കൊക്കടാമ സെൽഫി എടുത്തിട്ടുണ്ടോ? എവിടെനിന്നും സെൽഫി പകർത്തുന്ന കലാകാരന്മാർക്ക് ജപ്പാൻ വേരുള്ള കൊക്കടാമ സെൽഫിക്കുള്ള സ്ഥലം ഒരുക്കിയിരിക്കുന്നത് മാതൃഭൂമി സീഡാണ്. രണ്ടാംവേദിയായ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വളപ്പിലാണ് ഇങ്ങനയൊരു സ്ഥലം ഒരുക്കിയിരിക്കുന്നത്. സെൽഫി എടുത്തശേഷം മാതൃഭൂമിയുമായി പങ്കുവയ്ക്കാം. നല്ല ചിത്രങ്ങൾക്ക് സമ്മാനം ലഭിക്കും. വാട്സ്ആപ്പ് നമ്പർ: 8113022333.

എന്താണ് കൊക്കടാമ? പാവങ്ങളുടെ ബോൺസായ് എന്നാണ് കൊക്കടാമയുടെ വിളിപ്പേര്. അലങ്കാര ചെടികളെ ചെറുതാക്കി വീടിനുള്ളിൽ വളർത്താനുള്ള സൂത്രവിദ്യയാണിത്. ജപ്പാൻകാരാണ് ഇതിൽ ആശാന്മാർ. ഏത് മരത്തേയും കൊക്കടാമ പന്താക്കി മാറ്റാൻ അവർക്ക് അസാമാന്യ വിരുതാണുള്ളത്.

കാർത്തികപ്പള്ളി സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകൻ പ്രിൻസ് എബ്രഹാം കേരളത്തിൽ ഈ രംഗത്ത് നേട്ടങ്ങൾ കൊയ്ത ആളാണ്. സ്‌കൂളിലെ സീഡ് കോ-ഓർഡിനേറ്റർ കൂടിയായ പ്രിൻസ് എബ്രഹാമിന്റെ കൊക്കടാമ ശേഖരമാണ് സെൽഫി സ്‌പോട്ടിൽ അലങ്കരിച്ചിരിക്കുന്നത്.

ആന്തൂറിയം, മുള, ചൂളമരം, ആൽ തുടങ്ങിയ നൂറോളം കൊക്കടാമകളാണ് ഇവിടെയുള്ളത്.  ചാണകപ്പൊടിയും ചകിരിച്ചോറും ഉരുട്ടിയെടുത്തശേഷം ചെടികളുടെ തൈ അതിൽ ഇറക്കിവയ്ക്കും. തുടർന്ന് പായലും ചകിരിയും പൊതിയും. ഇതോടെ കൊക്ക
ടാമ തയ്യാർ. തൈയുടെ വളർച്ച നിയന്ത്രിക്കാൻ കഴിയുമെങ്കിലും  ആരോഗ്യത്തോടെ വളരും.

മൂന്നുദിവസം കൂടുന്തോറും വെള്ളത്തിൽ മുക്കിവെയ്ക്കുകയോ വെള്ളം തളിക്കുകയോ വേണം. ഇങ്ങനെയുള്ള കൊക്കടാമ തോട്ടത്തിൽ സെൽഫി എടുക്കേണ്ടേ? എങ്കിൽ വന്നോളൂ. മറക്കേണ്ട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ടാംവേദിയിൽ.

Content Highlights: State School Kalolsavam Youth Festival selfie