“അപ്പോഴും രാവണന് ഉള്ളിൽ
ഒരന്തിമ സ്വപ്നമായ് നിന്നു
മനോജ്ഞയാം മൈഥിലി
ഓർമകൾക്കുള്ളിൽ മൺ ചിലമ്പും കെട്ടി
ഓടി നടക്കുന്നു പിന്നെയും മൈഥലി......”

കേരളനടനത്തിൽ ഇതെല്ലാം പാടിക്കളിച്ചിട്ട് ചെന്നുകയറിയത് കുതിരമാളികയിൽ. സീതയെ മകളായി കണ്ട് നീറിത്തീർന്ന രാവണ ജന്മം. അതാടുക. രാവണന്റെ കണ്ണീരിനും ഭൂമിയെ പൊള്ളിക്കാനാകുമെന്ന് തിരിച്ചറിഞ്ഞ നിമിഷം. പക്ഷേ മാളികയിൽ ചെവിയോർത്തു നിന്നപ്പോൾ കേട്ടതും രാമന്റെ നല്ലപാതിയായ സീതാചരിതം. അവിടെ പക്ഷേ രാവണൻ ആസുരവേഷമിട്ട് പദങ്ങളിൽ നിറഞ്ഞു.

നിമിഷവ്യത്യാസത്തിൽ കേട്ടതിൽ ഏതാണ് സത്യം. കൈരളിയുടെ നാലുകെട്ടിനുള്ളിലിരുന്ന് പാടിത്തീർന്ന സ്വാതി ജന്മം. കുറച്ചകലെ മറ്റൊരു രാമവർമ പാടിയതും രാമായണം. രണ്ട് രാമവർമമാരുടെ മനോധർമത്തിൽ പിറന്ന രാമായണങ്ങൾക്കും പ്രണാമമർപ്പിക്കാൻ കല്യാണി മറന്നില്ല. കേരളനടനത്തിന്റെ ഉടുത്തുകെട്ടിൽ തന്നെ കലയുടെ രാജപാദങ്ങളിൽ വെറ്റില വെച്ചു. 

തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിന്റെ നർത്തകി ഇതാദ്യം സ്വാതിമാളികയിൽ. ചിലങ്കകൾ പദങ്ങളേറ്റുവാങ്ങിയ പഴയ കാലങ്ങളിൽ നിന്ന് മുഖപ്പുകൾ കൺതുറന്നു. കുതിരമാളിക ഇതാ. 122 കുതിരകളുടെ രൂപങ്ങളിൽ എന്താകും അദ്ദേഹം നിനച്ചത്. ശ്രുതിയിടറാത്ത കീർത്തനങ്ങൾ കൊണ്ട് നടത്തിയ അശ്വമേധങ്ങളുടെ പ്രതീകമാകണം ഇവ. 24 ആനക്കൊമ്പുകൾ ചേർത്തുവെച്ച പീഠം. അതിലിരുന്ന് ശ്രീപദ്മനാഭനെ കണ്ട് തൊഴുത് എഴുതിയതെല്ലാം പൊന്നാണ്.

മാളികയ്ക്ക് മുന്നിൽ ചിലങ്ക കെട്ടി നർത്തകി നിന്നു. മലയാളത്തിന്റെ കേളീശൈലിയിൽ ഒരുക്കിക്കെട്ടിയ മുദ്രകൾ. കസവിന്റെ തിളക്കം ഇഴ ചേർത്ത നിൽപ്പ്. അതേക്കാൾ മധുരമായി മുദ്രകളിൽ പദ്‌മനാഭം ചൊല്ലുന്ന പദങ്ങൾ ഏറ്റുപാടിയിരുന്ന വീണകൾ ഉള്ളിൽ കണ്ണിമച്ചിരുന്നു.

kuthira
ആടിയതും ഇവിടെ കേട്ടതും വേറെയല്ലേ. അവിടെ പുത്തരിക്കണ്ടത്ത് വയലാറിന്റെ രാവണപുത്രിയിൽ കേൾപ്പിച്ചതല്ല ഇവിടെ സ്വാതി പറയുന്നത്. ആ കീർത്തനം ഓർമിപ്പിച്ചു.

“ഭാവയാമി രഘുരാമം
ഭവ്യ സുഗുണാരാമം..”

സാവേരിയിൽ ആറ് ശ്ലോകങ്ങളിൽ കുറുക്കിയെടുത്ത രാമകഥ. അതിലെ രാമകാവ്യം സന്ധ്യയ്ക്ക് കൊളുത്തിവെച്ച വിളക്കുപോലെ തിളങ്ങുന്നു. രാവണന് പ്രതിനായകന്റെ മുഖമുണ്ട്. ആശ്രമത്തിലെ സീതയുടെ മിഴിനീരുണ്ട്. പ്രാർഥനകളുണ്ട്. ആമരമീമരം ചൊല്ലി മനം തെളിഞ്ഞ ജീവിതമുണ്ട്.

വയലാറിലെ രാമവർമ രാവണനെ മാറ്റിയെഴുതുന്നത് നർത്തകി തിരിച്ചറിയുന്നു. രാവണൻ കാത്തിരുന്ന സീത കാലിൽ ചിലങ്ക കെട്ടി ഓടിയിരുന്ന മകളാണെന്ന വിളിച്ചു പറച്ചിൽ. കുതിരമാളികയിലെ കവി പറയുന്നതും അശ്വമേധത്തിന്റെ കവി പറയുന്നതും പാഠഭേദങ്ങളാകുന്നു.

അറിവിന്റെ തെളിച്ചം വീണ ഇടവഴികളിൽ ഓർമകൾ വീണമീട്ടി നിന്നു. ഇരയിമ്മൻ, കിളിമാനൂർ തമ്പുരാൻ, ഗോവിന്ദമാരാർ..... ആരുടെ മെതിയടികളാണ് വെള്ളാരങ്കല്ലുകൾക്ക് മീതെയുള്ളത്. എല്ലാമറിയുന്ന ശ്രീപദ്മനാഭന്റെ സന്നിധിയിൽ പ്രണാമം.