തിരുവനന്തപുരം: ആദ്യ അവസരത്തിൽ സി.ഡി. പ്ലെയർ പണിമുടക്കി; പിന്നീട്‌ നൃത്തത്തിനിടെ വേദിയിൽ വീണ്‌ കൈക്ക്‌ പരിക്കേറ്റു. എന്നിട്ടും പ്രതിഭയുടെ കരുത്തും ആത്‌മവിശ്വാസവും ചേർത്ത്‌ ചന്ദന ഒന്നാം സ്ഥാനത്തെത്തി. 
മത്സരത്തിനിടെ കൈക്കുണ്ടായ വേദന സഹിച്ചായിരുന്നു ചന്ദനയുടെ നൃത്തം. 

നൃത്തം കഴിഞ്ഞ് നേരെ ആശുപത്രിയിലേക്ക്. കൈയിലുണ്ടായ ചതവിന് പ്ലാസ്റ്ററുമിട്ടു. 

എച്ച്‌.എസ്‌. നാടോടി നൃത്തത്തിൽ ഒന്നാമതെത്തുമ്പോൾ ചന്ദനയുടെ മനസ്സിൽ ഒരേയൊരു മുഖമേ ഉണ്ടായിരുന്നുള്ളൂ ‘മഞ്ജു വാര്യർ’. 

ചിലങ്കയിലെ താളമായി വേദിയിലെത്താൻ ഒപ്പം നിന്നത് മഞ്ജുവിന്റെ സഹായമാണ്. ഇത്തവണ ചന്ദന മത്സരിച്ച ഓരേയൊരു ഇനമാണ് നാടോടിനൃത്തം.     

 ചന്ദനയുടെ പരിപാടിക്കിടെ മൂന്ന് തവണ സി.ഡി. െപ്ലയർ പണിമുടക്കി. ഡി.ഡി.ഇ. യോട് ഒരു തവണ കൂടി മത്സരിക്കാൻ അനുവാദം ചോദിച്ചു. ഇതിനിടെ അടുത്ത മത്സരാർഥി വേദിയിലെത്തി. അതിലും സി.ഡി. പ്ലയർ പണിമുടക്കിയതോടെ  ചന്ദനയ്ക്ക്‌ വീണ്ടും മത്സരിക്കാൻ അവസരം നൽകുകയായിരുന്നു.  

എല്ലാ മാസവും ചന്ദനയുടെ അക്കൗണ്ടിലേക്ക് മുടങ്ങാതെ നിശ്ചിത തുക മഞ്ജു അയക്കാറുണ്ട്. ഇത്തവണ കലോത്സവ വേദിയിലെത്താൻ ഇരുപതിനായിരം രൂപ നൽകിയിരുന്നു. അമ്മ സന്ധ്യയുടെ വളയും കൂടി പണയം െവച്ചാണ് വേദിയിലെത്തിയത്‌.

 കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ ചന്ദനയുടെ പ്രകടനം കണ്ട്‌ ‘മാതൃഭൂമി’ കണ്ടെത്തി മഞ്ജു വാര്യർ സ്പോൺസർ ചെയ്ത കുട്ടികളിലൊരാളാണ്‌ ചന്ദന. ആലപ്പുഴ ചേർത്തല ഗവ. ഗേൾസ്‌ സ്കൂളിലെ ഒൻപതാം ക്ളാസ്‌ വിദ്യാർഥിനിയാണ്‌. 
ചന്ദനയുടെ അച്ഛൻ രാജേന്ദ്രൻ ടാക്സി ഡ്രൈവറാണ്. അമ്മ സന്ധ്യ നൃത്താധ്യാപികയും. 

കഴിഞ്ഞ കലോത്സവത്തിൽ പ്രതിഭ തെളിയിച്ച 12 പേരെയാണ് മഞ്ജു വാര്യർ സ്പോൺസർ ചെയ്തത്. അപ്പീലടക്കം 31 മത്സരാർഥികളാണ് നാടോടിനൃത്തത്തിൽ പങ്കെടുത്തത്‌.