25തിരുവനന്തപുരം: ഹയർ സെക്കൻഡറി വിഭാഗം ചെണ്ട, തായമ്പക മത്സരത്തിൽ തായമ്പക വിദ്വാൻ കല്ലൂർ രാമൻകുട്ടി മാരാരുടെ ശിഷ്യന്റെ മേളപ്രമാണം. കല്ലൂരിന്റ ശിഷ്യനായ പാലക്കാട് ലക്കിടി എസ്.എസ്.ഒ. എച്ച്.എസ്.എസിലെ കെ.എം.ശ്രീഹരി ചെണ്ടയിൽ ഒന്നാം സ്ഥാനത്തെത്തി. ചെണ്ടയിൽ വിസ്മയിപ്പിക്കുന്ന കരവേഗം തീർത്താണ് ശ്രീഹരി ഒന്നാമനായത്. 
 
അഞ്ച്‌ വർഷമായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്ന ശ്രീഹരി രണ്ടുതവണ ഒന്നാം സ്ഥാനം നേടിയിരുന്നു. ലക്കിടി പനാവൂർ മന ഹരിരാഗത്തിൽ കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രത്തിലെ മേൽശാന്തി നാരായണൻ നമ്പൂതിരിയുടെ മകനാണ്. കല്ലൂരിന്റെ മകൻ കല്ലൂർ ഉണ്ണികൃഷ്ണന്റെ കീഴിലാണ് ശ്രീഹരി ഇപ്പോൾ ചെണ്ട അഭ്യസിക്കുന്നത്. കഥകളിയിൽ മേളപ്പദം അരങ്ങേറിയിട്ടുണ്ട്.
    
കോഴിക്കോട് കൊയിലാണ്ടി ജി.വി. എച്ച്.എസ്.എസിലെ പി.വി.സനന്ദ് രാജുവാണ് ചെണ്ടയിൽ രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വർഷം ഹൈസ്കൂൾതലത്തിൽ ചെണ്ടയിൽ ഒന്നാം സ്ഥാനത്തെത്തിയ സനന്ദ് രാജു ഇക്കൊല്ലം തബല, മൃദംഗം, പഞ്ചവാദ്യം എന്നിവയിൽ എ ഗ്രേഡ് നേടിയിരുന്നു.  
     
തിരുവനന്തപുരം ഹോളി ഏഞ്ചൽസ് കോൺവെന്റിലെ കെ.ശോഭിതയും സംഘവും അവതരിപ്പിച്ച തായമ്പക മൂന്നാം സ്ഥാനത്തെത്തി. തായമ്പകയിൽ പെൺകുട്ടികളുടെ ഏക സംഘമാണ് മത്സരത്തിന് ഉണ്ടായിരുന്നത്. ചെണ്ട, തായമ്പക മത്സരത്തിൽ പങ്കെടുത്ത എല്ലാവരും എ ഗ്രേഡ് നേടി.