28 വർഷം മുൻപ് ആലപ്പുഴയിൽ നടന്ന സ്‌കൂൾ കലോത്സവത്തിൽ തിളങ്ങിയ അച്ഛന്റെ കൈപിടിച്ച് മകളും മത്സരിക്കാനെത്തി. 1990ലെ കലോത്സവ അരങ്ങിൽ തിളങ്ങിയ താരമാണ് പ്രവീൺ ബാബു. മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനം. ഓട്ടൻതുള്ളലിൽ മൂന്നും. ഭരതനാട്യത്തിൽ എ ഗ്രേഡും നേടി, കലാപ്രതിഭാ പട്ടത്തിനടുത്തെത്തിയതാണ്. വർഷങ്ങൾക്കിപ്പുറം ആലപ്പുഴയിൽ അരങ്ങൊരുങ്ങിയപ്പോൾ മകൾ മീനാക്ഷി മോഹിനിയായി ആടി. കാണാൻ, സദസ്സിന്റെ മുന്നിൽ അച്ഛനും.

1990ലെ ആലപ്പുഴ കലോത്സവത്തിന് പിന്നാലെ കാസർഗോഡ്, മലപ്പുറം ജില്ലകളിലായി അടുത്ത വർഷങ്ങളിൽ നടന്ന സംസ്ഥാന മത്സരങ്ങളിലും പ്രവീൺ പ്രാവീണ്യം തെളിയിച്ചിരുന്നു.

മീനാക്ഷി മലപ്പുറം കോട്ടയ്ക്കൽ എ.കെ.എം. ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്നു. കഴിഞ്ഞവർഷം അഷ്ടപദിയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി. മൂന്നാം വയസ്സിൽ അച്ഛന്റെ ശിക്ഷണത്തിൽ നൃത്തം പഠിച്ച് തുടങ്ങിയതാണ്. നൃത്ത ഇനങ്ങൾക്കൊപ്പം ശാസ്ത്രീയസംഗീതത്തിലും സംസ്‌കൃതോത്സവത്തിലും സമ്മാനം നേടിയിട്ടുണ്ട്. കലോത്സവങ്ങളിലെ താരങ്ങൾ പഠനം കഴിയുമ്പോൾ അരങ്ങൊഴിയുന്ന പതിവ് പ്രവീണിന്റെ ജീവിത്തിലുണ്ടായില്ല. സ്‌കൂൾ പഠനത്തിനുശേഷം ട്രിച്ചി കലൈ കാവേരിയിൽ നിന്ന് ഭരതനാട്യത്തിൽ ബിരുദം നേടി.

കലാമണ്ഡലം കല്പിത സർവകലാശാല വഴി മോഹിനിയാട്ടത്തിൽ ഡിപ്ലോമയും. കുച്ചിപ്പുഡിയിലും ഉപരിപഠനം നടത്തി. 20 വർഷമായി നൃത്ത അധ്യാപകനാണ്. മലപ്പുറത്ത് വിവിധ ഭാഗങ്ങളിലായി 250-ൽ അധികം കുട്ടികളെ പഠിപ്പിക്കുന്നു.

എട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കേയാണ് പ്രവീൺ ആലപ്പുഴയിലെ സംസ്ഥാന കലോത്സവത്തിൽ മത്സരിച്ചത്. മത്സരാർഥിയുടെ അച്ഛന്റെയും ഗുരുവിന്റെയും സ്ഥാനത്താണ് പ്രവീണിന്റെ രണ്ടാം വരവ്. 28 വർഷത്തിനിടെ കലോത്സവം വല്ലാതെ മാറിയെന്നാണ് പ്രവീണിന്റെ വിലയിരുത്തൽ. അന്ന് കലാതിലകം, പ്രതിഭാ പട്ടങ്ങൾക്കായി മത്സരമുണ്ടായിരുന്നു.

നൃത്ത ഇനങ്ങളിൽ അതിന്റെ വീറും വാശിയും കാണാമായിരുന്നു. പക്ഷേ, ആ മത്സരം ഏതാനും പേർ തമ്മിലായിരുന്നു. മറ്റുള്ളവരെല്ലാം മഹാമേളയുടെ ഭാഗമാകാൻ കഴിയുന്നതിന്റെ സന്തോഷത്തോടെയായിരുന്നു മടങ്ങിയിരുന്നത്. വിധിനിർണയത്തെപ്പറ്റി വലിയ പരാതികളും കേട്ടിരുന്നില്ല. അപ്പീലുകൾ കുറവായിരുന്നെന്നും പ്രവീൺ പറഞ്ഞു. പ്രവീണിന്റെ ഭാര്യ കോട്ടയ്ക്കൽ എ.എം. എൽ.പി.എസ്. അധ്യാപിക നിഷയും ഇളയ മക്കളായ അളകനന്ദയും അമീഷ ഗൗരിയും ആലപ്പുഴയിലുണ്ടായിരുന്നു.

Content Highlights: State School Kalolsavam Youth Festival