കലോത്സവവേദി രണ്ടിലെത്തിയവർ ഒരുപന്തിനെ ചുറ്റിത്തിരിയുന്നുണ്ട്. ഇതുവരെ കാണാത്ത വിത്ത് പന്തുകളാണ് ആ കൗതുകം. മാതൃഭൂമി സീഡ് പവിലിയനിലാണ് സീഡ് ബോളുകൾ ആളുകളെ ആകർഷിക്കുന്നത്. ചെന്നിത്തല ജവാഹർ നവോദയയിലെ വിദ്യാർഥികളാണ് സീഡ് ബോൾ തയാറാക്കിയത്. കർണാടക ഷിമോഗയിലെ നവോദയയിലെ ഒരു വിദ്യാർഥിയുടേതായിരുന്നു സീഡ് ബോൾ എന്ന ആശയം .

മണ്ണ്, ചാണകം, ഗോമൂത്രം എന്നിവ കുഴച്ച് അതിനകത്ത് മരങ്ങളുടെ വിത്ത് നിറച്ചാണ് സീഡ് ബോൾ തയാറാക്കുന്നത്. മൊട്ടക്കുന്നുകളിലും വരണ്ട പ്രദേശങ്ങളിലും നടുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന ഇവ അനുയോജ്യ കാലാവസ്ഥയിൽ മുളച്ചുപൊങ്ങും.

മാവ്, പ്ലാവ്, ബദാം തുടങ്ങിയ മരങ്ങളുടെ വിത്ത് ബോളുകളാണ് ചെന്നിത്തല നവോദയയിൽ തയാറാക്കിയത്. വിത്ത് ബോളിന്റ കൗതുകമന്വേഷിച്ച് നിരവധി പേർ എത്തിയെന്ന് വിദ്യാർഥികളായ ശിവാനന്ദ്, അബിൻഷാ എന്നിവർ പറഞ്ഞു.

ഞായറാഴ്ച വൈകീട്ടോടെ സീഡ് ബോളുകൾ ആവശ്യക്കാർക്ക് നൽകും. വിദ്യാർഥികൾ ഒരുക്കിയ കരകൗശല വസ്തുക്കളും പ്രദർശിപ്പിച്ചിട്ടുണ്ട്. പച്ചക്കറി വിത്തുകളും നൽകുന്നുണ്ട്.

Content Highlights: Mathrubhumi Seed Ball, 59th Kerala School Kalolsavam 2018, Alapuzha