മലയാളത്തിന്റെ അഭിമാനം കളിച്ചു വളര്‍ന്ന കുന്നിന്‍മുകളിലെത്തുമ്പോള്‍ ഉച്ചവെയില്‍ കനത്തിരുന്നു. ഹില്‍വ്യൂ നിശ്ശബ്ദം. കളിചിരികളും സിനിമാചര്‍ച്ചകളുമില്ല. ഉടമയുടെ പേരറിയിക്കുന്ന കറുത്ത പ്രതലത്തില്‍ പേര് ഇങ്ങനെ....അഡ്വ. കെ.വിശ്വനാഥന്‍ നായര്‍, അഡ്വക്കേറ്റ്.
മോഹന്‍ലാലിന്റെ പ്രിയപ്പെട്ട അച്ഛന്റെ പേര്. അച്ഛനോടുള്ള താരത്തിന്റെ സ്‌നേഹാദരങ്ങള്‍ വിളിച്ചുപറയുന്നതായിരുന്നു ആ ബോര്‍ഡ്. വിശ്വനാഥന്‍ നായരുടെ മരണശേഷവും ലാല്‍ ആ പേരുമായ്ക്കാതെ കാത്തിരിക്കുന്നു.
കുന്നിനെ നമിക്കുന്ന ആ വീടിന് മുന്നില്‍ സന്ദര്‍ശകനായി അശ്വിന്‍ ജി.ശശിധരന്‍ എന്ന കലാകാരന്‍. ദേശം തിരുവനന്തപുരത്തെ പനവൂര്‍. പി.എച്ച്.എം.കെ.എം. സ്‌കൂളില്‍ നിന്ന് വരുന്നവന്‍. കലോത്സവവേദിയില്‍ നിന്ന് ചുട്ടിയൊഴിയാത്ത മുഖവുമായി വന്നത് ലാലിന്റെ വീട് കാണാന്‍.
ഓര്‍മകള്‍ തിരനോട്ടം നടത്തി. 
മുടവന്‍മുകളിലെ കുന്നുകയറി വന്ന ഒരു സൈക്കിള്‍ യാത്രികന്‍. കാമറയ്ക്ക് മുന്നില്‍  വീണുപോയത് ഇവിടെയാണ്. യാത്രികന്‍ ലാലുവായിരുന്നു. വീഴ്ചയില്‍ നിന്നുയര്‍ത്തത്  വിശ്വവിജയത്തിലേക്ക്. ആദ്യ ഷോട്ടിലെ വീഴ്ചയില്‍ നിന്ന് കയറിവന്നിരുന്നത് മലയാള സിനിമയിലെ സിംഹാസനത്തില്‍. പൂമുഖത്ത് ഇപ്പോഴും അതിനിളക്കമേതുമില്ല. 1978ല്‍ നിന്ന് അടുത്ത നൂറ്റാണ്ടും കടന്ന് ആ യാത്ര തുടരുന്നു.
    അശ്വിന്‍ എന്ന കുട്ടിക്ക് മുന്നില്‍ മോഹന്‍ ലാല്‍ വന്നിരുന്നെങ്കില്‍ എന്ന് ഒരു മാത്ര വെറുതെ മോഹിച്ചുപോയി. തന്മാത്രയുടെ ആദ്യ പാദത്തില്‍ മകനെ പ്രചോദിപ്പിക്കുന്ന അച്ഛന്‍. ഇങ്ങനെയാകണം അച്ഛനെന്ന് ആരാണ് മോഹിക്കാത്തത്. കലാകാരന്മാരെ പ്രണമിക്കുന്നതില്‍ ഒട്ടും മടിക്കാത്തവന്‍. താനല്ല ഗോപിയാശാനാണ് സൂപ്പര്‍ സ്റ്റാറെന്ന് പറഞ്ഞത് ആരാണ്. അങ്ങേക്ക് മുന്നില്‍ താന്‍ വെറുമൊരു നടന്‍ മാത്രമെന്ന് തുറന്നുപറഞ്ഞവന്‍. പക്ഷേ കുഞ്ഞുക്കുട്ടന്റെ മിഴിയിളക്കങ്ങളില്‍ ആശാന് ദക്ഷിണ വെച്ചവന്‍. 
ഹില്‍വ്യൂവിന് മുന്നിലെ ആദ്യ ചിത്രീകരണത്തിന്റെ കഥ പറഞ്ഞുകൊടുത്തു. സുരേഷും അശോകും പ്രിയനുമൊക്കെയായി സിനിമയില്‍ കുറിച്ച ഗണപതിക്കൈ. ആദ്യ ഷോട്ടില്‍ ലാലും സൈക്കിളേറി വന്നു. കുന്നിന്‍ നെറുകയില്‍ വീണു. 18 വയസ്സില്‍ താരത്തെ അടയാളപ്പെടുത്തിയ ദിനം.
മനയോല എഴുതിയ കണ്ണില്‍ അമ്പരപ്പ്. ഇനിയും കേള്‍ക്കാനേറെയുണ്ട്. തിരനോട്ടം നടത്തിയാല്‍ പോരാ. കലാശം വരെ കളിച്ച് പോകണം. അതിന് സാധകം ചെയ്യണം...... പറയാന്‍ ചിലത് ഒരുമ്പെട്ടു. വേണ്ട.. ലാലേട്ടന്‍ തന്നെ രക്ഷയ്‌ക്കെത്തി.
'കുട്ടീ...കമലദളം കാണുക.' മിഴിയും മെയ്യും മനസ്സും ചേര്‍ന്നൊരുക്കുന്ന രസവിദ്യ പഠിക്കാന്‍ വേറെ പാഠശാല എന്തിന്. താമരയിതളുകളെ വിരിയിക്കുന്നത് മിഴിയാണ്. മുദ്രകള്‍ അതിലേക്കുള്ള വിളിയാണ്. മെനഞ്ഞെടുക്കുന്ന ശില്പത്തിന്റെ മിഴിവില്‍ കളിമണ്ണിനെ വിസ്മരിക്കാം. വിരിയുന്നതാണ് കാണുന്നത്. മനസ്സ് തെളിയാന്‍ പറയുന്ന ജുബ്ബാക്കാരന്‍ ഓരോ വേദിയിലും അര മണിക്കൂര്‍ ഉണ്ടായെങ്കില്‍. 
   വീടിന് മുന്നില്‍ പൊടുന്നനെ കടമെടുത്ത സൈക്കിളില്‍ ചവിട്ടി പഴയൊരു ചിത്രീകരണത്തിന്റെ ഓര്‍മ പുതുക്കി. അശ്വിന് മുന്നിലുള്ള വലിയ പാതകളില്‍ പാഥേയമായി മാറാന്‍ ചില വാക്കുകള്‍. ദൈവത്തിനുള്ള എഴുത്തുകള്‍ വായിക്കണം. ഉച്ചവെയില്‍ ചിലത് ചെയ്തു തുടങ്ങിയിരുന്നു. ഉടുത്തുകെട്ടഴിച്ചെങ്കിലും മുഖത്ത് ബാക്കിയായ ചുട്ടിയുടെ അടരുകള്‍ ഉതിരാന്‍ തുടങ്ങിയിരുന്നു.