പുലര്‍ച്ചെ കടലില്‍ പോയാല്‍ തിരികെ എത്തുന്നത് ഉച്ചയ്ക്ക് ശേഷമായിരിക്കും. ചില ദിവസങ്ങളില്‍ ഒന്നുമുണ്ടാവില്ല. നൂറു രൂപ മാത്രം കിട്ടുന്ന ദിവസങ്ങളും ഉണ്ട്. എന്നിട്ടും റഹീം മകന്റെ കാര്യത്തില്‍ പിശുക്കൊന്നും കാട്ടിയില്ല. കടലില്‍ പോയി കിട്ടുന്ന ചെറിയ തുകയില്‍ നിന്ന് നല്ലൊരു പങ്ക് റഹീം മകന്‍ അജ്മലിന്റെ തബലപഠനത്തിനുവേണ്ടി മാറ്റിവച്ചു. തന്റെ നടക്കാതെ പോയ സ്വപ്‌നം മകനിലൂടെ പൂവണിഞ്ഞുകാണാന്‍ എല്ലാം മറന്ന് പ്രയത്‌നിച്ചു, പ്രളയകാലത്ത് തോണിയുമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുള്ള കോഴിക്കോട് കോതി സ്വദേശിയായ റഹീം.

കോഴിക്കോട് പരപ്പില്‍ എം.എം.വി.എച്ച്.എസില്‍ നിന്ന് മുഹമ്മദ് അജ്മല്‍ രണ്ടാം തവണയാണ് തബലയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് എത്തുന്നത്. ഇത്തവണത്തെ വരവിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പ്രിയപ്പെട്ട ടീച്ചര്‍മാര്‍ ചേര്‍ന്ന് സമ്മാനമായി നല്‍കിയ പുത്തന്‍ തബലയുമായിട്ടായിരുന്നു ഇക്കുറി അജ്മല്‍ വേദിയില്‍ എത്തിയത്. ജില്ലാതലത്തില്‍ എ ഗ്രേഡ് നേടിയപ്പോള്‍ അധ്യാപകര്‍ സമ്മാനിച്ചതാണ് ഈ തബല.

മത്സ്യത്തൊഴിലാളിയായ റഹീമിന് കുട്ടിക്കാലം മുതല്‍ തബലവാദനത്തില്‍ കമ്പമുണ്ടായിരുന്നു. എങ്കിലും വീട്ടിലെ പ്രാരാബ്ധങ്ങള്‍ കാരണം ഇരുപത്തിമൂന്നാം വയസ്സ് മുതല്‍ മാത്രമാണ് പഠിച്ചു തുടങ്ങാനായത്. പഠിച്ചശേഷം തബലവാദനത്തില്‍ വലിയ സ്വപ്നങ്ങള്‍ കണ്ടിരുന്നു റഹീം. ചില ദിവസങ്ങളില്‍ പുലര്‍ച്ചെ അഞ്ച് മണിക്ക് കടലില്‍ പോയി തിരികെ എത്തിയ ശേഷം ചില സ്‌റ്റേജ് പരിപാടികളില്‍ തബല വായിക്കാന്‍ പോകും. എങ്കിലും പഠിക്കാന്‍ വൈകിയതിന്റെ നഷ്ടബോധം ആ മനസ്സില്‍ എപ്പോഴും ഉണ്ടായിരുന്നു. ഈ അവസ്ഥ മകന് ഉണ്ടാകരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു റഹീമിന്. അതുകൊണ്ടുതന്നെ ആറാം വയസ് മുതല്‍ തന്നെ മകന്റെ തബല പഠനം തുടങ്ങി. രണ്ടു വര്‍ഷം മുമ്പുവരെ റഹീം തന്നെയായിരുന്നു ഗുരു.

ക്ലാസ്മുറിയിലെ മേശപ്പുറത്ത് താളമിടുന്ന അജ്മലിന്റെ താളബോധം ആദ്യം ശ്രദ്ധിച്ചത് അധ്യാപികയായ ഷെബിറയായിരുന്നു. അന്ന് സ്‌കൂളില്‍ തബല മത്സരയിനമായിരുന്നില്ല. എങ്കിലും ടീച്ചറുടെ നേതൃത്വത്തില്‍ ആറാം ക്ലാസുമുതല്‍ മുഹമ്മദ് അജ്മലിനെ മത്സരങ്ങളില്‍ പങ്കെടുപ്പിച്ചു തുടങ്ങി. ഇന്നത്തെ ഈ നില വരെ മകന്‍ എത്തിയതില്‍ അധ്യാപികമാര്‍ ഒരുപാട് ത്യാഗം സഹിച്ചുവെന്ന് റഹീം പറയും. കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടി. ഇക്കുറി ജില്ലതലത്തിലും എ ഗ്രേഡ് നേടി. ഇതിനുള്ള സമ്മാനമായാണ് അധ്യാപകര്‍ സ്വന്തം കൈയില്‍ നിന്ന് കാശെടുത്ത് പ്രിയപ്പെട്ട ശിഷ്യന് ഒന്നാന്തരമൊരു തബല വാങ്ങിക്കൊടുത്തത്. ഈ തബലയുമായാണ് അവന്‍ ആലപ്പുഴയില്‍ എത്തിയിരിക്കുന്നത്.

റഹീമിന്റെ ഗുരു ആനന്ദ്കൃഷ്ണനാണ് ഇപ്പോള്‍ അജ്മലിനെ പരിശീലിപ്പിക്കുന്നത്. തന്റെ നടക്കാതെ പോയ ആഗ്രഹം മകനിലൂടെ സാധിച്ചു കാണുന്നതിന്റെ  സന്തോഷമുണ്ട് റഹിമിന്. സുഹറാബിയാണ് മാതാവ്. രണ്ടു സഹോദരിമാരുണ്ട്.

Content Highlights: State School Kalolsavam School Youth Festival Tabala Ajmal