തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ട്രോഫികള്‍ മത്സരാര്‍ത്ഥികള്‍ക്കും സംഘാടകര്‍ക്കുമെല്ലാം ഒരുപോലെ ഭാരമാകുന്നു. ഒന്നാംസ്ഥാനക്കാര്‍ക്കുള്ള എവര്‍ റോളിങ് ട്രോഫികള്‍ പലര്‍ക്കും വേണ്ടാത്ത അവസ്ഥയാണ്. ട്രോഫികള്‍ വിജയികള്‍ക്ക് സ്വന്തമാക്കാനാവില്ലെന്നത് മാത്രമല്ല പല ട്രോഫികളുടെയും അവസ്ഥ കലോത്സവത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണ്.

നാല്‍പത് കിലോ വരുന്ന നടരാജ വിഗ്രഹം മുതല്‍ 400 ഗ്രാം പോലുമില്ലാത്ത ഇത്തിരിക്കുഞ്ഞന്‍ ട്രോഫികള്‍ വരെ ഒന്നാംസ്ഥാനക്കാര്‍ക്ക് നല്‍കാനായി ട്രോഫി കമ്മിറ്റി ഓഫീസില്‍ ഒരുങ്ങിയിരിപ്പുണ്ട്. ഒരേ തരത്തിലുള്ള മത്സരങ്ങളില്‍ വിജയിച്ചു വരുന്നവര്‍ക്ക് പോലും വലിയ വൈരുദ്ധ്യമുള്ള ട്രോഫികളാണ് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ട്രോഫികള്‍ പലതും മത്സരാര്‍ത്ഥികള്‍ക്ക് കൊടുക്കാന്‍ നാണം തോന്നിപ്പിക്കുന്നവയാണെന്ന് ട്രോഫി കമ്മിറ്റി അംഗങ്ങള്‍ തന്നെ പറയുന്നു.

Nataraja
40 കിലോ തൂക്കം വരുന്ന നടരാജ ട്രോഫി.

എവര്‍ റോളിങ് ട്രോഫികള്‍ സാധാരണ സ്‌കൂളുകളിലോ ജില്ലയിലെ ഡിഡി ഓഫീസിലോ ആണ് സൂക്ഷിക്കുക. അതിനാല്‍ തന്നെ മത്സരവിജയികള്‍ക്കും ഇവയുടെ ഭാരമേറ്റെടുക്കാന്‍ മടിയാണ്. പലരും എവര്‍ റോളിങ് ട്രോഫി വേണ്ടെന്ന് പറയുമെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ ട്രോഫി കൂടെ ഏറ്റെടുത്തേ മതിയാകൂ എന്നതിനാല്‍ ഇവ സ്വീകരിക്കുകയാണെന്ന് ട്രോഫി കമ്മിറ്റി കണ്‍വീനര്‍ ഡോക്ടര്‍ എന്‍ ഐ സുധീഷ് കുമാര്‍ പറയുന്നു.

232 ഇനങ്ങളില്‍ മത്സരം നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ ഒന്നാംസ്ഥാനക്കാര്‍ക്കായി 232 ട്രോഫികളാണുള്ളത്. എല്ലാ വര്‍ഷവും 14 ജില്ലകളില്‍ നിന്നും ട്രോഫി കമ്മിറ്റി ഇവ ശേഖരിക്കുകയാണ്. ജില്ലാതലത്തില്‍ ഡിഡി ഓഫീസിനാണ് ഇവ സമാഹരിച്ച് നല്‍കേണ്ട ചുമതല. ഡിഡി ഓഫീസില്‍ നിന്നും ട്രോഫികളെത്തി, ട്രോഫി കമ്മിറ്റി എന്‍ഒസി നല്‍കിയാലേ ഓരോ ജില്ലയ്ക്കും സംസ്ഥാന കലോത്സവത്തില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കാനാവൂ. 

Trophy
മത്സരവിജയിക്ക് ഡിപിഐ എം എസ് ജയ ട്രോഫി സമ്മാനിക്കുന്നു.

എന്നാല്‍ ട്രോഫികള്‍ നഷ്ടപ്പെടുന്നത് പതിവാണ്. ഇത്തവണ മാത്രം 16 ട്രോഫികള്‍ തിരിച്ചെത്താനുണ്ട്. ജില്ലയിലെ എല്ലാ മത്സരാര്‍ത്ഥികളെയും ബാധിക്കുന്ന കാര്യമായതിനാല്‍ ഇക്കാര്യത്തില്‍ സംഘാടകര്‍ കണ്ണടയ്ക്കാറാണ് പതിവ്. വര്‍ഷങ്ങള്‍ പഴക്കുമുള്ള ട്രോഫികളില്‍ പകുതിയിലേറെയും ഉപയോഗശൂന്യമായ നിലയിലാകും തിരിച്ചെത്തുന്നതും. ഇവയില്‍ കുറേ എണ്ണത്തിന്റെ കേടുപാടുകള്‍ തീര്‍ത്തും കുറച്ച് പുതിയവ വാങ്ങിച്ചുമാണ് 232 ഇനങ്ങള്‍ക്കും നല്‍കാറ്.

സംസ്ഥാന കലോത്സവ വിജയികള്‍ക്ക് ക്യാഷ് പ്രൈസ് ഉണ്ടെങ്കിലും മൊമെന്റോ ആയി നല്‍കുന്നവയില്‍ കൂടുതലും ശോചനീയാവസ്ഥയിലുള്ള ട്രോഫികളാണെന്നത് ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കമെന്ന വിശേഷണത്തിന് തന്നെ മങ്ങലേല്‍പിക്കുന്നതാണ്. ഇത്തവണ വിജയികള്‍ക്ക് സ്വകാര്യ കമ്പനി സ്‌പോണ്‍സര്‍ ചെയ്ത മൊമെന്റോ ഉണ്ട്. എന്നാല്‍ എവര്‍ റോളിങ ഒഴിവാക്കി ഒന്നാംസ്ഥാനക്കാര്‍ എല്ലാവര്‍ക്കും ഒരേതരത്തിലുള്ള ട്രോഫികള്‍ നല്‍കുന്ന രീതി നിലവില്‍ വരണമെന്നാണ് മത്സരാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരുമെല്ലാം ഒരേസ്വരത്തില്‍ പറയുന്നത്.