കലോത്സവം അവസാനിക്കുന്നതിന് മുന്‍പ് നാടകം കഴിയുമോയെന്ന ആശങ്കയിലായിരുന്നു ഹൈസ്കൂള്‍ വിഭാഗം നാടക മല്‍സരത്തിനെത്തിയ വിദ്യാര്‍ഥികള്‍. നേരം പുലര്‍ന്നിട്ടും ഊഴത്തിനായി ഇവര്‍ കാത്തിരുന്നു. ഞായറാഴ്ച വൈകിട്ട് തുടങ്ങിയ മല്‍സരം അവസാനിച്ചത് തിങ്കളാഴ്ച രാവിലെ 11.30 ന്.
അഭിനയ മികവ് മാറ്റുരച്ച നാടക മല്‍സരം കലോത്സവത്തിന് മികവേകിയെങ്കിലും സംഘാടകരുടെ കഴിവ് കുറവ് വിദ്യാര്‍ഥികളെ കുറച്ചൊന്നുമല്ല വലച്ചത്. വേദി തന്നെയായിരുന്നു പ്രശ്നം. ഞായറാഴ്ച രാവിലെ ഒന്‍പതിന് സെന്റ് ജോസഫ്സ് എച്ച്എസ്എസില്‍ തുടങ്ങേണ്ട നാടകം ആരംഭിച്ചത് വൈകിട്ട് പൂജപ്പുര മൈതാനത്ത്.
വേദി മാറിയത് കാണികളെ മടുപ്പിച്ചു. എന്നാല്‍, കൊച്ചുകൂട്ടികളുടെ നാടകമല്ലേ കണ്ടുകളയാമെന്ന് കരുതി പലരും പൂജപ്പുര മൈതാനത്തേക്ക് ഓടിയെത്തി. മിടുക്കന്മാരുടെ അഭിനയമൂല്യം എത്രയെന്നറിയാന്‍ നാടക പ്രേമികളെത്തി. വലിയ സദസായിരുന്നു ഹൈസ്കൂള്‍ വിഭാഗം നാടക മല്‍സരം കാണാന്‍ എത്തിയത്.
സെന്റ് ജോസഫ്സ് സ്കൂളിലെ വേദിയുടെ പ്രശ്നം കാരണം ശബ്ദം ശരിയായ രീതിയില്‍ കേള്‍ക്കാന്‍ കഴിയാതെ വന്നതോടെ വേദി മാറ്റണമെന്ന് ആവശ്യപ്പെട്ട് അധ്യാപകരും രക്ഷിതാക്കളും രംഗത്ത് വന്നു. എന്നാല്‍, ഹയര്‍ സെക്കന്‍ഡറി നാടക മല്‍സരം നടന്ന വേദിയാണിതെന്ന് അധികൃതര്‍ അവകാശപ്പെട്ടെങ്കിലും ശബ്ദം കേള്‍ക്കുന്നില്ലെന്ന് പറഞ്ഞ് കണികള്‍ എത്തിയതോടെ വേദി പൂജപ്പുരയിലേക്ക് മാറ്റി.