അങ്ങ്‌ വടക്ക്  മഞ്ചേശ്വരം കുഞ്ചത്തൂരിൽ  തുടങ്ങുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ഭൂപടം. ഇതിലെ കുട്ടിയും സാറും അച്ഛനും അമ്മയും ഒക്കെ എഴുതുന്നത് ഒരു മലയാളവും പറയുന്നത് മറ്റൊരു മലയാളവും. തെക്കേ അറ്റത്തെ തിരുവനന്തപുരത്തെ അഞ്ചര കിലോമീറ്റർ ചുറ്റളവിൽ ഇപ്പോൾ ഈ പല മലയാളം  പരന്നൊഴുകുന്നു. മാതൃഭാഷയ്ക്ക്‌ പുറമെ സംസ്‌കൃതവും അറബിയും ഇംഗ്ളീഷും ഒക്കെ കേൾക്കാമെങ്കിലും അതൊക്കെ വേദികളിൽ മാത്രം. അനന്തപുരിയിൽ  വന്ന ചില കുട്ടികൾ അവരവരുടെ ഭാഷയിൽ തിരുവനന്തപുരം കണ്ടപ്പോൾ പറയുന്നതിങ്ങനെ:

ശരത്ചന്ദ്രൻ ( ഗവ. എച്ച്.എസ്.എസ്., ഉദിനൂർ, കാസർകോട്)

 റേൽവേ സ്റ്റേഷനിൽ നല്ല സ്വീകരണം കിട്ടി. ആടെ നല്ല ആദരോടെയാ മ്മളെ സ്വീകരിച്ചിനി. ആപ്യാ നല്ലോണം ശ്രദ്ധിച്ചിനി. എനക്ക് തിരുവന്തോരം നല്ലോണം ഇഷ്ടായി. നമ്മള് ഫാമിലിയായി നേരത്തെ വന്നിനി. മാഷ്  ബരണരത്രേ.

അശ്വിൻ രാധ് (പൊയിൽക്കാവ് എച്ച്.എസ്.എസ്., കൊയിലാണ്ടി, കോഴിക്കോട്)

ഈടെ  കൊേേറേ കാഴ്ചകളൊക്കെ കാണാനുണ്ടെന്നു തോന്നുന്നു. നാലേമുക്കാലായപ്പം െട്രയിനിറങ്ങി. ഇറങ്ങ്യ പാടേ ഒാട്ടോക്കാർ വന്ന്  പോന്നോന്ന് ചോയിച്ചു. കെ.എസ്.ആർ.ടി.സി.സ്റ്റാൻഡ്‌ ജോറായിട്ടുണ്ട്. വർക്ക് ഒന്നും ഫുള്ളായിട്ടില്ലാന്നു തോന്നുന്നു. ന്നാലും കോയ്‌ക്കോടിന്റത്രേം പോരാ സ്റ്റാൻഡ്‌. ഞാളെ ബാഷേക്കാൾ  കൊേേേേറ മാറ്റംണ്ട് ഈടത്തെ  ബാഷ.

നിവേദിത കെ.നമ്പൂതിരി (കോട്ടൺ ഹിൽ എച്ച്.എസ്.എസ്.,തിരുവനന്തപുരം)

ശ്രീപദ്മനാഭ സവിധേ ഏവ അന്യവർഷസ്യകലോത്സവ: പ്രചലതി ഇതി അത്യന്തം ആനന്ദസ്യ വിഷയ: സമസ്ത ലോകസ്യ ക്ഷേമായ പ്രാർഥയന്തി വിശ്വ ഭാഷാ അസ്തി സംസ്‌കൃതം. അത്രത്യ സംസ്‌കൃതോത്സവ: അപി ഇമം ശുഭസന്ദേശം ജനഹൃദയേഷ്ഠ പ്രസാരയതു ഇതി പ്രാർഥയേ: (ശ്രീപദ്മനാഭന്റെ തിരുസന്നിധിയിലാണ് ഈ വർഷത്തെ  കലോത്സവമെന്നത് ഏറ്റവും ആനന്ദം നൽകുന്നു. ലോകത്തിന്റെ മുഴുവൻ ക്ഷേമത്തിനായി പ്രാർഥിക്കുന്ന വിശ്വഭാഷയാണ് സംസ്‌കൃതം. ഇവിടെ നടക്കുന്ന സംസ്‌കൃതോത്സവവും ഈയൊരു സന്ദേശം ജനഹൃദയങ്ങളിലെത്തിക്കാൻ സഹായകമാകട്ടെ എന്ന്‌ പ്രാർഥിക്കുന്നു.)

രാഹുൽ എ.എൻ. (ഗവ.എച്ച്.എസ്.എസ്. കടവല്ലൂർ, തൃശ്ശൂർ)

തിരുവന്തോരം സൂപ്പർ സ്ഥലാട്ടോ.. അടിപൊളിയാട്ടോ.. ഘോഷയാത്ര പൊരിച്ചൂട്ടോ... ജ്ജാതി  ഗഡികളാട്ടോ വേദീലുണ്ടാരന്നത്. ടായിപ്പ് കേസുണ്ടോന്ന് നോക്ക്യോളൂട്ടോ...

ശഹാന എ. ( ബി.എം.ജി.എച്ച്.എസ്., കുളത്തൂപ്പുഴ, കൊല്ലം)

മദീനത്ത് ജമിലുൻ തിരുവനന്തപുരം. റഅയ്ത്തു തുല്ലാബു കെസിറൻ ഫിൽ ഫുനൂനു ഇഷ്തറക്ക. യഹ് ലമു തുല്ലാസ് ഫലാഹ് (അതിമനോഹരമാണ് തിരുവനന്തപുരം. കലോത്സവത്തിൽ പങ്കെടുക്കാൻ വന്ന ഒരുപാട് കുട്ടികളെ കണ്ടു. എല്ലാ കുട്ടികളും വിജയം സ്വപ്നം കാണുന്നു.)