സ്‌കൂൾ കലോത്സവത്തിന് പുസ്തകങ്ങളിലൂടെ ഒരുക്കിയ സ്മാരകം. 1974-ലെ സംസ്ഥാന കലോത്സവത്തിന്റെ ബാക്കിപത്രമായി മാവേലിക്കര പടിഞ്ഞാറെനടയിലുള്ള അംബികാമ്മ റഫറൻസ് ലൈബ്രറിയാണിത്. അന്ന് മൂന്നുനാൾ നീണ്ട കലയുടെ ഉത്സവംകഴിഞ്ഞ് കണക്കെടുത്തപ്പോൾ മിച്ചം 80,000 രൂപയിലധികം.
 
പതിനാലാമത് സംസ്ഥാന കലോത്സവമായിരുന്നു. അതുവരെയുള്ളതെല്ലാം നഷ്ടത്തിലാണ്  കലാശിച്ചിരുന്നത്. പലപ്പോഴും വിദ്യാഭ്യാസവകുപ്പിന് ബാധ്യതയുമുണ്ടായി. അതിനാൽ മാവേലിക്കര കലോത്സവത്തിന് സർക്കാർതലത്തിലും വലിയ മതിപ്പായിരുന്നു. കലോത്സവത്തിന്റെ മിച്ചം ലൈബ്രറിക്കായി വിനിയോഗിക്കണമെന്ന ശുപാർശ സംഘാടകസമിതി മുന്നോട്ടുവച്ചു. ജനറൽ കൺവീനറായിരുന്ന അന്നത്തെ ഡി.ഇ.ഒ. അംബികാമ്മയുടെ പേരിൽ ലൈബ്രറി വേണമെന്നായിരുന്നു ആവശ്യം. വിദ്യാഭ്യാസവകുപ്പിന് എതിർപ്പുണ്ടായില്ല.
  
സർക്കാർ സർവീസിൽ ഇരിക്കുന്ന ആളിന്റെ പേരിൽ റഫറൻസ് ലൈബ്രറി ഉയർന്നത് അങ്ങനെയാണ്. മാവേലിക്കര കലോത്സവത്തിന്റെയും നടത്തിപ്പുകാരിയുടെയും സ്മാരകമായ റഫറൻസ് ലൈബ്രറി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിൽ ഗവ. ഗേൾസ് സ്‌കൂൾ വളപ്പിലാണ്. സംസ്ഥാന സ്‌കൂൾ കലോത്സവം വിദ്യാഭ്യാസ ജില്ലകളുടെ അടിസ്ഥാനത്തിലാണ് മുൻപ് നടത്തിയിരുന്നത്. 1971-ൽ ആലപ്പുഴയിലായിരുന്നു വേദിയായത്. അടുത്ത രണ്ടുവർഷം കലോത്സവമുണ്ടായില്ല. 74-ൽ മാവേലിക്കര വിദ്യാഭ്യാസജില്ലയെയാണ് സംസ്ഥാന കലോ
ത്സവത്തിന്റെ നടത്തിപ്പ് ഏൽപ്പിച്ചത്.
 
 ambikaചെട്ടികുളങ്ങര ഹൈസ്‌കൂൾ ഹെഡ്മാസ്റ്ററായിരുന്ന സി.ചന്ദ്രശേഖരൻ പിള്ളയായിരുന്നു പ്രോഗ്രാം കമ്മിറ്റി കൺവീനർ. 'അന്ന് ആർഭാടങ്ങളൊന്നും കുറച്ചിട്ടല്ല മിച്ചംപിടിച്ചത്. വലിയ പന്തലിട്ട് വിപുലമായ സദ്യ. നാല് വേദികൾ. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പ്രാതിനിധ്യം. യാത്രയ്ക്കും താമസത്തിനും സൗകര്യം തീരെയില്ലാത്ത കാലമായിരുന്നു. ഏറെ ബുദ്ധിമുട്ടിയായിരുന്നു സംഘാടനം. നാട് ഒന്നിച്ചുനിന്നാണ് അന്നത്തെ  മഹാമേള നടത്തിയത്.
 
പൊതുജനങ്ങൾ കൈയയച്ച് സഹായിച്ചു. ഏഴോ എട്ടോ കമ്മിറ്റികൾ മാത്രമാണുണ്ടായിരുന്നത്. എല്ലാ കമ്മിറ്റികൾക്കും സർക്കാരിന്റെ ഗ്രാന്റുണ്ടായിരുന്നു. അത് ചെലവാക്കാതെ മറ്റ് വഴികളിൽ പണം കണ്ടെത്താനായിരുന്നു ശ്രമം. പ്രോഗ്രാം കമ്മിറ്റി 13,000 രൂപയാണ് തിരികെ കൊടുത്തത്. ഇങ്ങനെയായിരുന്നു മറ്റ് കമ്മിറ്റികളും. ഒടുവിൽ എല്ലാംകൂടി കൂട്ടിയപ്പോൾ മിച്ചം 80,000 കടന്നു.' ചെട്ടികുളങ്ങര പടിഞ്ഞാറെനടയിലെ വീട്ടിലിരുന്നാണ് അന്നത്തെ കലോത്സവത്തിന്റെ ഓർമകൾ ചന്ദ്രശേഖരൻപിള്ള പങ്കുവച്ചത്. 
 അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രയോജനകരമായ ഈടുറ്റ ഗ്രന്ഥശേഖരമാണ് ലൈബ്രറിയുടെ മുഖ്യ ആകർഷണം. അഞ്ച് മുറികളുടെ വലുപ്പമുള്ള ഹാൾ. ഓഫീസ് മുറിയും. ഗേൾസ് സ്‌കൂളിലെ ലൈബ്രേറിയനായിരുന്നു ആദ്യകാലത്ത് ലൈബ്രറിയുടെ ചുമതല. സ്ഥിരംജീവനക്കാരെ നിയോഗിച്ചിട്ടില്ല. സമീപത്തെ സ്‌കൂളിലെ മലയാളം അധ്യാപകരാണ് ഇപ്പോൾ ലൈബ്രറി തുറക്കുന്നത്.

Content Highlights: StateSchoolKalolsavam SchoolYothFestival