തിരുവനന്തപുരം:നാടകം കണ്ടാൽ മാത്രം മതിയെന്ന സംഘാടകരുടെ നിലപാടായിരുന്നു ഇത്തവണ നാടകവേദിയെ സംഘർഷത്തിലാക്കിയത്. അവിടെ സംഘാടകർക്കും നാടകപ്രവർത്തകർക്കുമിടയിൽ ഇടനിലക്കാരനായാണ് ഷാജഹാനെ കാണികൾ ആദ്യം ശ്രദ്ധിച്ചത്. തർക്കങ്ങൾക്കൊടുവിൽ ഹൈസ്കൂൾവിഭാഗം നാടകം രണ്ടാം വേദിയായ പൂജപ്പുരയിലേക്ക് മാറ്റിയപ്പോൾ അവിടെ ശബ്ദസാങ്കേതിക വിദഗ്ദ്ധനായി വേഷപ്പകർച്ച.

തിരുവനന്തപുരം പൂവച്ചൽ സ്വദേശിയാണ് നാടകപ്രവർത്തകൻകൂടിയായ ഇൗ സാങ്കേതികവിദഗ്ദ്ധൻ.

സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസിലെ അലൂമിനിയം റൂഫായിരുന്നു വേദിയിലെ വില്ലൻ. സംഭാഷണം പ്രതിധ്വനിച്ച് ഹയർ സെക്കൻഡറി നാടകമത്സരം വിവാദമായിരുന്നു. ഷാജഹാനുൾപ്പെടെയുള്ളവർ ഇടപെട്ടതിെനത്തുടർന്നാണ് വേദി മാറ്റിയത്. പൂജപ്പുരയിലെ വേദിയിൽ ശബ്ദസജ്ജീകരണത്തിന് സ്വന്തം കൈയിലുള്ള മൈക്കുകളും മറ്റും ഷാജഹാൻ കൊണ്ടുവന്നു.

അങ്ങനെ കാഴ്ചയിൽ പെടാത്ത ഓവർഹെഡ് ഹാങിങ് മൈക്കുകൾ കലോത്സവവേദി ആദ്യമായി കണ്ടു. ബൗണ്ടറി മൈക്രോഫോണുകളും വേദിയിലെത്തി. ശബ്ദസാങ്കേതിക പ്രവർത്തകരുടെ മിക്‌സറിന്റെ നിയന്ത്രണം ഷാജഹാൻ നേരിട്ട് ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ആറുവർഷത്തെ നാടകവേദിയിലെ പരിചയം കലോത്സവത്തിന് മുതൽക്കൂട്ടായി. ഒടുവിൽ അടുത്ത വർഷത്തെ കലോത്സവ നടത്തിപ്പിന് ശബ്ദസംവിധാനത്തെക്കുറിച്ചുള്ള പ്രോജക്ട് തയ്യാറാക്കാനും അധികൃതർ ഷാജഹാനോട് ആവശ്യപ്പെട്ടു.

നാടകത്തിന് ഒട്ടും യോജിക്കുന്നതായിരുന്നില്ല ഇത്തവണത്തെ വേദിയെന്ന ആരോപണം ആദ്യം മുതലേ ഉണ്ടായിരുന്നു. ഓരോ ഇനത്തിന്റെയും പ്രത്യേകതകൾ മനസ്സിലാക്കി ശബ്ദം, വെളിച്ചം തുടങ്ങിയ സജ്ജീകരണങ്ങളൊരുക്കണമെന്നാണ് ഷാജഹാന്റെ നിർദ്ദേശം.