ഗവ. വിമന്‍സ് കോളേജ്: മാപ്പിളകലകള്‍ ഇവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. അതുകൊണ്ടാവണം സംസ്ഥാന കലോത്സവത്തിന്റെ മാപ്പിളകലാ വേദികളില്‍ ഇവര്‍ക്ക് ഇത്രയേറെ ആധിപത്യം. സംഘമായവതിരിപ്പിക്കുന്ന മാപ്പിളകലകള്‍ കുത്തകയാക്കുകയാണ് മാപ്പിളപ്പാട്ടിന്റെ ചക്രവര്‍ത്തിയായ മോയിന്‍കുട്ടി വൈദ്യരുടെ നാട്ടുകാരായ കൊട്ടുകര പിപിഎംഎച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍. 

സംസ്ഥാന കലോത്സവത്തില്‍ കോട്ടുകര സ്‌കൂള്‍ ഭൂരിഭാഗം ഗ്രൂപ്പ് മാപ്പിളകലാ മത്സരങ്ങളിലും മത്സരിക്കുന്നുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദഫ്മുട്ട്, വട്ടപ്പാട്ട്, കോല്‍ക്കളി എന്നീ വിഭാഗങ്ങളിലേക്കാണ് ഇവര്‍ യോഗ്യത നേടിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ദഫ്മുട്ട്, വട്ടപ്പാട്ട്, ഒപ്പന എന്നീ ഇനങ്ങള്‍ക്കും. ഗ്രൂപ്പ് ഇനങ്ങളില്‍ സംസ്ഥാന തലത്തില്‍ സ്‌കൂളിന് യോഗ്യത നേടാനാകാതെ പോയത് ഹൈസ്‌കൂള്‍ ഒപ്പനയ്ക്കും ഹയര്‍ സെക്കന്‍ഡറി കോല്‍ക്കളിക്കും മാത്രമാണ്.

മത്സരിക്കുക മാത്രമല്ല മികച്ച റിസല്‍ട്ടും കൊട്ടുകരയ്ക്കുണ്ട്. ഇതുവരെ റിസല്‍ട്ട് വന്ന അഞ്ചിനങ്ങള്‍ക്കും എ ഗ്രേഡ് നേടിയ സംഘത്തിന് ഇനി റിസല്‍ട്ട് വരാനുള്ള ഹയര്‍ സെക്കന്‍ഡറി ഒപ്പനയെ കുറിച്ചും നിറഞ്ഞ പ്രതീക്ഷയാണ്. ഹൈ സ്‌കൂള്‍ വിഭാഗം വട്ടപ്പാട്ടിനും ഹയര്‍ സെക്കന്‍ഡറി വിഭാഗം ദഫ്മുട്ടിനും കോട്ടുകരയ്ക്ക് ഒന്നാംസ്ഥാനമുണ്ട്. ഹയര്‍സെക്കന്‍ഡറി വട്ടപ്പാട്ടിന് രണ്ടാംസ്ഥാനവും. ഹൈ സ്‌കൂള്‍ ദഫില്‍ നാലാമതാണ് ഇവര്‍.