ഹാ പുഷ്പമേ...

അത് തികച്ചും അപ്രതീക്ഷിതമായിരുന്നു. പാലക്കാട് ജൈനിമേട്ടിൽനിന്ന് നങ്യാരായി വന്ന ഒരു പെൺകുട്ടി തോന്നയ്ക്കലെ വളപ്പുകടന്ന് ആശാന് പ്രണാമമർപ്പിച്ചു. ‘വീണപൂവി’ന്റെ കണ്ണീർവാക്കുകൾ പിറന്നുവീണ നാട്ടിൽനിന്നുള്ള പ്രണാമം. അത് കുമാരനാശാനുള്ള പാലക്കാടൻമണ്ണിന്റെ ആദരമായിരുന്നു. ജൈനിമേട്ടിൽ താമസിക്കുമ്പോഴാണ് ആശാൻ ‘വീണപൂവ്’ എഴുതിത്തുടങ്ങിയത്.

‘ വീണപൂവെ’ഴുതിയ നാട്ടിൽനിന്ന് ആശാനൊരു നങ്യാരുടെ പ്രണാമം
ചിത്രം : സിനോജ് വിശ്വനാഥ് 

സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽനിന്ന് അച്ഛനൊപ്പം ഒരു യാത്രപോകുമ്പോൾ ഭവ്യ ശങ്കർ ജൈനിമേടിനെക്കുറിച്ചാണ് പറഞ്ഞത്. വടക്കന്തറ മങ്ങാട്ട് വീട്ടിലെ കുട്ടിക്ക് ആശാനെ അറിയാം. പഠിച്ചിട്ടുമുണ്ട്. ‘വീണപൂവ്’ ചൊല്ലാനുമറിയാം.

‘ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ...’

പഴയൊരു ഒാലവീട്. ചട്ടങ്ങളെ മാറ്റാൻപറഞ്ഞ വാക്കിന്റെ നിലപാടുതറ. പച്ചമണ്ണിൽനിന്ന് മുളച്ചുവന്ന പുൽനാമ്പുകൾ തെഴുത്തുനിന്നു. കവി ഉപയോഗിച്ച കിണറിന്റെ വളപ്പിൽനിന്നുള്ള നീരൊഴുക്കം മോശമല്ല. കേരളം ജാതിപ്പനിയിൽ വിറച്ചുനിൽക്കവെ, നെറ്റിയിൽ നനച്ചിട്ട ശീല ഇൗ നീരിലാവണം മുക്കിയെടുത്തത്. 

‘ചണ്ഡാലഭിക്ഷുകി’യുടെ ഒാർമ്മപ്പെടുത്തലുണ്ട് കിണറിൽ. എല്ലാവർക്കും നീരേകാൻ കിണറുകൾ തുറന്നുനൽകുന്ന വിപ്ലവത്തിന് കേരളം കടപ്പെട്ടിരിക്കുന്നു.ആശാന്റെ അക്ഷരങ്ങളിൽനിന്നാണ് ആ നീക്കങ്ങൾക്ക് തീപിടിച്ചതെന്ന് പഠിച്ചിട്ടുണ്ട്. ഭവ്യ ശങ്കറിന്റെ ഒാർമ്മയിലുണ്ട് ടീച്ചർ ചൊല്ലിയ കവിതകൾ. ഇനിയും പഠിക്കണം. നങ്യാർകൂത്തിന്റെ വേഷത്തിലെത്തിയ അതിഥിക്ക് തോന്നയ്ക്കൽ സ്മാരകം സ്വാഗതമേകി. 

അവർക്കിടയിൽനിന്ന് കിണറിന്റെ കൽമറയ്ക്കരികിലേക്ക്. ഭിക്ഷുകിയും ആശാന്റെ സീതാകാവ്യവും മിഴിരണ്ടിൽ. കുമരംപുത്തൂർ സ്കൂളിന്റെ കുട്ടി ആശാന്റെ ഛായാചിത്രത്തിനുമുന്നിൽ തൊഴുതു. ശ്രീനാരായണഗുരു വന്ന് താമസിച്ച ഇടമെന്ന് അവിടെ രേഖപ്പെടുത്തിയിരിക്കുന്നു. മനുഷ്യന്റെ മഹത്വത്തിന് വേണ്ടതെല്ലാം പഠിപ്പിച്ച ഗുരുവും ശിഷ്യനും. നങ്യാർവേഷത്തിൽ ഭവ്യ അവതരിപ്പിച്ച കഥയ്ക്ക് ഇവിടെയും പ്രസക്തിയേറെയായിരുന്നു.

കുഞ്ഞുങ്ങളെ കൊന്നെറിഞ്ഞ ഹിംസയുടെ പ്രതീകത്തെ ഇല്ലാതാക്കിയ കൃഷ്ണചരിതമായിരുന്നു അവൾ വേദിയിലെത്തിച്ചത്. കൈയും മെയ്യും മിഴിയും പറഞ്ഞു ആ നിമിഷങ്ങൾ. ഗോപൻമാർ, രാജസേവകർ എല്ലാം ഭയന്നിരുന്നു. കൃഷ്ണന്റെ മറ്റൊരു മുഖം. വധം കഴിഞ്ഞ് സ്നേഹംവഴിയുന്ന കണ്ണുകളിൽ മാധവൻ നിന്നിരിക്കണം. 

കേരളത്തിന്റെ കുഞ്ഞുങ്ങളെ ഇരുളിൽത്തള്ളിയവരെ അറിവുകൊണ്ട് ഇല്ലാതാക്കിയ കവി അത് കണ്ടിരിക്കണം. ദാഹിക്കുന്നവന് ജലവും വിശക്കുന്നവന് അപ്പവും നൽകണമെന്നുറപ്പിച്ചവർ. കാറ്റിടിക്കവെ തോന്നയ്ക്കലിന്റെ മണ്ണ്‌ മാത്രം നീറിയില്ല. കാരണം അത് പണ്ടേ വലിയൊരു തണലിലായിരുന്നു. കാവ്യം കൊരുത്ത് മത്സരിച്ചവരെ വഴിക്കുവിട്ട് ആശാൻകവിതകൊണ്ട് നീറ്റലാറ്റി, പോരാടാൻ ഉറപ്പിച്ചു. അതിന്റെ തണുപ്പിൽ നിൽക്കെ നങ്യാർകുട്ടിക്കും കൂത്ത് മത്സരത്തിന്റെ ആധികൾ വിട്ടൊഴിഞ്ഞിരുന്നു.