തിരുവനന്തപുരം: കലാവിരുന്നിന്റെ രാപകലുകള്‍ സമ്മാനിക്കുന്ന 56-ാമത് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി. പ്രധാന വേദിയായ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കലോത്സവത്തിന് തിരി തെളിച്ചു. സംവിധായകന്‍ ജയരാജ് മുഖ്യാതിഥിയായിരുന്നു. 

മന്ത്രിമാരായ പി.കെ അബ്ദു റബ്ബ്, എം.കെ മുനീര്‍, വിെസ് ശിവകുമാര്‍, അനുപ് ജേക്കബ്, സ്പീക്കര്‍ എന്‍.ശക്തന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

tk

ഉച്ചയ്ക്ക് 3.30 ന് വി.ജെ.ടി ഹാളിന് മുന്നില്‍ നിന്നുള്ള ഘോഷയാത്രയോടെയാണ് കലോത്സവത്തിന് തുടക്കമായത്. 50 സ്‌കൂളുകളില്‍ നിന്നായി ആറായിരത്തോളം കുട്ടികള്‍ ഘോഷയാത്രയില്‍ അണിനിരന്നു. സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ഘോഷയാത്ര ഫ് ളാഗ് ഓഫ് ചെയ്തു. 56 സംഗീതാധ്യാപകര്‍ അവതരിപ്പിച്ച സ്വാഗത ഗാനാലാപനത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമായത്.

19 വേദികളിലായി 232 ഇനങ്ങളില്‍ പന്ത്രണ്ടായിരത്തോളം പ്രതിഭകളാണ് കലോത്സവത്തിനെത്തുന്നത്. ഉദ്ഘാടനത്തിനുശേഷം ഒന്നാം വേദിയില്‍ ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ മോഹിനിയാട്ട മത്സരം നടക്കും. ആദ്യദിനം 13 വേദികളില്‍ മത്സരം നടക്കും. മൂന്നുവര്‍ഷം വിധികര്‍ത്താക്കളായവരെ ഒഴിവാക്കിയാണ് ഇത്തവണ വിധിനിര്‍ണയത്തിനുള്ളവരുടെ പാനല്‍ തയ്യാറാക്കിയത്. ആക്ഷേപങ്ങളെത്തുടര്‍ന്ന് വിധികര്‍ത്താക്കളെ വിജിലന്‍സിന്റെ നേതൃത്വത്തില്‍ നിരീക്ഷിക്കും. 

kalolsavam
ഫോട്ടോ: ശിഹാബുദ്ദീന്‍ തങ്ങള്‍.

പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമായ കലോത്സവമാണ് നടത്തുന്നത്. അപ്പീലുകളുടെ എണ്ണം പരമാവധി കുറയ്ക്കാനുള്ള നടപടി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ സ്വീകരിച്ചിട്ടുണ്ട്.  തൈക്കാട് ഗവ. മോഡല്‍ സ്‌കൂളില്‍ ചൊവ്വാഴ്ച രാവിലെ 10ന് മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നടന്നു.സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന അറബിക് കലോത്സവം ബുധനാഴ്ച രാവിലെ 10.30ന് എസ്.എം.വി. സ്‌കൂളില്‍ മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും.