നി ആരും പെണ്ണിനെ വിലകുറച്ച് കാണരുത്. അവകാശങ്ങൾ നേടാൻ ഉറച്ചു കഴിഞ്ഞാൽ അത് നേടിയിരിക്കും. അതും നല്ല ചങ്കൂറ്റത്തോടെ തന്നെ. ജീവിക്കാൻ മൂന്നാറിലെ തേയിലത്തോട്ടത്തിലും ഒന്നിരിക്കാൻ കോഴിക്കോട് മിഠായിത്തെരുവിലും മാത്രമല്ല, ആലപ്പുഴയിലെ സംസ്ഥാന കലോത്സവത്തിലും കണ്ടു പെണ്ണിന്റെ കരുത്ത്. കൺമുന്നിൽ കണ്ട അനീതിക്കെതിരേ ഒരു കൂട്ടം സ്കൂൾ കുട്ടികൾ ഒറ്റക്കെട്ടായി തെരുവിലിറങ്ങിയപ്പോൾ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സംഘാടകരുടെ അധികാരഗർവും ഒന്ന് മണ്ണ് തൊട്ടു. കലോത്സവമെന്ന് വലിയ ഉത്സവത്തിൽ ചില പുഴുക്കുത്തുകളിലേയ്ക്കുള്ള വെളിച്ചം വീശലുമായി.

Koodiyattam
ഫോട്ടോ: അഖില്‍ ഇ.എസ്‌

തിരുമല ദേവസ്വം ഹയർ സെൻഡറി സ്കൂളിൽ വൈകീട്ട് മൂന്ന് മണിക്കായിരുന്നു ഹയർ സെക്കൻഡറി പെൺകുട്ടികളുടെ കൂടിയാട്ടം തുടങ്ങേണ്ടിയിരുന്നത്. എന്നാൽ, മത്സരത്തിനായി മുഖത്ത് ചായമിട്ട് എത്തിയപ്പോഴാണ് കുട്ടികൾ ആ കാഴ്ച കണ്ടത്. ആലപ്പുഴ ടീമിന്റെ പരിശീലകൻ വിധികർത്താവായി മുന്നിലിരിക്കുന്നു. കലാമണ്ഡലം കനകകുമാർ. പിന്നെ കുട്ടികൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പരാതിയുമായി അവർ സംഘാടകരെ സമീപിച്ചു. എന്നാൽ, പരാതി കാര്യമായെടുക്കാൻ ഒരുക്കമായില്ല  അവർ. എന്നാൽ, കുട്ടികൾ വിട്ടുകൊടുത്തില്ല. അവരും സ്വരം മാറ്റി. വേദിയിൽ ബഹളമായി. എന്നിട്ടും അധികൃതർ വഴങ്ങുന്നില്ലെന്ന് കണ്ടതോടെ പ്രതിഷേധത്തിന്റെ രൂപം മാറി. മുഖത്തെ ചായത്തോടുകൂടി തന്നെ അവർ വേദിയിലെത്തി.

കൂടിയാട്ടം ശരിക്കും കൂടിച്ചേരലായി. അനീതിക്കെതിരായ കൂടിയാട്ടം. വേദി ഒരു സമരമുഖമായി. പിന്നെ അവർ തെരുവിലിറങ്ങി. പ്രധാന വേദിയിലേയ്ക്ക് ഇട്ട വേഷത്തോടെ തന്നെ മാർച്ച് നടത്തി. ചമയങ്ങള്‍ അഴിക്കാതെ കൂടിയാട്ടം മുദ്രകള്‍ അവതരിപ്പിക്കേണ്ട കൈകള്‍ അവര്‍ ആവേശത്തോടെ മുകളിലേക്കുയര്‍ത്തി, ഉറക്കെ വിളിച്ചു പറഞ്ഞു- ഞങ്ങള്‍ക്ക് നീതിവേണം... ഒടുവിൽ പോലീസിന് അവരെ വഴിയിൽ തടയേണ്ടിവന്നു. പോലീസുകാരും സംഘാടകരും പല ഉപായവും പ്രയോഗിച്ചുനോക്കിയെങ്കിലും കാര്യമുണ്ടായില്ല. കുട്ടികൾ വിട്ടുകൊടുത്തില്ല. കാക്കിയെ ഭയന്ന് ഒരു ചുവട് പിന്നാക്കം വച്ചില്ല. വിറച്ച് ഒരു വാക്കും പറയാതെ പോയില്ല. തർക്കത്തിന് തർക്കം തന്നെ മറുപടി. ഇതോടെ റോഡിലെ ഗതാഗതം ഏറെ നേരം സ്തംഭിച്ചു. മറ്റ് വിദ്യാർഥികളും രക്ഷിതാക്കളും അവർക്ക് പിന്തുണയുമായി രംഗത്തെത്തി. ഒടുവിൽ ഡി.പി.ഐ കെ.വി.മോഹൻ കുമാർ നേരിട്ടെത്തി വിധികർത്താവിനെ മാറ്റാമെന്നും മത്സരം അടുത്ത ദിവസം വീണ്ടും നടത്താമെന്നും വാക്ക് കൊടുത്തതോടെയാണ് കുട്ടികൾ സമരം അവസാനിപ്പിച്ച് പിൻവാങ്ങാൻ തയ്യാറായത്.

Koodiyattam protest
ഫോട്ടോ: അഖില്‍ ഇ. എസ്‌


ഇതിനിടെ പല സമ്മർദതന്ത്രങ്ങളും പ്രയോഗിച്ചുനോക്കി സംഘാടകർ. നിങ്ങള്‍ പെണ്‍കുട്ടികളല്ലെ, ഇങ്ങനെ പ്രതിഷേധിക്കാമോ എന്നായിരുന്നു സംഘാടകരിൽ ഒരാളുടെ ചോദ്യം. ഞങ്ങള്‍ക്കെന്താ പ്രതിഷേധിച്ചുകൂടെ, ഞങ്ങള്‍ പെണ്‍കുട്ടികളായതുകൊണ്ടല്ലെ ഇങ്ങനെ പെരുമാറുന്നതെന്ന മറുചോദ്യമാണ് മത്സരാര്‍ഥികള്‍ ഉന്നയിച്ചത്.

കുട്ടികളുടേത് കണ്ടു മടുത്ത ഒരു പതിവ് രാഷ്ട്രീയ സമരമായിരുന്നില്ല. അതൊരു ഉറച്ച നിലപാട് പ്രഖ്യാപനം കൂടിയായിരുന്നു. വരുംകാലത്തെ പെണ്ണിന്റെ ചങ്കൂറ്റത്തിന്റെ പെരുമ്പറ മുഴക്കം കൂടിയായിരുന്നു.

Content Highlights: Koodiyattam State School Kalolsavam Youth Festival