കാശം, ഭൂമി, വായു, ജലം, അഗ്‌നി... പഞ്ചഭൂതങ്ങള്‍ പ്രതികളായി കോടതിക്കു മുന്നില്‍ നില്‍ക്കുകയാണ്. അന്യായ ഹര്‍ജി നല്‍കിയിരിക്കുന്നതോ കേരള ജനകീയ കൂട്ടായ്മയും.. പ്രകൃതി മലിനീകരണവും അനന്തരഫലമായുണ്ടാകുന്ന ദുരന്തങ്ങളും ഇതിനേക്കാള്‍ മനോഹരമായെങ്ങനെ അവതരിപ്പിക്കും. കനപ്പെട്ട ഈ വിഷയം ഞൊടിയിടയില്‍ മാറിവരുന്ന ഭാവപ്രകടനങ്ങള്‍ കൊണ്ട് അവതരിപ്പിച്ച് വിസ്മയിപ്പിക്കുകയാണ് രശ്മി രഘുനാഥന്‍ എന്ന പെണ്‍കുട്ടി. 

പ്രളയത്തെ ആസ്പദമാക്കി പഞ്ചഭൂതങ്ങളും പ്രളയവും എന്ന പേരില്‍ കൊല്ലം സ്വദേശിനി രശ്മി അവതരിപ്പിച്ച മോണോ ആക്റ്റിന് എ ഗ്രേഡാണ് ലഭിച്ചത്. പ്രകൃതിയെ മലിനമാക്കുന്നതും തത്ഫലമായി പ്രകൃതി തിരിച്ചടിക്കുന്നതുമാണ് കോടതി രംഗങ്ങളിലൂടെ അവതരിപ്പിച്ച് രശ്മി കയ്യടി നേടിയത്. സാമ്പത്തിക പരാധീനതകള്‍ക്കിടയിലും മകള്‍ക്കു തുണയായി ചുമട്ടുതൊഴിലാളിയായ അച്ഛന്‍ രഘുനാഥനും സദാ കൂടെയുണ്ട്. 

കൊല്ലത്ത് വള്ളിക്കീഴ് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് രശ്മി. മൂന്നാം ക്ലാസ് തൊട്ട് മത്സരിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് സംസ്ഥാന തലത്തിലേക്കെത്തുന്നത്. ഒരുപാടു നാളത്തെ ആഗ്രഹമാണ് ഇപ്പോള്‍ സഫലമായതെന്ന് രശ്മി പറയുന്നു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരാണ് തങ്ങളുടെ കുടുംബമെന്ന് രശ്മിയുടെ അച്ഛന്‍ പറയുന്നു. കോമഡി കലാകാരനായ സജി ഓച്ചിറയാണ് രശ്മിയെ മോണോ ആക്ട് പഠിപ്പിക്കുന്നത്. കഴിഞ്ഞ ഏഴു വര്‍ഷക്കാലമായി സൗജന്യമായാണ് സജി രശ്മിയെ പരിശീലിപ്പിക്കുന്നത്. 

ഒപ്പം വള്ളിക്കീഴ് ഗവ. ഹൈസ്‌കൂളിന്റെ പിന്തുണയും മറക്കാന്‍ കഴിയില്ലെന്നു പറയുന്നു ഇരുവരും. കലോത്സവത്തില്‍ പങ്കെടുക്കാനുള്ള സാമ്പത്തിക സഹായം ഉള്‍പ്പെടെ സ്‌കൂളില്‍ നിന്നാണ് ലഭിച്ചത്. 

മോണോ ആക്ട് വേദിയില്‍ ഒതുങ്ങി നില്‍ക്കുന്നതുമല്ല രശ്മിയുടെ അഭിനയപാടവം. സിനിമയിലും മുഖം കാണിച്ചിട്ടുണ്ട് ഈ കലാകാരി. ഒറ്റമുറി വെളിച്ചം എന്ന സിനിമയിലും ഒന്നുരണ്ടു ഹ്രസ്വചിത്രങ്ങളിലുമാണ് രശ്മി അഭിനയിച്ചിട്ടുള്ളത്.

സിനിമയില്‍ നല്ല അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പറയുമ്പോള്‍ പ്രതീക്ഷയുടെ കിരണങ്ങളാണ് രശ്മിയുടെ കണ്ണുകളില്‍ മിന്നിത്തെളിയുന്നത്.

Content Highlights: State School Youth Festival School Kalolsavam MonoAct ReshmiReghunath