ലോത്സവ വേദിയിലെ ജനപ്രിയ ഇനങ്ങളിലൊന്നാണ് ഒപ്പന. കൈമെയ് മറന്ന് ഒപ്പനപ്പാട്ടിനൊപ്പം ചുവടുവെക്കുന്നതു കാണാന്‍ തന്നെ ഒരു ചേലാണ്. ഇത്തവണത്തെ കലോത്സവ വേദിയിലെ ഒപ്പനപ്പാട്ടുകളിലൊന്നിനു പിന്നില്‍ വേദന മറച്ചുവച്ച കഥയുമുണ്ട്. കാറപകടത്തില്‍ കാലിനേറ്റ പരിക്ക് അവഗണിച്ച് ഒപ്പന ഗാനം അവതരിപ്പിക്കാനൊരുങ്ങുകയാണ് കൊല്ലം സ്വദേശിയായ സൗഭാഗ്യ.

കാലു നുറുങ്ങുന്ന വേദന അവഗണിച്ചാണ് സൗഭാഗ്യ ഒപ്പന വേദിയിലേക്കെത്തുന്നത്. ഡോക്ടറും അച്ഛനമ്മമാരുമൊക്കെ പോകേണ്ടെന്നു നിരസിച്ചപ്പോഴും ചേച്ചിമാര്‍ക്കും സ്‌കൂളിനു വേണ്ടി സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയില്‍ എത്തിയിരിക്കുകയാണ് സൗഭാഗ്യ. കാറപകടത്തില്‍ കാലിലെ രണ്ട് എല്ലുകള്‍ പൊട്ടിയിട്ടും വേദനകൊണ്ടു പുളഞ്ഞപ്പോഴും കലോത്സവ വേദിയില്‍ നിന്ന് പിന്നിലേക്കില്ലെന്ന് സൗഭാഗ്യ തീരുമാനിച്ചിരുന്നു.

''പ്രധാന പാട്ടുകാരിലൊരാളാണ് ഞാന്‍, വരില്ലെന്നു തീരുമാനിച്ചാല്‍ ചേച്ചിമാര്‍ക്കും സ്‌കൂളിനുമൊക്കെ അവസരം നഷ്ടപ്പെടില്ലേ? ഡോക്ടറും അമ്മയും അച്ഛനുമൊക്കെ പോകണ്ടയെന്നു പറഞ്ഞതാണ്, പക്ഷേ എനിക്കു വരാതിരിക്കാന്‍ കഴിഞ്ഞില്ല''-സൗഭാഗ്യ പറയുന്നു.

ഒരാഴ്ച്ച മുമ്പാണ് സൗഭാഗ്യയും അച്ഛനും സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് പരിക്കേറ്റത്. കാലിലെ രണ്ട് എല്ലുകള്‍ക്കു പൊട്ടലുള്ളതിനാല്‍ തിങ്കളാഴ്ച്ചയാണ് ശസ്ത്രക്രിയയ്ക്കു നിശ്ചയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് സൗഭാഗ്യയോട് കലോത്സവ വേദിയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടത്. സ്വന്തം റിസ്‌ക്കിലാണ് വരാന്‍ തീരുമാനിച്ചത്-സൗഭാഗ്യ പറയുന്നു.

വേദിയില്‍ കസേരയിട്ട് കാലിലെ പരിക്കിനെ അധികം ബാധിക്കാത്ത വിധത്തിലാണ് സൗഭാഗ്യ പാടുക. പാടുന്ന സമയത്ത് പരമാവധി വേദന അറിയാതിരിക്കാന്‍ ശ്രമിക്കുമെന്നാണ് സൗഭാഗ്യ പറയുന്നത്. അപകടം സംഭവിച്ചു എന്നറിഞ്ഞപ്പോള്‍ കൂടെയുള്ളവര്‍ പരിപാടി വേണ്ടെന്നു വെക്കുമോ എന്നോര്‍ത്തു പേടിച്ചിരുന്നു. എന്നും വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുമായിരുന്നു.

ആദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. അത് ഈ പരിക്കിന്റെ പുറത്ത് തള്ളിക്കളയണമെന്ന് തോന്നിയില്ലെന്നാണ് സൗഭാഗ്യ പറയുന്നത്. കൊല്ലം മാധവി വിലാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് സൗഭാഗ്യ.

Content Highlights: Kalolsavam2018 State School Youth Festival