തിരുവനന്തപുരം: കൗമാരകലയുടെ കനകകിരീടം കോഴിക്കോട് കാത്തുസൂക്ഷിച്ചു. അവസാനമിഷം വരെ അപ്പീലുകള്‍ സമ്മാനിച്ച ഉദ്വേഗദഭരിതമായ നിമിഷങ്ങള്‍ക്കുശേഷം 919 പോയിന്റുമായാണ് കോഴിക്കോട് പതിനേഴാം തവണയും കിരീടത്തില്‍ മുത്തമിട്ടത്. തുടര്‍ച്ചയായ പത്താം തവണയും. അവസാന ദിവസം വരെ കോഴിക്കോടിനോട് ഇഞ്ചോടിച്ച് പോയിന്റിന് പൊരുതിയ പാലക്കാട് 912 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി. കഴിഞ്ഞ തവണ 916 പോയിന്റുമായി കോഴിക്കോടുമായി കിരീടം പങ്കുവച്ചവരായിരുന്നു പാലക്കാട്. 908 പോയിന്റുള്ള കണ്ണൂരാണ് മൂന്നാംസ്ഥാനത്ത്. ആതിഥേയരായ തിരുവനന്തപുരം 387 പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോടിന് 416 ഉം ഹയര്‍ സെക്കന്‍ഡറിയില്‍ 503 പോയിന്റുമാണ് ലഭിച്ചത്. എറണാകുളത്തിനും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 503 പോയിന്റുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 417 പോയിന്റുള്ള കണ്ണൂരാണ് മുന്നില്‍.

വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ചലച്ചിത്രതാരങ്ങളായ നിവിന്‍പോളിയും സുരാജ് വെഞ്ഞാറമൂടും സംബന്ധിച്ചു. സമാപനച്ചടങ്ങ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. 

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 119 പോയിന്റുമായി പലക്കാട് ആലത്തൂര്‍ ബി.എസ്.എസ്.എസ്. ഗുരുകുലം സ്‌കൂള്‍ വന്‍ ലീഡോടെ ഒന്നാം സ്ഥാനക്കാരായി. കാസര്‍ക്കോട് കാഞ്ഞങ്ങാട് ദുര്‍ഗ സ്‌കൂളാണ് (68) രണ്ടാം സ്ഥാനത്ത്. 67 പോയിന്റുമായി ഇടുക്കി കുമരമംഗലം എം.കെ.എന്‍.എം. സ്‌കൂള്‍ മൂന്നാമതായി.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 120 പോയിന്റ് നേടിയ ഇടുക്കി കുമരമംഗലം സ്‌കൂളാണ് ഒന്നാമത്. 112 പോയിന്റുള്ള ആലപ്പദഴം മാന്നാര്‍ സ്‌കൂള്‍ രണ്ടാമതും 98 പോയിന്റുള്ള കാഞ്ഞങ്ങാട് ദുര്‍ഗ സ്‌കൂള്‍ മൂന്നാമതുമായി.