പണ്ടാരക്കരിയില്‍ നിന്ന് കരമനയാറ്റിലേക്ക് ആ തോട് ഇപ്പോഴും ഒഴുകുന്നു. മനുഷ്യന്‍ സമര്‍പ്പിച്ച അഴുക്കും ഇളകിയ ചെമ്മണ്ണിന്റെ നിറക്കൂട്ടും അതിനുണ്ട്. പണ്ടൊരിക്കല്‍ ഒരു പാവം മനുഷ്യന്റെ കഥ ലോഹി മലയാളിയോട് പറഞ്ഞത് ഇതിന് അരികിലിരുന്നാണ്. സേതുമാധവന്‍ എന്ന മലയാളിയുടെ കഥ. ഒറ്റമുണ്ടും മുറികൈ കുപ്പായവും ധരിച്ച് നമ്മെ പോലെ ഒരു നാടന്‍ ചെറുപ്പക്കാരന്റെ ജീവിതം. അവന് ചട്ടമ്പിയുടെ കിരീടം ധരിപ്പിച്ചത് കണ്ട് മലയാളികള്‍ കരഞ്ഞു. ആ കണ്ണീരേറ്റുവാങ്ങിയെന്ന പോലെ പള്ളിക്കല്‍ തോടിന്റെ കണ്ണ് കലങ്ങി. പിന്നീടിതു വരെ അത് തോര്‍ന്നിട്ടില്ല.

കേരളത്തിലെ കുട്ടികളുടെ കലാമേള നടക്കുമ്പോള്‍ ആ തണ്ണീര്‍ പ്രവാഹത്തിലേക്ക് വീണ്ടുമെത്തി. ഒപ്പം കിരീടം അണിഞ്ഞ ഒരു കുട്ടിയും അച്ഛനുമുണ്ടായിരുന്നു. അവളുടെ അനുജന്‍ നിര്‍ത്താതെ കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. പാലക്കാട് വാണിയംകുളം ടി.ആര്‍.കെ. സ്‌കൂളിലെ ആര്യ പി. മേനോന്‍ എന്ന കുഞ്ചന്റെ പിന്‍മുറക്കാരി ചമയങ്ങള്‍ അഴിക്കാതെ ഒപ്പം കൂടുകയായിരുന്നു. തുള്ളലിന് ഒന്നാം സമ്മാനത്തിന്റെ വിജയകിരീടം ചൂടിയ ശേഷമുള്ള യാത്ര, മറ്റൊരു കിരീടം തേടിയായി.
തുള്ളല്‍ വേദിയില്‍ നിന്നിറങ്ങുമ്പോഴാണ് കിരീടത്തിന്റെ മണ്ണിലേക്ക് പോവുകയാണെന്ന് അവര്‍ അറിഞ്ഞത്. ഉടുത്തുകെട്ടും മനയോലയും മായ്ക്കാതെ കിരീടം അഴിക്കാതെ ഒരു സഞ്ചാരം. 
ആര്യ കിരീടം കണ്ടിട്ടുണ്ട്. സേതുവിനേക്കാള്‍ അവള്‍ ഓര്‍മിക്കുന്നത് ആ വാചകമാണ്. 'കത്തി താഴെയിടെടാ...... നിന്റച്ഛനാ പറയുന്നത് കത്തി താഴെയിടടാാ..'.

