കേരളം അതിജീവനത്തിന്റെ കൈകോർക്കുന്ന കലോത്സവവേദിയിൽ മീനാക്ഷി തുള്ളിത്തിമർത്തു. തിരുവമ്പാടി ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം തുള്ളൽവേദിയിൽ മീനാക്ഷി ചുവടുവച്ചപ്പോൾ കാഴ്ചക്കാരിയായി അമ്മ ശ്രീജയുമുണ്ടായിരുന്നു-കേരളത്തിന്റെ ആദ്യ ദത്തുപുത്രി.

പ്രകൃതി തുള്ളി മറിഞ്ഞ 1994-ലെ പെരുമഴക്കാലമാണ് കാസർകോട് അണിഞ്ഞ തുളിച്ചേരി വീട്ടിൽ ശ്രീജയുടെ ജീവിതം മാറ്റിയത്. കാറ്റിലും മഴയിലും വീടിനു മുകളിലേക്ക് വീണ മാവ് നാലാളുടെ ജീവനെടുത്തു. ശ്രീജയുടെ അമ്മ മീനാക്ഷി, അച്ഛൻ കമ്മാരൻ നായർ, സഹോദരങ്ങളായ പവിത്രൻ, തുളസി.... എല്ലാവരും പോയി. മണ്ണിനടിയിൽ നിന്ന് ശ്രീജയെ എടുക്കുമ്പോൾ ജീവന്റെ ഒരു തുടിപ്പു മാത്രമായിരുന്നു ബാക്കി.

20 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം മടങ്ങി വന്ന പരവനടുക്കം ഹൈസ്‌കൂളിലെ ആ പത്താം ക്ലാസ്സുകാരിയെ സംസ്ഥാന സർക്കാർ ദത്തെടുത്തു. അവൾക്ക് സ്ഥലവും വീടും നൽകി. 1999-ൽ ദത്തുപുത്രിക്ക് സർക്കാർ ജോലിയും കൊടുത്തു.
സർക്കാർ പണിതു നൽകിയ ആ വീട്ടിലാണ് ശ്രീജയുടെ മക്കളായ മീനാക്ഷിയുടേയും ശ്രീലക്ഷ്മിയുടേയും ചിലങ്കകൾ  ചിലച്ചു തുടങ്ങിയത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിന് മൂന്നുതവണ എ ഗ്രേഡ് കിട്ടിയിട്ടുണ്ട് കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിലെ മീനാക്ഷിക്ക്.

Content Highlights: State School Kalolsavam Youth Festival