ചട്ടയും മുണ്ടും ധരിച്ച പെൺകിടാങ്ങൾ വളപ്പുകയറി വരുമ്പോൾ കണ്ടുനിന്ന വെള്ളക്കാർ കണ്ണുമിഴിച്ചു. നൂറ് വർഷം മുൻപുള്ളൊരു കേരളം ചുവടുവെച്ചപോലെ...

കാതിൽ വളയം, കാലിൽ തള. മുഖമെഴുത്തിന്റെ അടരുകൾക്ക് മീതെ ചാലിട്ട വിയർപ്പ്. അനന്തപുരിയിൽ ചുവട് വെച്ചുകഴിഞ്ഞുള്ള ചെറിയൊരു കറക്കം. 
നിർത്താതെ പത്ത് നിമിഷം തകർത്താടിയ കിടാങ്ങൾ പക്ഷേ കിസോയുടെ വൈഭവത്തിന് മുന്നിൽ കൺമിഴിച്ചു. നേപ്പിയർ മ്യൂസിയമെന്നാണ് ഹാജർ പുസ്തകത്തിലെ പേര്. പക്ഷേ തിരോന്തോരത്തിന്റെ മുഖത്തെ ഇൗ ചുവന്ന പൊട്ട് നാട്ടുവഴക്കത്തിൽ നേപ്പിയറിന്റെ പേര് തള്ളി. 

വിയർപ്പാറിയ കുട്ടികൾ മുറ്റമേറി വരവെ റോബർട്ട് കീസോയുടെ മന്ദിരത്തിനും ആദരവിന്റെ പൊട്ടുകുത്തിയപോലെ. അവർ ഒരിക്കൽ കൂടി പാടുമ്പോൾ കേൾക്കാനുണ്ടായിരുന്നു സഞ്ചാരികൾ.

maragam

മേയ്ക്കണീന്ത... പീലിയുമായിൽ
മേൽത്തോന്നും മേനിയും
തെയ് തെയ് പിടിത്ത ദണ്ഡും
കൈയ്യും മെയ്യും എന്നെന്നേക്കും വാഴ്കവെ
തെയ് തെയ് വാഴ്ക വാഴ്ക......

കാറ്റുപിടിച്ച കാഴ്ചപ്പനകൾ പദമേറ്റുവാങ്ങി നിന്നു. പൊന്നശോകങ്ങളുടെ തണുപ്പിൽ നിന്ന് ചെവിയോർത്തവർ. തലസ്ഥാനത്തിന്റെ മുഖമുദ്രകളിൽ ഒന്നായ ഇൗ മന്ദിരത്തിൽ അവരിൽ പലരും ആദ്യമായി വരികയാണ്. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ മിടുക്കികൾ. അലീനയും ആലിക്കും ആതിരയും ഭാമയും ഭദ്രയും കൃഷ്ണപ്രിയയും ചന്ദനയും ....

സ്കൂൾ കലോത്സവത്തിന്റെ ഇടവേളയിൽ ഒരല്പം കാഴ്ച. ഭാരതപര്യടത്തിന് വന്ന തോമശ്ലീഹയെ വരവേൽക്കുന്ന മാർഗ്ഗം കളിയുടെ ഏതാനും ചുവടുകൾ അവിടെ വീണ്ടും. ‘വിരവിലിനി വരവ് കണ്ടുള്ള ആനന്ദം’.

തിത്തക തകത ചൊല്ലുമ്പോൾ കാത്തുനിന്ന കന്യാസ്ത്രീകൾ കുരിശ് വരച്ചു. ഇവർക്ക് തുണയാകണേ....

ലിസ്ബെൻ സിസ്റ്ററും ലിസ്ബത്ത് സിസ്റ്ററും പോകാൻ നേരമായെന്ന് പറഞ്ഞു. തുടർച്ചയായി എറണാകുളത്ത് ജില്ലയിൽ ഒന്നാമതാണ് ഇൗ കുട്ടികൾ. മ്യൂസിയം കാണണം. ഭാരതത്തിന്റെ അഭിമാനം രാജാ രവിവർമ്മയുടെ ചിത്രങ്ങളും സൂക്ഷിച്ചിട്ടുള്ള ഇടമാണ്. നിക്കോളോസ് റോറിച്ചിന്റെ ഭാവനയും കാണണം.

മുഗൾ, തഞ്ചാവൂർ കലാശൈലികൾ വിവരിച്ചു. പാത മാറി നടക്കുമ്പോൾ ഇംഗിൾബി സായ്പ് തലോടി വളർത്തിയ വൻമരങ്ങളിൽ നിന്നില കൊഴിഞ്ഞു തുടങ്ങിയിരുന്നു. 1880-ൽ നിന്ന് 2016ലേക്കുള്ള യാത്ര. കാലത്തിന്റെ ഒാട്ടത്തിൽ വീണുപോയ മാർഗ്ഗം കളി മടക്കിവിളിച്ച കലോത്സവത്തിന് നന്ദി. അത് കാണാൻ അരങ്ങായ ഇൗ മണ്ണിനും നന്ദി.