അച്യുതന്‍ നായരുടെ ശബ്ദം എല്ലാ മലയാളിയുടെതുമായിരുന്നു. അത് എക്കാലത്തേയും ആണ്‍മക്കള്‍ക്കും വേണ്ടിയുള്ളതുമായിരുന്നു. ഹെഡ്‌കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരുടെ വാക്ക് കേള്‍ക്കാത്ത സേതു അച്ഛനെന്ന വാക്കില്‍ സ്വബോധത്തിന്റെ മണ്ണിലേക്ക് ഇറങ്ങി വന്നു. അപ്പോഴേക്കും അയാള്‍ കൈവിട്ടു പോയിരുന്നു.
പണ്ട് കാണിപ്പാടം എന്ന് പേരിട്ട് വിളിച്ച ആ പഴഞ്ചന്‍ പാലം കീരിക്കാടന്റെ ഉടല്‍പോലെ വിറച്ച് നിന്നു. കൈകാലുകള്‍ ചതഞ്ഞുവീണുപോയവനെപ്പോലെ. പണ്ട് കണ്ട് മറന്നൊരാളെ തൊഴാന്‍ ഭാവിച്ച പോലെ അതിനടിയില്‍ തവളകള്‍ തിരനോട്ടം നടത്തി. ആര്യയും അനുജന്‍ വിഷ്ണുവും പാലത്തിലേറി. ശ്രീനാഥും മോഹന്‍ലാലുമെന്ന പോലെ.  വീണു പോയ ചില വാക്കുകള്‍ പെറുക്കിക്കൂട്ടിയ ലാലിന്റെ സേതു. അതില്‍ നിന്ന് പാടത്തെ വഴിഞരമ്പിലേക്ക് ഇറങ്ങവെ ഗാനമെത്തിയിരുന്നു. കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടിയ വാക്കുകള്‍.

കലാമേളയുടെ കഥകളാണ് ഇവിടെ കലാകാരിയും അനുജനും പങ്കിട്ടത്. പക്ഷേ 1989ലെ കണ്ണീര്‍വേനലില്‍ കൊട്ടകയിലിരുന്ന് മിഴി തുടച്ചനിമിഷത്തിലേക്ക് കാലം തിരനോട്ടം നടത്തുകയായിരുന്നു മുതിര്‍ന്നവരില്‍.
പാടത്തിനക്കരെ നിന്ന ശിവാനന്ദന്‍ എന്ന മനുഷ്യന്‍ വിളിച്ചു. പാടത്തെ ചെളിപുരണ്ട മെയ്യില്‍ നിന്ന് ഇറ്റുവീഴുന്ന വെള്ളം. കിരീടം പാലമാണിപ്പോള്‍ ഇത്. എഴ് ദിവസം മുടങ്ങാതെ ലാലിനെ കാണാനെത്തിയ മനുഷ്യന്‍. നാല്പത് വര്‍ഷം മുമ്പ് ഷീലാമ്മയുടെ കള്ളിച്ചെല്ലമ്മയുടെ ചിത്രീകരണവും ഇവിടെയായിരുന്നുവെന്ന് അദ്ദേഹം ഓര്‍മിച്ചു. ദേശം കടന്ന് എത്തിയ മനുഷ്യര്‍ ഷീലയെ അഭ്രപാളിയിലല്ലാതെ കാണാന്‍ കൊതിച്ചു. 

കൈവീണുപോയ പാലത്തിലുടെ ഇപ്പോഴും മനുഷ്യര്‍ കടന്നുപോകുന്നു. കാണിപ്പാലത്തിനും സമൂഹം പുതിയ കിരീടം അണിയിച്ചു. അതിനെ കിരീടം പാലം എന്ന് വിളിച്ചു. 27 വര്‍ഷത്തിനിടെ ഒഴുകിപ്പോയ കാലം. അതിന്റെ ചെപ്പില്‍ നിന്ന് അടരുകള്‍ ഉടച്ചെടുത്ത് ഇപ്പോഴും ഒട്ടേറെപ്പേര്‍ വരുന്നു. അവരില്‍ പലരുടെയും ജീവിതമായിരുന്നു ആ സിനിമയിലെ കഥ. നഷ്ടം വ്യത്യസ്തമാകാം. കിരീടവും ചെങ്കോലും ഉടഞ്ഞുപോയ രാജകുമാരന്മാര്‍.   ശരശയ്യയിലായ ജീവിതം. പക്ഷേ മെയ്യ് താങ്ങാന്‍ കരുത്തില്ലാതെ ശരക്കോലുകള്‍ വിറച്ചു. പാലത്തില്‍ നിന്ന് ഉതിരാന്‍ കൊതിക്കുന്ന കൈവരികള്‍ ആ കഥയാണ് പറഞ്ഞതും. ഉത്തരായനത്തിലേക്ക് അരനാഴിക മാത്രം.
കിരീടം പാലത്തില്‍ ആര്യാമേനോനും സഹോദരനും