പോഴും മനസ്സിലെ ടെന്‍ഷന്‍ പുറത്തു കാട്ടാതെ ശ്രീജിത്ത് ഇരുന്നു. എങ്ങനെയുണ്ടായിരുന്നു മത്സരം എന്നു ചോദിച്ചപ്പോള്‍ കുഴപ്പമില്ലെന്ന് പതിഞ്ഞ ചിരിയോടെ പറഞ്ഞ് ശ്രീജിത്ത് കൂട്ടുകാര്‍ക്കിടയിലേക്ക് നീങ്ങി.  

എറണാകുളം കോര്‍പ്പറേഷനില്‍ സ്വീപ്പറാണ് രാമചന്ദ്രന്‍. ശ്രീജിത്തിന്റെ നൃത്തത്തോടുള്ള അഭിനിവേശമാണ് ഇവരെ ഇങ്ങോട്ട് എത്തിച്ചത്. അതുകൊണ്ടുതന്നെ നിസ്സാരകാരണങ്ങള്‍ മകന്റെ വിജയത്തിന് തടസ്സമാകുന്നത് ഇവര്‍ക്ക് സഹിക്കാനാകുന്നില്ല. സ്‌റ്റേജിലെ സാങ്കേതിക തകരാറുമൂലമുണ്ടായ ഈ പ്രശ്‌നം ശ്രീജിത്തിന്റെ വിജയത്തെ ഒരിക്കലും ബാധിക്കില്ലെന്ന് സ്റ്റേജ് മാനേജരും ഡിഡിയും ഉറപ്പ് നല്‍കിയിട്ടും ഇവരുടെ നെഞ്ചിലെ ആധിയൊഴിയാത്തത് അതുകൊണ്ടാണ്. ഏതായാലും റിസള്‍ട്ട് വന്നപ്പോള്‍ കുച്ചുപ്പുടിയില്‍ മത്സരിച്ച എല്ലാവര്‍ക്കും എ ഗ്രേഡ്.   ശ്രീജിത്തിന്റെ മുഖത്ത് അപ്പോഴും പതിഞ്ഞ പുഞ്ചരി...കൃഷ്ണാ എന്നുള്ള ഈ കുചേലന്റെ വിളി സാക്ഷാല്‍ കൃഷ്ണന്‍ കേട്ടിരിക്കണം.