കലയും സാഹിത്യവുമെല്ലാം കുട്ടികളുടെ വ്യക്തിത്വ വികാസത്തെയും സാമൂഹിക ജീവിതത്തെയുമെല്ലാം വളര്‍ത്തുന്ന കാര്യമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ കലോത്സവ രംഗത്തെ അമിതമായ മത്സരാവേശം ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്ന സാമാന്യ തത്വത്തെ തന്നെ മറന്നുകൊണ്ടുള്ളതാണ്. എന്ത് ആരോഗ്യ പ്രശ്‌നമുണ്ടായാലും കുട്ടികള്‍ മത്സരിക്കാനും രക്ഷിതാക്കള്‍ മത്സരിപ്പിക്കാനും തയ്യാറാകുമ്പോള്‍ ചിലപ്പോഴെങ്കിലും കലോത്സവ വേദികള്‍ ബാലാവകാശത്തിന്റെ അതിര്‍രേഖകള്‍ ലംഘിക്കുന്നു.

ചമയമിട്ടും ഭക്ഷണം കഴിക്കാതെയുമുള്ള മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പും അമിത സമ്മര്‍ദ്ദവുമെല്ലാം മൂലം വേദിയിലും പുറത്തും മത്സരാര്‍ത്ഥികള്‍ കുഴഞ്ഞുവീഴുന്നത് കലോത്സവ വേദിയില്‍ പതിവാണ്. മികച്ച സംഘാടനത്തിലൂടെയും കൃത്യമായ കൗണ്‍സിലിങ്ങിലൂടെയും മാത്രമേ ഇത്തരം പ്രശ്‌നങ്ങളുടെ പരിധിവരെയെങ്കിലും പരിഹരിക്കാനാകൂ. ഇത്തരം സൗകര്യങ്ങള്‍ക്കായുള്ള ആവശ്യങ്ങള്‍ ഇന്നും ഫലവത്തായിട്ടില്ല.

Margamkali
മാര്‍ഗംകളിക്കിടെ താഴെവീണ കുട്ടിയെ പ്രാഥമക ശുശ്രൂഷയ്ക്കായി കൊണ്ടുപോകുന്നു. ഫോട്ടോ: സജീവ് ഇ നായര്‍.

മത്സരാര്‍ത്ഥികള്‍ തളര്‍ന്നു വീഴുന്നതും ഛര്‍ദ്ദിക്കുന്നതുമെല്ലാം മിക്കവാറും ആ സമയത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മൂലമാണ്. എന്നാല്‍ അസുഖങ്ങളോ പരിക്കുകളോ ഉള്ള നിരവധി വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ കലോത്സവത്തിന് മത്സരിക്കാനെത്തുന്നുണ്ട്. ഇവര്‍ അതത് മത്സരത്തില്‍ പങ്കെടുക്കാന്‍ തക്കവണ്ണം ആരോഗ്യമുള്ളവരാണോ എന്ന് പരിശോധിക്കാന്‍ നിലവില്‍ സംവിധാനങ്ങളൊന്നുമില്ല. പരിക്കേറ്റവരും മറ്റുമായി ധാരാളം പേര്‍ മത്സരിക്കുന്നതും വേദനയോടെ വേദി വിടുന്നതിനുമെല്ലാം ഈ കലോത്സവത്തിലും അപൂര്‍വമല്ലാത്ത കാഴ്ചയായിരുന്നു. വേദനസംഹാരികള്‍ കുത്തിവെച്ച് പ്രകടനം പൂര്‍ത്തിയാക്കിയവരുമുണ്ട്.

