മിമിക്രിക്കാരനായിരുന്നു ഗഫൂർ. കൊച്ചിലേ കൊച്ചിൻ കലാഭവനിൽ പഠിക്കണമെന്നതായിരുന്നു ആഗ്രഹം. കൂടെയുള്ള ചങ്ങാതിമാരെല്ലാം മിമിക്രി പഠിക്കാൻ ചേർന്നെങ്കിലും ഗഫൂറിനെ വീട്ടുകാർ വിട്ടില്ല. എന്നാലും ഗഫൂർ  മിമിക്രിയെ കൂടെ കൂട്ടി. മിമിക്രിയിൽ ജില്ലാ, ഉപജില്ലാ മത്സരങ്ങളിൽ എത്തിയെങ്കിലും സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.

വർഷങ്ങൾക്കിപ്പുറം ഗഫൂർ വൈ ഇല്യാസ് സംസ്ഥാന കലോത്സവ വേദിയിലെത്തി. യുവ സംവിധായകന്റെ വേഷമാണ് ആ പഴയ മിമിക്രിക്കാരനിപ്പോൾ. ഗഫൂർ പഠിച്ച, മുഹമ്മദൻസ് ബോയ്‌സ് സ്‌കൂളിലെ പെൺകുട്ടികളുടെ മോണോ ആക്ട് മത്സരം കാണാനാണ് അദ്ദേഹമെത്തിയത്. തന്റെ അടുത്ത സിനിമയായ 'മാർളിയിലും മക്കളിലും' പ്രധാനവേഷം ചെയ്യുന്നതിന് ഒരു നടിയെ കണ്ടെത്തുകയാണ് ലക്ഷ്യം. പഠിച്ച സ്‌കൂളിൽ തന്നെ വർഷങ്ങൾക്കുശേഷം ഈയൊരു ലക്ഷ്യവുമായി എത്തുമ്പോൾ ഒത്തിരി ഓർമകളാണ് അദ്ദേഹത്തിനുള്ളത്.

ഇതിന് മുൻപ് ആലപ്പുഴ സംസ്ഥാന കലോത്സവത്തിന് വേദിയായപ്പോൾ ഗഫൂർ ഹൈസ്‌കൂൾ വിദ്യാർഥിയാണ്. കലോത്സവത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും പെണ്ണുകെട്ടി മക്കളായി കഴിയുമ്പോഴേ ഇനിയൊരു കലോത്സവം ആലപ്പുഴയിൽ നടക്കുകയുള്ളൂവെന്നും പ്രിൻസിപ്പൽ പണിക്കർ സാർ പറഞ്ഞു. അങ്ങനെ സാംസ്‌കാരിക ഘോഷയാത്രയിൽ കുഞ്ഞിക്കൂനന്റെ വേഷം ചെയ്ത് ശ്രദ്ധേയനായി. വർഷങ്ങൾക്കുശേഷം സിനിമയെ ജീവിതത്തോട് ചേർത്ത് ആദ്യ ചിത്രം 'പരീത് പണ്ടാരി' സംവിധാനം ചെയ്തു.

രണ്ടാമത്തെ ചിത്രത്തിന് നടിയെ കണ്ടെത്താനാണ് ഭാര്യ ഷാൽബിയുമായി കലോത്സവ വേദിയിലെത്തിയത്. കലോത്സവങ്ങൾ പരാജിതരുടെ കൂടെയാണെന്ന് ഗഫൂർ പറയുന്നു.

പണ്ട് മിമിക്രി പഠിക്കാൻ പോയ കൂട്ടുകാരൊക്കെ വേറെ രംഗങ്ങളിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. എന്നാൽ, കലയെ ജീവിതത്തോടൊപ്പം കൂട്ടിയ ഗഫൂർ യാഥാസ്ഥിതിക മനോഭാവങ്ങളെ കലകൊണ്ട് അതിജീവിച്ച വ്യക്തി കൂടിയാകുന്നു.

Content Highlights: State School Kalolsavam Youth Festival