വീട്ടിലെ പ്രാരാബ്ധങ്ങള്‍ മകന്റെ നൃത്തത്തോടുള്ള പ്രണയത്തിന് ഒരിക്കലും തടസ്സമാകരുതെന്ന ആ അമ്മയുടെയും അച്ഛന്റെയും നിശ്ചയദാര്‍ഢ്യമാണ് അഭിഷേക് എന്ന കോഴിക്കോട്ടുകാരനെ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയുട നിറസാന്നിധ്യമാക്കുന്നത്. മടിയോടെ നൃത്തത്തെ സമീപിച്ച് പതിയെ അതിനൊപ്പം അലിഞ്ഞ് ഇപ്പോള്‍ പൂര്‍ണമായും നൃത്തത്തിനുവേണ്ടി ഉഴിഞ്ഞുവച്ചിരിക്കുകയാണ് അഭിഷേക് തന്റെ ജീവിതം. മത്സരച്ചിലവിനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടയില്‍ ഒരുവേള പിന്‍വാങ്ങണമെന്നു പോലും ആ അമ്മയും അച്ഛനും കരുതിയിരുന്നു. പ്രതീക്ഷകളെല്ലാം കൈവിട്ടെന്നു തോന്നിയിരിക്കുമ്പോഴാണ് ബാങ്കില്‍ നിന്നു ലോണെടുത്ത് മത്സരച്ചെലവു നടത്താമെന്നു തീരുമാനിക്കുന്നത്. പലിശയെ തോല്‍പ്പിക്കുന്ന ഇരട്ടി വിജയം സ്വന്തമാക്കി വേദി വിടണമെന്നാണ് അഭിഷേകിന്റെ ആഗ്രഹം. സാമ്പത്തിക പരാധീനതകള്‍ക്കിടയിലും നൃത്തത്തെ നെഞ്ചോടു ചേര്‍ത്തു കൊണ്ടുപോകുന്നതിനെക്കുറിച്ച് അഭിഷേകും അമ്മ സുശീലയും മാതൃഭൂമി ഡോട്ട് കോമിനോട് മനസ്സു തുറക്കുകയാണ്.
 
അവനു വേണ്ടി എല്ലാം

ഡോ: സ്മിത എസ് രാജിന്റെ ശിഷണത്തിലാണ് അഭിഷേക് ഡാന്‍സ് പഠിക്കുന്നത്. സാമ്പത്തിക പരാധീനതകളുണ്ടെങ്കിലും അഭിഷേകിന്റെ ആഗ്രഹത്തിനു മുമ്പില്‍ അതൊന്നും ഒരു തടസ്സമാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. കൂലിപ്പണി ചെയ്താണ് അഭിഷേകിനെയും സഹോദരിമാരെയും വളര്‍ത്തിയത്. കുട്ടിക്കാലത്തു തന്നെ അഭിഷേകിനെ നൃത്തം അഭ്യസിക്കാന്‍ ചേര്‍ത്തിയിരുന്നു. ആദ്യമൊക്കെ അവന് അല്‍പം മടിയായിരുന്നെങ്കിലും പതിയെ ഡാന്‍സ്  ഇഷ്ടപ്പെട്ടു തുടങ്ങി. മത്സരത്തില്‍ പങ്കെടുക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇടയ്ക്കുവച്ച് പിന്‍മാറാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ലോണെടുത്ത് മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു. 

ഈങ്ങാപുഴയിലുള്ള കാനറാ ബാങ്കില്‍ നിന്ന് അമ്പതിനായിരം രൂപ വായ്പയെടുത്താണ് മത്സരച്ചിലവു നടത്താന്‍ പണം കണ്ടെത്തിയത്. കടമാകുന്നതിനെക്കുറിച്ചോ തിരിച്ചടവുകളെക്കുറിച്ചോ ഒന്നും ഓര്‍ത്തില്ല, മനസ്സില്‍ അഭിഷേകിന്റെ നൃത്തത്തോടുള്ള അഭിനിവേശം മാത്രമായിരുന്നു. കുച്ചിപ്പുടിയിലും നാടോടി നൃത്തത്തിലും എ ഗ്രേഡ് കിട്ടിയെങ്കിലും ഭരതനാട്യത്തില്‍ സെക്കന്‍ഡ് എ ഗ്രേഡ് ആയിരുന്നു. അതിന് അപ്പീല്‍ കൊടുത്തിട്ടുണ്ട്. അഭിഷേക് നല്ല പ്രകടം കാഴ്ച്ചവയ്ക്കുമെന്നു തന്നെയാണ് പ്രതീക്ഷ. നൃത്താധ്യാപികയും നാട്ടുകാരുമൊക്കെ അഭിഷേകിന്റെ ഇഷ്ടത്തിനൊപ്പം നില്‍ക്കാന്‍ സമ്പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്-സുശീല പറയുന്നു.

നൃത്തം ജീവിതത്തണലാക്കണം

ചെറുപ്പം മുതലേ നൃത്തത്തോട് വലിയ താല്‍പര്യമായിരുന്നു. കുട്ടിക്കാലത്തൊക്കെ മടിയായിരുന്നെങ്കിലും ആറാം ക്ലാസൊക്കെ എത്തിയപ്പോഴേക്കും നൃത്തത്തെ ഇഷ്ടപ്പെട്ടു തുടങ്ങി. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും കളിക്കുന്നതില്‍ നിന്നു പിന്‍വാങ്ങരുതെന്ന് അമ്മയും അച്ഛനും ഒരുപോലെ ശഠിച്ചു. ഭാവിയില്‍ ഭരതനാട്യത്തില്‍ ഡോക്ടറേറ്റ് എടുക്കണമെന്നും നൃത്താധ്യാപകനാകണമെന്നുമാണ് ആഗ്രഹം. പലപ്പോഴും കൂലിപ്പണി പോലും ഉപേക്ഷിച്ചാണ് അമ്മ കൂട്ടുവരാറുള്ളത്. ഒപ്പം നൃത്തത്തിലൂടെ തന്നെ അമ്മയ്ക്കും അച്ഛനും താങ്ങും തണലുമാകണമെന്നും വീടുവയ്ക്കണമെന്നുമൊക്കെ ആഗ്രഹിക്കുന്നു.  നൃത്തം സമര്‍പ്പണമാക്കി ജീവിതമാര്‍ഗം കണ്ടെത്തണം. പലപ്പോഴും ഫീസ് പോലും വാങ്ങാതെയാണ് പഠിപ്പിച്ച അധ്യാപികയുടെ നാട്ടുകാരുടെയുമൊക്കെ പിന്തുണ പറയാന്‍ വാക്കുകളില്ല.

Content Highlights: State School Kalolsavam School Youth Festival Abhishek Dancer