ആരോഗ്യപ്രശ്‌നങ്ങളോ പരിക്കുകളോ ഉണ്ടെങ്കിലും മത്സരാര്‍ത്ഥികളും രക്ഷിതാക്കളും കഴിയുന്നത്ര മത്സരിക്കുക എന്ന ഒപ്ഷന്‍ തന്നെയാണ് തിരഞ്ഞെടുക്കാറ്. തളര്‍ച്ച മാറ്റാന്‍ എനര്‍ജി ഡ്രിങ്കുകളും മറ്റും ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവല്ല. വേദന സംഹാരികളും ബിസ്‌ക്കറ്റും ഗ്ലൂക്കോസും സോഫ്റ്റ് ഡ്രിങ്കുകളുമൊക്കെ തന്നെയാണ് കലോത്സവ കാലത്ത് കുട്ടികളുടെ പ്രധാന ഭക്ഷണം. ഇവ ഭാവിയില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഏറെ നാളത്തെ അധ്വാനവും പ്രതീക്ഷയുമെല്ലാം നഷ്ടപ്പെടുത്താന്‍ പൊതുവെ ആരും തയ്യാറാകില്ല എന്നതാണ് ആരോഗ്യത്തെ പോലും അവഗണിച്ച് ഇത്തരം സാഹസങ്ങള്‍ക്ക് മുതിരാന്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പ്രേരിപ്പിക്കുന്നത്.

Image
വേദനസംഹാരി കുത്തിവെച്ച് ദഫ്മുട്ട് മത്സരത്തില്‍ പങ്കെടുത്ത സിവികിന് മത്സരശേഷം വെള്ളം നല്‍കുന്ന ടീമംഗങ്ങള്‍. ഫോട്ടോ: സജീവ് ഇ നായര്‍.

പരിക്കുമായി വേദിയില്‍ എത്തിയവര്‍ ഇത്തവണയും കുറവല്ല. രണ്ടാംദിനം നടന്ന ഹയര്‍ സെക്കന്‍ഡറി ദഫ്മുട്ട് വേദിയില്‍ പരിക്കിന്റെ കളിയായിരുന്നു. കോട്ടയം സിഎംഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സിവിക് ചാക്കോ ഒടിഞ്ഞ കയ്യും താടിയില്‍ ബാന്‍ഡേജുമായാണ് മത്സരത്തിനെത്തിയത്. വേദനസംഹാരി കുത്തിവെച്ചാണ് സിവിക് മത്സരത്തിന് കയറിയത്. ഇതേ ഇനത്തില്‍ മത്സരിച്ച പള്ളുരുത്തി സെന്റ് സെബാസ്റ്റിയന്‍ എച്ച്എസ്എസിലെ നൈസ്വിനും പരിക്കുമായാണ് മത്സരത്തിനെത്തിയത്. കാലിന്റെ തള്ളവിരലിന് ഒടിവുണ്ടായിരുന്ന നൈസ്വിന്‍ മത്സരശേഷം തീവ്രവേദയോടെ ടീമംഗങ്ങളുടെ തോളില്‍ പിടിച്ചാണ് വേദിക്ക് പുറത്തെത്തിയത്.

ഹൈസ്‌കൂള്‍ വിഭാഗം പൂരക്കളിയില്‍ റിഹേഴ്‌സലിനിടെ പരിക്കേറ്റ കൈയ്യുമായി മത്സരത്തിനിറങ്ങിയ മാന്നാര്‍ എന്‍എസ്ബിഎച്ച്എസ്എസിലെ ഫെയ്ത്തിന് മത്സരത്തിനിടെ വേദന കലശലായപ്പോള്‍ മാറി നില്‍ക്കേണ്ടി വന്നു.

സംസ്ഥാന തലത്തില്‍ അവസരം ലഭിക്കുക എന്നത് അപൂര്‍വ ഭാഗ്യമാണെന്നും അത ഒരു തരത്തിലും നഷ്ടപ്പെടുത്തില്ലെന്നും കുട്ടികളും രക്ഷിതാക്കളും ഏകസ്വരത്തില്‍ പറയുന്നു. ഒരു കാരണവശാലും മത്സരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും പരിക്കു പറ്റിയാല്‍ പോലും എന്തു വിലകൊടുത്തും മത്സരിക്കാനേ ശ്രമിക്കൂ എന്നും തൃശൂരില്‍ നിന്നെത്തിയ പ്‌ലസ് ടു വിദ്യാര്‍ത്ഥി സിനി പറയുന്നു. സിനിയുടെ അഭിപ്രായത്തെ സുഹൃത്തുക്കളും പിന്താങ്ങുന്നു. സംസ്ഥാന കലോത്സവം വലിയ വേദിയാണ്, ഇവിടെ അവസരം നഷ്ടപ്പെടുത്താനാവില്ല- ഇടുക്കി സ്വദേശി വിഷ്ണു പറയുന്നു. എന്നാല്‍ താഴ്ന്ന തലങ്ങളില്‍ അത്രതന്നെ റിസ്‌ക് എടുക്കില്ലെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.

