സ്വരാക്ഷരങ്ങളും വ്യഞ്ജനങ്ങളും ചില്ലുകളും ചേർന്ന മലയാളത്തിന്റെ 56 അക്ഷരങ്ങൾ. 56-ാമത് സംസ്ഥാന സ്കൂൾ കലോത്സവ വിളംബരമങ്ങനെ മധുരമലയാളത്തിനൊപ്പം തോൾചേർന്ന് മുത്തുക്കുടപിടിച്ച് ഘോഷയാത്രയൊരുക്കി. കലോത്സവത്തിന് തുടക്കംകുറിച്ച് നടന്ന ഘോഷയാത്ര അനന്തപുരിയെ കലാവീഥിയാക്കി. സംസ്കൃതകോേളജിന് മുന്നിൽനിന്ന് ഡി.ജി.പി. ടി.പി.സെൻകുമാർ ഫ്ളാഗ്ഓഫ് ചെയ്ത ഘോഷയാത്രയിൽ ആറായിരത്തോളം വിദ്യാർഥികളാണ് അണിനിരന്നത്. 

മുൻനിരയിലെ ബാനറിനൊപ്പം മന്ത്രി പി.കെ.അബ്ദുറബ്ബ്, എം.എൽ.എ.മാരായ വി.സത്യൻ, കെ.എസ്‌.ശബരീനാഥ് തുടങ്ങിയവർ ചേർന്നു. പിന്നാലെ തലസ്ഥാനത്തെ വിവിധ സ്കൂളുകളിലെ കുട്ടികൾ വർണങ്ങൾ വിരിയിച്ച് നീങ്ങി. കലാ-സാംസ്കാരിക പൈതൃകവും സമകാലിക സംഭവങ്ങളുമെല്ലാം അവർ ഘോഷയാത്രയിൽ അണിനിരത്തി. മൂന്ന്‌ മണിക്കൂറോളമെടുത്താണ് ഘോഷയാത്ര പ്രധാന വേദിയായ പുത്തരിക്കണ്ടത്ത് സമാപിച്ചത്. 

തിരോന്ത്വരം: യെന്തരപ്പീ.. കാസ്രോട്:ശ്രദ്ധിച്ചിനി...
അങ്ങ്‌ വടക്ക്  മഞ്ചേശ്വരം കുഞ്ചത്തൂരിൽ  തുടങ്ങുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ഭൂപടം. ഇതിലെ കുട്ടിയും സാറും അച്ഛനും അമ്മയും ഒക്കെ എഴുതുന്നത് ഒരു മലയാളവും പറയുന്നത് മറ്റൊരു മലയാളവും. തെക്കേ അറ്റത്തെ തിരുവനന്തപുരത്തെ അഞ്ചര കിലോമീറ്റർ ചുറ്റളവിൽ ഇപ്പോൾ ഈ പല മലയാളം  പരന്നൊഴുകുന്നു. മാതൃഭാഷയ്ക്ക്‌ പുറമെ സംസ്‌കൃതവും അറബിയും ഇംഗ്ളീഷും ഒക്കെ കേൾക്കാമെങ്കിലും അതൊക്കെ വേദികളിൽ മാത്രം. അനന്തപുരിയിൽ  വന്ന ചില കുട്ടികൾ അവരവരുടെ ഭാഷയിൽ തിരുവനന്തപുരം കണ്ടപ്പോൾ പറയുന്നതിങ്ങനെ.. More

56-ാം കലോത്സവത്തെ സൂചിപ്പിച്ച് 56 ബൈക്കുകളുടെ റോഡ്‌ഷോയായിരുന്നു ആദ്യം. പിന്നാലെ 56 മുത്തുക്കുടകളുമായി കേരളീയവേഷം ധരിച്ച പെൺകുട്ടികൾ. പ്രധാന വേദിയിൽ 56 തിരികളിട്ട വിളക്കുകത്തിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചതിന് പിന്നാലെ 56 അധ്യാപികമാർ അവതരണഗാനവുമായെത്തി. അത്രയുംതന്നെ കുട്ടികൾ രംഗാവിഷ്‌കാരവുമായി ഒപ്പംചേർന്നു. 
അശ്വാരൂഡസേന, കേരള പോലീസ് ബാൻഡ് സംഘം തുടങ്ങിയവയൊക്കെ കുട്ടികൾക്കൊപ്പം ഘോഷയാത്രയിൽ നിരന്നു. കലാരൂപങ്ങൾ, ആയോധനകലകൾ തുടങ്ങി ചരിത്രപുരുഷന്മാരുടെ പ്രച്ഛന്നവേഷങ്ങൾ വരെ എം.ജി. റോഡിന്‌ ഇരുവശവും നിറഞ്ഞ കാഴ്ചക്കാർക്കുമുന്നിലൂടെ നീങ്ങി. 

ചെണ്ടമേളമൊരുക്കി പെൺകുട്ടികൾ വീഥിനിറഞ്ഞപ്പോൾ കാണികൾ വിസ്മയത്താളം പിടിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനക്കാരുടെയും വേഷം ധരിച്ച് കുട്ടികൾ നാനാത്വത്തിൽ ഏകത്വം ഓർമിപ്പിച്ചു. കശ്മീരിറോസ്‌ നൃത്തവും പഞ്ചാബി ബംഗറയുമെല്ലാം ഒപ്പംചേർന്നു. നവമാധ്യമങ്ങളുടെ കെണിയിൽ വീഴുന്ന കൗമാരമായിരുന്നു ചിലർ നിശ്ചലദൃശ്യമായി അവതരിപ്പിച്ചത്. ശുചിത്വവും ലഹരിക്കെതിരായ സന്ദേശങ്ങളുമൊക്കെ പിന്നാലെയെത്തി. കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസ്. വിദ്യാർഥിനികൾ 56 അക്ഷരങ്ങളുടെ പ്ലക്കാർഡേന്തിയാണ് നീങ്ങിയത്. കുമാരനാശാന്റെ സ്ത്രീകഥാപാത്രങ്ങളായ നളിനിയും ലീലയും വാസവദത്തയുമൊക്കെയായാണ് പൂന്തുറ സെന്റ് ഫിലോമിനാസ് സ്കൂൾ ഘോഷയാത്രയിൽ അണിചേർന്നത്. ഘോഷയാത്ര ആരംഭിക്കാൻ ഒരു മണിക്കൂറോളം വൈകിയത് കുട്ടികളെയും അധ്യാപകരെയും വലച്ചു.