Image

കുട്ടി ഒരു മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ പ്രത്യേകിച്ച് സ്‌റ്റേജ് ഐറ്റമാകുമ്പോള്‍ കുട്ടിയേക്കാളേറെ ബുദ്ധിമുട്ടനുഭവിക്കുന്നത് മാതാപിതാക്കളാണ്. കുറച്ചൊക്കെ കഷ്ടപ്പെടേണ്ടി വന്നാലും മത്സരിക്കുന്നതിന് കാരണമിതാണ്- കോഴിക്കോട് നിന്നെത്തിയ ബാലചന്ദ്രന്‍ നയം വ്യക്തമാക്കുന്നു. മക്കള്‍ക്ക് സുഖമില്ലെങ്കില്‍ മത്സരിപ്പിക്കുന്നതിനോട് താല്‍പര്യമില്ല. എന്നാല്‍ പലപ്പോഴും രക്ഷിതാക്കള്‍ കുട്ടികളുടെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വരികയാണെന്നാണ് ഇടുക്കി സ്വദേശി ജാന്‍സിയുടെ അഭിപ്രായം.

അതേസമയം കലോത്സ വേദികളിലെ ഡോക്ടര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യമെന്നും തിരിച്ചറിവില്ലാത്ത അവരെ നയിക്കേണ്ടത് മുതിര്‍ന്നവരാണെന്നും എംഎല്‍എ ക്വാര്‍ട്ടേഴ്‌സ് ഡിസ്‌പെന്‍സറിയിലെ ഡോ. കാര്‍ത്തിക പറയുന്നു. അവസരങ്ങള്‍ വീണ്ടും വരുമെന്നും ഒരു മത്സരമല്ല ജീവിതമെന്നും ഡോക്ടര്‍ പറയുന്നു. പ്രഥമദൃഷ്ട്യാ കുഴപ്പമുണ്ടെന്നു തോന്നുന്ന കുട്ടികളെ പരിശോധനയ്ക്ക് ശേഷം മത്സരിക്കാന്‍ കഴിയുമെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ മത്സരിപ്പിക്കാവൂ എന്നും ഡോ. കാര്‍ത്തിക കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തനിയ്ക്ക് മത്സരിക്കാന്‍ കഴിയുമെന്ന് കുട്ടിക്ക് തോന്നുന്നെങ്കില്‍ കുട്ടികളെ മത്സരത്തില്‍ നിന്ന് തടയരുതെന്നാണ് ആയൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആസ്പത്രിയിലെ ഡോ. സുമി പറയുന്നു. കുട്ടിയുടെ താല്‍പര്യത്തിന് തന്നെയാണ് പ്രാധാന്യം നല്‍കേണ്ടതെന്നും എഴുന്നേല്‍ക്കാന്‍ വയ്യാത്ത ഒരാള്‍ മത്സരിക്കാന്‍ വരില്ലല്ലോ എന്നും ഡോക്ടര്‍ സുമി കൂട്ടിച്ചേര്‍ത്തു. കലോത്സവ വേദികളില്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ക്കുള്ള ക്ലിനിക്കല്‍ ടെസ്റ്റുകള്‍ക്കപ്പുറം ലാബ് ടെസ്റ്റുകള്‍ നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും അവര്‍ ചൂണ്ടിക്കാണിക്കുന്നു.